ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിലും ബംഗാളില്‍ തൃണമൂലുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. ബൂത്തുകള്‍ക്കുനേരെ ബോംബേറുണ്ടായി. പലയിടങ്ങളിലും തൃണമൂല്‍ അക്രമത്തെ പ്രതിരോധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ സംഘര്‍ഷം വ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 70 ശതമാനം പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ നാലും ഗോവയില്‍ ഒരിടത്തെയും നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും നടന്നു. ഏപ്രില്‍ 11നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 23ന് ഫലം അറിയാം.
മമതാ ബാനര്‍ജിയെ പിന്തുണയ്ക്കാത്തവരെ പല സ്ഥലങ്ങളിലും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമമാണ് തൃണമൂല്‍ നടത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബസിര്‍ഹട്ടില്‍ ബിജെപിയുടെ ക്യാംപ് ഓഫീസ് തകര്‍ത്തു. കൊല്‍ക്കത്തയില്‍ ഏതാനും ബൂത്തുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ സിന്‍ഹയുടെ വാഹനത്തിന് കല്ലെറിഞ്ഞു. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ടും നടന്നു. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച അക്രമം ഇന്നലെ വോട്ടെടുപ്പിന് ശേഷവും തുടരുകയാണ്.
തൃണമൂല്‍ വിരുദ്ധരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബസിര്‍ഹട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി സായന്തന്‍ ബസു ആരോപിച്ചു. തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ സുരക്ഷാ സൈനികരെ നിയോഗിച്ചു. തൃണമൂലിന്റെ വനിതാ പ്രവര്‍ത്തകര്‍ മുഖം മറച്ച് വോട്ട് ചെയ്തതിനെതിരെ ജാദവ്പുരിലെ ബിജെപി എംപി അനുപം ഹസ്റ പരാതി നല്കി. ഉദ്യോഗസ്ഥര്‍ മുഖം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് ശേഷവും കേന്ദ്ര സേനയെ സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബിഹാറില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടു. പഞ്ചാബില്‍ വോട്ട് ചെയ്ത് മടങ്ങവെ ഒരാള്‍ കൊല്ലപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു. നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുപോയതെന്ന് ഗോരഖ്പുരില്‍ വോട്ട് ചെയ്ത ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങളുടെ ബലത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: