ഒന്നാം സ്വാതന്ത്ര്യസമരത്തിന് തിരികൊളുത്തിയ ഉത്തര്‍പ്രദേശിലെ ചരിത്രഭൂമിയായ മീററ്റില്‍നിന്ന് ഉത്തരാഖണ്ഡിലെ ദേവഭൂമിയായ കേദാര്‍നാഥിലേക്കുള്ള ദൂരം 235 കിലോമീറ്ററാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ദൂരം യാത്രചെയ്യാനെടുത്തത് നീണ്ട അമ്പതുദിവസവും, 1.05 ലക്ഷം കിലോമീറ്ററുകളുമാണ്. ബിജെപിയുടേയും ദേശീയ ജനാധിപത്യസഖ്യത്തിന്റെയും മാത്രമല്ല, മുഴുവന്‍ ഭാരതത്തിന്റെയും ഭാഗധേയം മാറ്റിയെഴുതാനുള്ള നിതാന്ത പരിശ്രമമായിരുന്നു ആ അമ്പതുനാളുകള്‍.
മാര്‍ച്ച് 28 മുതല്‍ മെയ് 18 വരെ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണം സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയതും സുസംഘടിതവുമായ പരിശ്രമം കൂടിയായിരുന്നു. ഏഴുഘട്ടങ്ങളിലായി 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പ്രക്രിയ അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ രാജ്യത്താഞ്ഞടിക്കുന്ന മോദിതരംഗത്തിന്റെ പ്രതിഫലനങ്ങളാണ്.
ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് ചെയ്യാന്‍ സാധിക്കുന്നതിന്റെ പരമാവധിയാണ് ബിജെപി ഇത്തവണ കാഴ്ചവെച്ച പ്രവര്‍ത്തനമെന്ന് നിസ്സംശയം പറയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങളും ജനപ്രിയതയും മുന്നിലേക്ക് വെച്ച് ദേശീയഅധ്യക്ഷന്‍ അമിത്ഷായുടെ കീഴില്‍ ഒരൊറ്റ ടീമായി ബിജെപിയുടെ സംഘടനാ സംവിധാനങ്ങള്‍ ചലിച്ചു. കോടിക്കണക്കിന് വോട്ടര്‍മാരെ നേരിട്ട് സമ്പര്‍ക്കം ചെയ്തും മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചും രാജ്യമാസകലം പതിനായിരക്കണക്കിന് പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ഏതാണ്ട് മൂന്നുമാസം നീണ്ടുനിന്ന ഭഗീരഥ പ്രയത്‌നം തന്നെയാണ് ഇത്തവണ ബിജെപി കാഴ്ചവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ മിന്നും താരം. രാജ്യമെങ്ങും അദ്ദേഹത്തെ കാണാന്‍ ജനമൊഴുകി. 25 സംസ്ഥാനങ്ങളിലായി 142 തെരഞ്ഞെടുപ്പ് റാലികളിലാണ് മോദി പ്രസംഗിച്ചത്. ഏതാണ്ട് ഒന്നരക്കോടി ജനങ്ങള്‍ ഈ റാലികളില്‍ പ്രധാനമന്ത്രിയെ കാണാനായെത്തി. തെരഞ്ഞെടുപ്പ് റാലികളോടനുബന്ധിച്ച് പതിനായിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെയും തെരഞ്ഞെടുത്ത വ്യക്തികളെയും നേരിട്ട് കണ്ടുസംസാരിച്ചു. ലക്ഷങ്ങള്‍ പങ്കെടുത്ത നാല് റോഡ് ഷോകള്‍ നടത്തി തന്റെ ജനപ്രീതി ഉയര്‍ത്തിക്കാട്ടി.
മാര്‍ച്ച് 28ന് മീററ്റിലാണ് പ്രധാനമന്ത്രി തന്റെ ആഴ്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കരയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണങ്ങള്‍ നടത്താനുള്ള ധൈര്യം എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ചവെച്ചെന്ന വാക്കുകളോടെയായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. അമ്പതു ദിവസങ്ങള്‍ നീണ്ട പ്രചാരണത്തിലെങ്ങും ഒരോ ഘട്ടത്തിലെയും അജണ്ടകള്‍ നിശ്ചയിക്കാനും പ്രതിപക്ഷ കക്ഷികളെയും മാധ്യമങ്ങളെയും അടക്കം അതിലേക്ക് കൊണ്ടുവരാനും മോദിക്കും ബിജെപിക്കും അനായാസം സാധിച്ചു.
ഇരുപതിലേറെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയും വിവിധങ്ങളായ വിഷയങ്ങള്‍ ഉന്നയിച്ചും തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ മോദിക്ക് കഴിഞ്ഞതായാണ് വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ നിശബ്ദപ്രചാരണ ദിവസം കേദാര്‍നാഥ് ക്ഷേത്രദര്‍ശനവും രുദ്രഗുഹയിലെ ഏകാന്തധ്യാനവും ഹിന്ദി ഹൃദയഭൂമിയിലുണ്ടാക്കിയ മോദിതരംഗം വളരെ വലുതാണ്. ഇതെല്ലാംതന്നെ വോട്ടര്‍മാരില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.
കോണ്‍ഗ്രസിന്റെയും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും മുന്‍ പ്രധാനമന്ത്രിമാരുടേയും വീഴ്ചകള്‍ തുറന്നുകാട്ടി മികച്ച ഭരണമാതൃക കാഴ്ചവെയ്‌ക്കാന്‍ സാധിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാന്‍ രണ്ടുമാസം നീണ്ടുനിന്ന പ്രചാരണത്തില്‍ നരേന്ദ്രമോദിക്കായി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തിയ ഏറ്റവും വലിയ മുദ്രാവാക്യം ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നതായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് സുപ്രീംകോടതിയില്‍ ഖേദപ്രകടനവും മാപ്പും പറയേണ്ടിവന്നത് പ്രതിപക്ഷത്തിനാകെ നാണക്കേടായി. ബോഫോഴ്‌സ് കേസ് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധിയുടെ കാലത്തെ അഴിമതിക്കഥകള്‍ ഓര്‍മ്മിപ്പിച്ച മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തോടെ ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പ്രചാരണവാക്യം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുകയും ചെയ്തു.
മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് വൈദ്യുതി, ശൗചാലയം, ആരോഗ്യം, ഭവനനിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ നടത്തിയ വിപ്ലവകരമായ നേട്ടങ്ങള്‍ എല്ലാവിഭാഗം ജനങ്ങളിലേക്കും പൂര്‍ണ്ണമായും എത്തിയിട്ടുണ്ടെന്നാണ് ഏഴുഘട്ടങ്ങളും പൂര്‍ത്തിയാവുമ്പോള്‍ ബിജെപി ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രവര്‍ത്തനമികവ് തന്നെയാണ് ബിജെപിയെ എണ്ണയിട്ട യന്ത്രംപോലെ അതിവേഗം മുന്നോട്ട് ചലിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനരീതിയില്‍ കൊണ്ടുവന്ന മികച്ച മാറ്റങ്ങള്‍ ബൂത്ത്തലം മുതല്‍ ദേശീയതലംവരെ ദൃശ്യമായിരുന്നു. മൂവായിരത്തോളം മുഴുവന്‍സമയ പ്രവര്‍ത്തകരെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രണ്ടുവര്‍ഷമായി രാജ്യമെങ്ങും വിന്യസിപ്പിച്ചിരുന്നു.
മൂന്നുമാസം കൊണ്ട് 312 വലിയ റാലികള്‍ നടത്തി, ഒന്നരലക്ഷത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച അമിത്ഷാ പതിനെട്ട് റോഡ് ഷോകളാണ് നടത്തിയത്. ഇത്തവണ ബിജെപി അധികമായി സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ബംഗാളില്‍ പ്രധാനമന്ത്രി 19 റാലികള്‍ നടത്തിയപ്പോള്‍ അമിത്ഷാ ഏതാണ്ട് നാല്‍പ്പതിലേറെ തവണ ബംഗാളിലെത്തി. എല്ലാ സംസ്ഥാനങ്ങളിലും നിരവധി തവണ തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചൂട് നിലനിര്‍ത്താന്‍ ദേശീയ അധ്യക്ഷന് സാധിച്ചു. യോഗി ആദിത്യനാഥ് അടക്കമുള്ള മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും പങ്കെടുത്ത പന്ത്രണ്ടായിരം റാലികളാണ് രണ്ടുമാസം കൊണ്ട് രാജ്യത്ത് നടന്നത്. സംസ്ഥാന-ജില്ലാ നേതാക്കള്‍ സംഘടിപ്പിച്ച റാലികള്‍ക്ക് പുറമേയാണിത്. ഇത്തരത്തില്‍ താഴേത്തട്ടുവരെയെത്തുന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പ്രതികരിച്ചത് ഇപ്രകാരമാണ്. കുടുംബാധിപത്യ പാര്‍ട്ടികള്‍, ജാതിപാര്‍ട്ടികള്‍, ഏല്ലാറ്റിനും തടസ്സക്കാരായ ഇടതുപാര്‍ട്ടികള്‍ എന്നിവയ്‌ക്കെല്ലാം 2014ല്‍ ലഭിച്ച തിരിച്ചടിയേക്കാള്‍ വലുതായിരിക്കും 2019ല്‍ ലഭിക്കാന്‍ പോകുന്നതെന്നാണ് ജയ്റ്റ്‌ലിയുടെ വിലയിരുത്തല്‍. ആജന്മശത്രുക്കളായ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കില്ലെന്നുറപ്പാണ്.
വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നാലെ വോട്ടര്‍മാര്‍ പോയിട്ടില്ലെന്നതിന്റെ സൂചനകളാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്നത്. മോദിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രചാരണ രീതി 2014ല്‍ പരാജയപ്പെട്ടതായിരുന്നു. എന്നാല്‍ ഇത്തവണ അത് ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രഥമകുടുംബം ഒരു ആസ്തിയല്ല കഷ്ടനഷ്ടങ്ങളുണ്ടാക്കുന്ന ഒരു ഘടകം മാത്രമാണെന്ന് രാജ്യം തിരിച്ചറിഞ്ഞതായും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ക്കുന്നു.
കോണ്‍ഗ്രസിന്റെ മാത്രമല്ല, ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഇത്തിള്‍ക്കണ്ണികളായ ഇടതുപക്ഷത്തിന്റെയും അന്ത്യത്തിനാണ് മെയ് 23ന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന വിലയിരുത്തലുകളാണ് രാജ്യതലസ്ഥാനത്തെ രാഷ്‌ട്രീയ നിരീക്ഷകരും നടത്തുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാനും അതു വിജയകരമായി നടപ്പാക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. രാജ്യമെങ്ങും സ്ഥാപിച്ച 161 കോള്‍ സെന്ററുകളിലൂടെ 25 കോടിയോളം ജനങ്ങളോടാണ് ബിജെപി നേരിട്ട് സംവദിച്ചത്. ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടേയും കഠിനാധ്വാനത്തിന് ഫലമുണ്ടാകുമോയെന്നറിയാന്‍ ഏതായാലും രണ്ടുദിവസം കൂടി നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: