കാട്ടുനീതി എന്ന് സാധാരണ പറയാറുണ്ട്; അതാണ് ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത്. ഇതുപോലൊരു തിരഞ്ഞെടുപ്പ് കാലം ഒരു പക്ഷെ കാശ്മീരില്‍ മാത്രമാവും ഇതിന് മുന്‍പ് കണ്ടിട്ടുണ്ടാവുക. അവിടെ ഇന്ത്യന്‍ സമ്മതിദായകരെയും ഉദ്യോഗസ്ഥരെയും സുരക്ഷാ ഭടന്മാരെയുമൊക്കെ ആക്രമിച്ചിരുന്നത് അതിര്‍ത്തി കടന്നുവന്നിരുന്ന പാക് ഭീകരര്‍ ആയിരുന്നുവെങ്കില്‍ ബംഗാളില്‍ നാം കണ്ടത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്. അവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന് വിളിക്കാമോ എന്നതറിയില്ല; സാമാന്യ മര്യാദ പാലിച്ചുവെന്നു മാത്രം; യഥാര്‍ഥത്തില്‍ അവിടെ കണ്ടത് തനി ഗുണ്ടാ വിളയാട്ടമാണ്. ഒരു സര്‍ക്കാരിന് കീഴില്‍, പൊലീസിന്റെ സമ്മതത്തോടെയും സംരക്ഷണത്തോടെയും നടന്ന നഗ്നമായ അഴിഞ്ഞാട്ടം…. അതിനെയാണ് ഇത്തവണ ബിജെപി എതിരിട്ടുനിന്നത്; യഥാര്‍ഥത്തില്‍ അവസാന നിമിഷം വരെ തിരഞ്ഞെടുപ്പ് കമ്മീഷനും തികഞ്ഞ നിരുത്തരവാദിത്വമാണ് കാണിച്ചിരുന്നത്….. അവരും മമതയുടെ ചൊല്പടിയിലായിരുന്നു എന്ന തോന്നലുണ്ടാക്കി. എന്തായാലും അവസാന നാളുകളില്‍ ചില നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടായി; അത്രയും ആശ്വാസം.
യഥാര്‍ഥത്തില്‍ ബിജെപി മാത്രമല്ല ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരുന്നത്. സിപിഎമ്മുകാര്‍ക്ക് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ തുടങ്ങിയതല്ല; കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോയത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അകമ്പടി സേവിച്ചത് കൊണ്ടുമാത്രമാണ്. എന്നിട്ടും പല സിപിഎം സ്ഥാനാര്‍ഥികള്‍ക്കും പരസ്യമായി ഇറങ്ങി വോട്ടുചോദിക്കാനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത സംഭവങ്ങള്‍ എത്രയോ ഉണ്ടായി. താഴെ തട്ടിലെ സഖാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം തന്നെ ഏതാണ്ടൊക്കെ നിര്‍ത്തി; കാരണം, എന്തൊക്കെ സംഭവിച്ചാലും തിരിഞ്ഞുനോക്കാന്‍ നേതാക്കളില്ലാത്ത അവസ്ഥ സീതാറാം യെച്ചൂരിയുടെ പാര്‍ട്ടിക്ക് വന്നുചേര്‍ന്നിരുന്നു. അത് സിപിഎം നേതൃത്വത്തിന്റെ പ്രശ്നം. സിപിഎം നേതാക്കളെ തൃണമൂലുകാര്‍ പൊതുനിരത്തില്‍ അടിച്ചോടിക്കുന്ന ചിത്രം പോലും ബംഗാള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതോര്‍ക്കുക. കോണ്‍ഗ്രസുകാരുടെ സ്ഥിതിയും ഭിന്നമല്ല. അവര്‍ക്കും കിട്ടിക്കൊണ്ടിരുന്നു ഇത്തരത്തിലുള്ള ‘പ്രതികരണങ്ങള്‍’. അവസാനകാലമായപ്പോള്‍, ഗതികെട്ടിട്ടുകൂടിയാവണം, ഒട്ടെല്ലാ കോണ്‍ഗ്രസുകാരും തൃണമൂലില്‍ ചേര്‍ന്നു. എന്തിനേറെ, ഒരു റാലിയില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വന്നപ്പോള്‍ അത് ഇറക്കാന്‍ മമത അനുവദിച്ചില്ല. ‘കമ’ എന്ന് മിണ്ടാതെ രാഹുല്‍ മടങ്ങി; അതിന്റെ പേരില്‍ ബംഗാളില്‍ ഒരു പ്രതിഷേധവും ഉയര്‍ന്നില്ല. കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും പേടിച്ചോടിയിടത്താണ് ബിജെപി നെഞ്ചുനിവര്‍ത്തി നിന്നത്. അത് ഒരര്‍ഥത്തില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള ഒരു പടപ്പുറപ്പാട് തന്നെയായിരുന്നു.
ബംഗാളില്‍ മമത ആദ്യം മുതലേ സ്വീകരിച്ച നിലപാട് മുസ്ലിം സമൂഹത്തെ പ്രീണിപ്പിച്ച് കൂടെനിര്‍ത്തുക എന്നതായിരുന്നു. ഹിന്ദുക്കള്‍ക്ക് ഒരു ഉടയോനില്ല എന്നത് അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതേസമയം ബംഗ്ലാദേശില്‍ നിന്നും മറ്റും അനധികൃതമായെത്തിയ മുസ്ലിങ്ങളെ എന്തും നല്കി സംരക്ഷിച്ചു; അവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തു; ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്… അങ്ങിനെയൊക്കെ. വിദേശികളെ ഇന്ത്യക്കാരാക്കുന്നതിന് ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും പിന്നെ സിപിഎമ്മുമായിരുന്നു. അതൊരു ന്യൂനപക്ഷ വോട്ട് ബാങ്കായിരുന്നു അവര്‍ക്ക്. അതേ തട്ടകത്തില്‍ തന്നെയാണ് മമതയും വേരൂന്നിയത്; എന്നാല്‍ മമത കുറേക്കൂടി ശക്തമായി അവര്‍ക്ക് വേണ്ടി നിലകൊണ്ടു. അതാണല്ലോ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കാര്യമൊക്കെ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപി നേതാക്കളെയും അവര്‍ വെല്ലുവിളിച്ചത്. രാജ്യതാത്പര്യമല്ല മറിച്ച് വോട്ട് മാത്രമായിരുന്നു അവര്‍ക്ക് പ്രധാനം. എന്നാല്‍ ‘വിദേശ പൗരന്മാര് തിരിച്ച് പോയേ തീരൂ’ എന്നതായിരുന്നു ബിജെപി നിലപാട്. ആസാമിലേത് പോലെ, രാജ്യമെമ്പാടും, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും, എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) കൊണ്ടുവരണമെന്ന് ബിജെപി പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. ചുരുക്കത്തില്‍, ഇത്തവണ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ടത് വിദേശ മുസ്ലിങ്ങളുടെ കടന്നുവരവും ആധിപത്യവുമായിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും മറ്റ് ഇടത് പാര്‍ട്ടികളും തൃണമൂലും ഒറ്റക്കെട്ടായി അനധികൃതമായി കടന്നുവന്ന വിദേശ മുസ്ലിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഹിന്ദുവിന്റെ ആശങ്ക മനസിലാക്കി കൂടെ നിന്നത് ബിജെപി മാത്രമാണ്. അതൊരു വര്‍ഗീയ ചേരിതിരിവിനുള്ള ഉദ്യമമായിരുന്നില്ല; മറിച്ച് ദേശതാല്പര്യമായിരുന്നു.
ഇത്തവണയും സുഖമായി വിജയിക്കാന്‍ കഴിയുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി കരുതിയിരുന്നു എന്ന് തീര്‍ച്ച; അതില്‍ തെറ്റില്ല, കാരണം അങ്ങിനെയാണ് അവിടത്തെ രാഷ്ട്രീയം. മമതയുടെ ഭരണം അത്രയൊന്നും മെച്ചമായിരുന്നില്ല എന്ന് മാത്രമല്ല അഴിമതിയില്‍ നിറഞ്ഞതുമാണ്. എന്നാല്‍ സിപിഎമ്മിനെക്കാള്‍ എത്രയോ ഭേദം എന്ന് ജനങ്ങള്‍ ആദ്യമൊക്കെ കരുതി; കോണ്‍ഗ്രസിന്റെ ചരിത്രം കൂടി അറിയുന്നവര്‍ക്ക് അങ്ങിനെയല്ലേ ചിന്തിക്കാനാവൂ. ബിജെപി കൂടി രംഗപ്രവേശം ചെയ്യുന്നതോടെ ബഹുകോണ മത്സരമായി; അവിടെ എളുപ്പത്തില്‍ വിജയിക്കാനാവുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കരുതി. പക്ഷെ ബംഗാളിന്റെ ചിത്രം വേഗത്തില്‍ മാറുന്നതാണ് പിന്നീട് കണ്ടത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെങ്കിലും നിഷ്പ്രഭമായിപ്പോയി. ഈ രണ്ടുപക്ഷക്കാര്‍ ഒന്നിച്ചു മത്സരിക്കണം എന്നതായിരുന്നു സിപിഎമ്മിന്റെ ആഗ്രഹം; രാഹുലും അതിന് അനുകൂലമായിരുന്നു. എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസുകാര്‍ക്ക് പരിമിതികളുണ്ടായിരുന്നു. അതോടെ ചതുഷ്കോണ മത്സരമായി…. അതാണ് പിന്നീട് മമതയും ബിജെപിയും തമ്മിലായി മാറിയത്. സിപിഎമ്മും കോണ്‍ഗ്രസും അതിനിടയില്‍ നിഷ്പ്രഭമായി; നേരത്തെ സൂചിപ്പിച്ചത് പോലെ, കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമൊക്കെ ബിജെപിയുടെ കൊടിയേന്താന്‍ അവിടെ തുടങ്ങുകയും ചെയ്തു.
തന്റെ തന്നെ കാല്ക്കീഴില് നിന്ന് മണ്ണൊഴുകിയത് തിരിച്ചറിയാന്‍ മമത ബാനര്‍ജി വൈകി. അവസാനം കാര്യങ്ങള്‍ തെളിഞ്ഞുവന്നപ്പോള്‍ ‘എങ്ങിനെയും വിജയിക്കുക’ എന്നതായി ചിന്ത; അങ്ങിനെയാണ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നത് തടഞ്ഞത്, ബിജെപി റാലികള്‍ക്ക് അനുമതി നിഷേധിച്ചത്, പ്രധാനമന്ത്രിയുടെ റാലികള്‍ രാത്രി മാത്രം അനുവദിച്ചത്, ബിജെപി നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്, കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്തത്, ഭരണകക്ഷിയോട് ചേര്‍ന്ന് നില്ക്കുന്ന അക്രമികള്‍ക്ക് എന്ത് സംരക്ഷണവും കൊടുക്കാന്‍ പോലീസ് തയ്യാറായത്…. അക്ഷരാര്‍ഥത്തില്‍ ഒരു ജനാധിപത്യ കശാപ്പ് ആയിരുന്നു അത്. അതിന്റെ ഏറ്റവുമൊടുവിലാണ് അമിത് ഷായുടെ കൊല്‍ക്കത്തയിലെ റോഡ് ഷോ തൃണമൂലുകാര്‍ ആക്രമിച്ചത്. പതിനായിരങ്ങളാണ് അന്ന് അവിടെ അണിനിരന്നത്. അത് മമതയെ ഞെട്ടിച്ചു. മാത്രമല്ല നരേന്ദ്ര മോദിയുടെ റാലികളില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം പെണ്‍കുട്ടികളും യുവാക്കളുമായിരുന്നു…… ഒരു സംസ്ഥാനത്തെ ജനതയുടെ ‘മൂഡ്’ വ്യക്തമാക്കുന്നതായി അതൊക്കെയും. സര്‍വകലാശാല കാമ്പസില്‍ ഒരു മുറിക്കുള്ളില്‍ സിസിടിവി ക്യാമറയുടെ അകമ്പടിയോടെ സംരക്ഷിച്ചിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്നതിലേക്കും അതിന്റെ ഉത്തരവാദിത്വം ആ പരിസരത്തെങ്ങുമില്ലാതിരുന്ന ബിജെപിക്കാരില്‍ ചുമത്താന്‍ ശ്രമിച്ചതുമൊക്കെ അതിന്റെ ഭാഗമാണ്. എന്നാല്‍ അവസാനം തിരഞ്ഞെടുപ്പ് കമ്മീഷന് കയറി ഇടപെടുന്ന സ്ഥിതിയായി; മുഖ്യമന്ത്രിയുടെ വിശ്വസ്തരായിരുന്ന പോലീസ്- ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കസേര നഷ്ടമായി. അതിലൊരാള്‍ മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്; അയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറാവുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച നിലയായി മമത.
എന്താവും ബംഗാളിലെ ജനവിധി?. ശരിയാണ് അമിത് ഷാ പറയുന്നത് അവിടെനിന്ന് ചുരുങ്ങിയത് 23 എംപിമാര്‍ തങ്ങള്‍ക്കുണ്ടാവും എന്നാണ്. അദ്ദേഹത്തിന് അത് പറയാം. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്?. ഒരു കാര്യം സൂചിപ്പിക്കാം. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്വകാര്യമായി പറയുന്നത് 15 നുമേല്‍ സീറ്റുകള്‍ ബിജെപി നേടുമെന്നാണ്. അതും ശരിയാവണമെന്നില്ല. എന്റെ മലയാളി സുഹൃത്ത് ഈയിടെ കൊല്‍ക്കത്ത സന്ദര്‍ശിച്ചിരുന്നു; അദ്ദേഹം ഒരു വാണിജ്യസ്ഥാപനത്തില്‍ ചെന്നപ്പോള്‍ എന്താണ് ഇത്തവണ സ്ഥിതി, ആര്‍ക്കാണ് വിജയ സാധ്യത, എന്താണ് നിങ്ങള്‍ അങ്ങിനെ പറയുന്നത് എന്നൊക്കെ സാധാരണ പോലെ ചോദിച്ചു. ‘ഞങ്ങള്‍ ഇത്തവണ മോദിക്കൊപ്പം; ദേശസുരക്ഷ പ്രധാന പ്രശ്നമാണ്; അതില്‍ മോദിയാണ് ധൈര്യമായി ചെയ്യുന്നത്. മറ്റൊന്ന്, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം കൊണ്ട് സഹികെട്ടു; എല്ലാവരും അവര്‍ക്കൊപ്പമാണ്; അവര്‍ക്കാണ് എന്ത് സഹായവും. ബിജെപി മാത്രമാണ് ഹിന്ദുവിന്റെ കാര്യം പറയുന്നത്….’എന്റെ സുഹൃത്തിന് കാല് നൂറ്റാണ്ടായി പരിചയമുള്ളവരാണ് അവര്‍; എന്നും കമ്മ്യുണിസ്റ്റ് പാതയിലൂടെ നടന്നിരുന്നവര്‍. അത് ഒരാളുടെ ചിന്തയല്ല, പിന്നീട് ടാക്സി ഡ്രൈവറോട് ചോദിച്ചു…’സാര്‍, ഗ്രാമത്തില്‍ മുസ്ലിങ്ങള്‍ മാത്രമാണ് മമതയ്ക്ക് വോട്ട് ചെയ്തത്; ഹിന്ദുക്കള്‍ 90 ശതമാനവും ബിജെപിക്കൊപ്പമാണ്; ഞങ്ങളൊക്കെ പഴയ കമ്മ്യുണിസ്റ്റുകാരാണ്; കോണ്‍ഗ്രസുകാരും അങ്ങിനെ ബിജെപിക്കൊപ്പമാണ്…. ഹിന്ദുക്കള്‍ക്കും ജീവിക്കണ്ടേ…? ഈ ഡ്രൈവര്‍ മാത്രമല്ല, ബംഗാളില്‍ ചെന്നാല്‍ ഇതൊക്കെ ഇന്ന് എവിടെയും നാം കേള്‍ക്കുന്ന കാര്യമാണ്. ഹിന്ദുക്കള്‍ക്ക് ആരുമില്ലായിരുന്നു; ഇന്ന് ഒരു നാഥന് ഉണ്ടായിരിക്കുന്നു… മോദിയില്‍ അവര്‍ക്ക് വിശ്വാസവുമാണ്; ബിജെപി അവര്‍ക്കൊപ്പമുണ്ട്. ഒരു ‘രാഷ്ട്രീയ പോളറൈസേഷന്’ അവിടെ ഉണ്ടായിട്ടുണ്ട്, തീര്‍ച്ച. അത് സിപിഎമ്മിന്റെ അടിത്തറ തകര്‍ത്തു; കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ പൂര്‍ണ്ണമായി നഷ്ടമായിക്കഴിഞ്ഞു; മമതയെ ഹിന്ദുക്കള്‍ വിശ്വസിക്കുന്നില്ല. ഇനി എന്താവും വോട്ടെണ്ണുമ്പോള്‍ സ്ഥിതി… ചിന്തിക്കൂ. 2019- ലെ ബംഗാള്‍ 2014- ലെ യു.പിയായി മാറിയാല്‍ അതിശയിക്കാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: