ഒരിക്കല്‍ ഒരു നമ്പൂതിരിക്ക് വിവാഹപ്പൊരുത്തം നോക്കാനായി തന്റെ ജാതകവും സ്ത്രീ ജാതകങ്ങളുമായി പാഴൂര്‍ കണിയാരുടെ അടുത്ത് ചെന്നു. പൊരുത്തം നോക്കിയ കണിയാര് ഇപ്പോള്‍ ഗ്രഹപ്പിഴക്കാലമാണെന്ന് പറഞ്ഞു. മരണം സംഭവിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞ് ജാതകങ്ങള്‍ വീണ്ടും നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ഗ്രഹപ്പിഴ നീങ്ങാന്‍ അതിനു തക്ക പുണ്യകര്മങ്ങളെന്തെങ്കിലും ചെയ്യണം.
ഇതെല്ലാം കേട്ടതോടെ നമ്പൂതിരിക്ക് അതിയായ വിഷമമുണ്ടായി. അദ്ദേഹം അവിടെ നിന്നിറങ്ങി. നേരം സന്ധ്യയായിരുന്നു. പുഴയില്‍ ഇറങ്ങിക്കുളിച്ച ശേഷം ഒരു നമ്പൂതിരി ഇല്ലത്തു ചെന്ന് അത്താഴവും കഴിച്ച് അവിടെത്തന്നെ കിടന്നു. മരണഭയത്താല്‍ നമ്പൂതിരിക്ക് രാത്രിയില്‍ ഉറക്കം വന്നില്ല. ഗ്രഹപ്പിഴ നീങ്ങാന്‍ എന്തു ചെയ്യണമെന്നായിരുന്നു ചിന്ത. ഒരു ക്ഷേത്രം പണിയാമെന്ന തീരുമാനത്തിലെത്തി. അവിടെ ശിവനെ പ്രതിഷ്ഠിച്ച് നിത്യദാനം, ആട്ടവിശേഷം മുതലായവയ്ക്ക് കൊടുക്കേണ്ട മുതല്‍ മനസ്സില്‍ കണക്കാക്കി.
പിറ്റേന്ന് അദ്ദേഹം വീണ്ടും കണിയാരുടെ അടുക്കല്‍ ചെന്ന് തന്റെ ആയുസ്സിനെക്കുറിച്ച് പറയണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. കണിയാര് വീണ്ടും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ദീര്ഘായുസ്സുള്ളതായി കണ്ടു. തമ്പുരാനെന്തോ വലിയ പുണ്യകര്‍മം ചെയ്തതായി കാണുന്നുണ്ടെന്ന് കണിയാര് പറഞ്ഞു. ദീര്‍ഘായുസ്സു കാണുന്നതിനാല്‍ വിവാഹം നടത്താമെന്നും അദ്ദേഹം അറിയിച്ചു.
താന്‍ മനസ്സില്‍ കണ്ട പുണ്യകര്‍മം നടത്താതെ വിവാഹം കഴിക്കില്ലെന്ന് നമ്പൂതിരി ഉറച്ച തീരുമാനമെടുത്തു. അക്കാലത്ത് പാഴൂരിലുണ്ടായിരുന്ന ഒരു തച്ചനെ ക്ഷേത്രനിര്‍മാണത്തിന് ഏര്‍പ്പാടാക്കി. വൈക്കത്തു പെരുംതൃക്കോവിലിന്റെ മാതൃകയില്‍ ക്ഷേത്രം പണിയാനായിരുന്നു നമ്പൂതിരിയുടെ നിര്‍ദേശം. തച്ചന് പാഴൂര്‍ പുഴയുടെ വക്കത്ത് സ്ഥാനം കണ്ട് അവിടെയൊരു അമ്പലം പണിതീര്‍ത്തു. അവിടെ ശിവപ്രതിഷ്ഠയും കലശവും നടത്തി. ഒരു മഹാക്ഷേത്രത്തിനു വേണ്ട അഞ്ചുപൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായ നടത്തുന്നതിനും മാസവിശേഷം ആട്ടവിശേഷം എന്നിവയ്ക്കുമുള്ള വസ്തുവകകള്‍ നമ്പൂതിരി നല്കി.
ഇങ്ങനെയാണ് പാഴൂര്‍ പെരുംതൃക്കോവിലുണ്ടായത്. ക്ഷേത്രം പണിത തച്ചന് ഏറെ പ്രസിദ്ധനായിരുന്നു. പലസ്ഥലങ്ങളില്‍ നിന്നും അദ്ദേഹത്തെ ആളുകള്‍ സ്ഥാനം നിര്‍ണയിക്കുന്നതിനും മറ്റും ക്ഷണിച്ചു കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. ക്ഷേത്രനിര്‍മാണം തുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കി കലശം കഴിയുന്നതുവരെ പ്രധാന തച്ചന് പൂണൂല് ധരിക്കണം. ക്ഷൗരം ചെയ്യാന്‍ പാടില്ല. കൂടുതലും ക്ഷേത്രം പണിക്ക് പ്രധാനചുമതല വഹിച്ചിരുന്നതിനാല്‍ മറ്റൊന്നിനും അദ്ദേഹത്തിന് സമയം ലഭിച്ചിരുന്നില്ല. അതുകൊണ്ട് താടിവളര്‍ത്തിയും പൂണൂല് ധരിച്ചുമല്ലാതെ തച്ചനെ കാരണുന്നത് വിരളമാണ്.കാഴ്ചയില്‍ വളരെ തേജസ്വിയും യോഗ്യനുമായിരുന്നു അദ്ദേഹം.
തച്ചനെ ഒരിക്കല്‍ ക്ഷേത്രത്തിന് സ്ഥാനം നിര്‍ണയിക്കാനായി കായംകുളത്ത് രാജാവിന്റെ കല്പനയനുസരിച്ച് ആളുകളെത്തി തോണിയില്‍ കൊണ്ടു പോയി. തോണി വേമ്പനാട്ടു കായലിലെത്തിയപ്പോള്‍ തെക്കു നിന്ന് വടക്കോട്ടൊരു ബോട്ട് വരുന്നതു കണ്ടു. ബോട്ടിലുണ്ടായിരുന്നത് ചെമ്പകശ്ശേരി രാജാവായിരുന്നു.
ബോട്ട് തോണിക്ക് അടുത്തെത്തിയപ്പോള്‍ രാജാവ് തച്ചനെ കണ്ടു. അത് തേജസ്വിയായ ഒരു ബ്രാഹ്മണശ്രേഷ്ഠനാണ് അതെന്നാണ് രാജാവ് കരുതിയത്. രാജാവ് തച്ചനെ നോക്കി ആരാണ് എന്നാണ് ചോദിച്ചത്. ‘ ആ.. ആ.. ആ’ എന്ന് വിക്കി വിക്കിയാണ് അദ്ദേഹം ചോദിച്ചത്. രാജാവിന്റെ ചോദ്യം കേട്ട്, അടിയന് തച്ചനാണെന്ന് വിക്കിയാണ് തച്ചനും ഉത്തരം നല്‍കിയത്. തന്നെ തച്ചന് പരിഹസിച്ചതാണെന്നു കരുതി രാജാവ് തോണിയില്‍ ചാടിക്കയറി തച്ചന്റെ കഴുത്ത് വെട്ടി കായലിലിട്ടു.
അന്ന് പാഴൂര്‍ പെരും തൃക്കോവിലില്‍ ഉച്ചശീവേലി എഴുന്നള്ളിപ്പു തുടങ്ങിയ നേരത്ത് ‘ മതി, അകത്തെഴുന്നള്ളിച്ചു നട പൂട്ടട്ടെ, എന്റെ തച്ചന് മരിച്ചിരിക്കുന്നു. എനിക്കത് സഹിക്കാനാവില്ല ‘ എന്നൊരു അശരീരി വാക്കു കേട്ടു . ഉടനെ അകത്തെഴുന്നള്ളിച്ച് നട പൂട്ടി.
പാഴൂരില്‍ പതിവായി അരി അളന്നു കൊടുക്കുകയും നിവേദ്യം വയ്ക്കുകയും ചെയ്യുന്ന ഒരു മൂത്തതുണ്ടായിരുന്നു. ചതുരംഗക്കളിക്കാരനായിരുന്ന തന്നെ തോല്‍പ്പിക്കാന്‍ ഭൂലോകത്ത് ആരുമില്ലെന്ന ഒരു അഹന്ത അദ്ദേഹത്തിനുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ആ ദേശക്കാരനായ ഒരു നമ്പൂതിരിയും മൂത്തതും കൂടി ചതുരംഗം വച്ചു. നമ്പൂതിരി മൂത്തതിനെ തോല്‍പ്പിച്ചു. ഒരു കളികൂടി കളിക്കാമെങ്കില്‍ ഞാന്‍ അങ്ങയെ തീര്‍ച്ചയായും തോല്‍പ്പിക്കുമെന്ന് മൂത്തത് പറഞ്ഞു.
മറിച്ച് ഞാനാണ് അങ്ങയെ തോല്പ്പിക്കുന്നതെങ്കിലോ എന്ന് നമ്പൂതിരി ചോദിച്ചു. അങ്ങനെയെങ്കില്‍ പാഴൂര്‍ ക്ഷേത്രത്തില്‍ എനിക്കുള്ള അവകാശം മുഴുവന്‍ അങ്ങേക്കു തരാമെന്ന് മൂത്തത് നമ്പൂതിരിയോട് പറഞ്ഞു. കളി തുടര്‍ന്നു. മൂത്തതു തോറ്റു. തനിക്ക് ക്ഷേത്രത്തിലുള്ള അവകാശമെല്ലാം വാക്കനുസരിച്ച് നമ്പൂതിരിക്ക് നല്കി. അദ്ദേഹവും കുടുംബവും അവിടം വിട്ടു പോയി. അന്നുമുതല്‍ മൂത്തതിനുണ്ടായിരുന്ന അനുഭവങ്ങളെല്ലാം ആ നമ്പൂതിരിയുടെ പരമ്പരയില്‍ പെട്ടവര്‍ക്കാണ് നല്കി വരുന്നത്.
പാഴൂര്‍ പെരുംതൃക്കോവിലിനു മുമ്പില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു വരിക്കപ്ലാവുണ്ട്. അതിന്റെ കാലപ്പഴക്കം എത്രയെന്ന് ആര്‍ക്കും ഗണിക്കാനാവില്ല. കീഴ്ലോകത്തു വരിക്ക എന്നാണ് അതിനു പേര്. അതിന്റെ ഐതിഹ്യം ഏറെ രസകരമാണ്.
ഒരിക്കല്‍ ക്ഷേത്രത്തിലെ പ്രവര്‍ത്തിക്കാരിലൊരാള്‍ പാഴൂര്‍ പെരും തൃക്കോവിലിലെ കലശക്കുടങ്ങള്‍ മുക്കാനായി പുഴയില്‍ കൊണ്ടു പോയി. ആ കൂട്ടത്തില്‍ ഒരു സ്വര്ണക്കുടമുണ്ടായിരുന്നു. ആ കുടം മുക്കിയപ്പോള്‍ കൈയില്‍ നിന്ന് തെറ്റിയത് പുഴയില്‍ താണുപോയി. ഉടനെ കഴകക്കാരന് ‘ അയ്യോ പൊന്നും കടം പോയല്ലോ എന്നു പറഞ്ഞ് അയാള്‍ ആറ്റില്‍ ചാടി. എത്ര ശ്രമിച്ചിട്ടും കുടം പിടിക്കാനായില്ല. അത് തെന്നിത്തെന്നി ആഴത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.
കുടത്തിനൊപ്പം അയാളും ഒരുപാട് ദൂരം താഴോട്ടെത്തിയപ്പോള്‍ അവിടം ഒരു കരപ്രദേശമായി കാണപ്പെട്ടു. അവിടെ കുറേപ്പേരിരുന്ന് ചക്കപ്പഴം തിന്നുന്നുണ്ടായിരുന്നു. അവര്‍ കുറച്ച് ചക്കപ്പഴം കഴകക്കാരന് കൊടുത്തു. കുരു തിരികെ തരണമെന്നും പറഞ്ഞു. അതിന്റെ മധുരം അസാധാരണമായിരുന്നു. എന്തായാലും അതിന്റെ ഒരു കുരുവെങ്കിലും തിരികെ കൊണ്ടു പോകണമെന്ന് അയാള്‍ ഉറപ്പിച്ചു. ചക്കപ്പഴം തിന്ന ശേഷം അതില്‍ നിന്ന് ഒരു കുരു കൂടെക്കരുതി പൊന്‍കുടവുമായി അയാള്‍ മടങ്ങി. ചക്കക്കുരു പാഴൂര്തൃക്കോവിലില് നട്ടു വളര്‍ത്തി. അതാണ് വിഖ്യാതമായ ‘കീഴ്ലോകത്തു വരിക്ക’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: