Categories: Varadyam

സത്യം മുഴങ്ങുന്ന വാക്കുകള്‍

ഈശ്വരന്‍ ഒന്ന്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്നത് സ്വധര്‍മമാണെന്നു സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു.

ഈശ്വരന്‍ ഒന്ന്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്നത് സ്വധര്‍മമാണെന്നു സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു. അതിനു മിഷണറിമാര്‍ക്ക്  പുറമേ സ്വര്‍ഗംമോഹിക്കുന്ന വിശ്വാസികളും പങ്കുചേരുന്നു. സംഘടിത രൂപം ഇവര്‍ക്ക് മാന്യതയും ആധികാരികതയും നല്‍കുന്നു. ശാസ്ത്രീയമായ മതതാരതമ്യപഠനങ്ങള്‍ ഇതിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവരും. സാമുദായിക ഉച്ചനീചത്വവും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ് മതപരിവര്‍ത്തന കാരണങ്ങളായി പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ചിട്ടും മോശമല്ലാത്ത സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും എങ്ങനെ ക്രിസ്ത്യന്‍ മതമൗലികവാദ ചിന്താഗതികളാല്‍ സ്വാധീനിക്കപ്പെട്ടെന്നു ‘പുനര്‍ജനി’യുടെ ജീവിതാനുഭവം പഠിപ്പിക്കുന്നു.

 ഹിന്ദുമതത്തിലെ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കണം. ഒപ്പം സംഘടിത മതങ്ങളുടെ അശാസ്ത്രീയത അവരുടെ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെ ഖണ്ഡിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ഈ ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും ഉദ്ധരണികള്‍ അക്കമിട്ടു നിരത്തുന്നു. പരദൈവ വിശ്വാസികളോടുള്ള പകയും വെറുപ്പും ബൈബിള്‍ വചനങ്ങളെ മുന്‍നിര്‍ത്തി  സമര്‍ത്ഥിക്കുന്നു. ഗലീലിയോയെ തുറുങ്കില്‍ അടച്ചതും കോപ്പര്‍ നിക്കസിന്റെ മൃതശരീരം കുഴിമാടത്തില്‍ നിന്ന് മാന്തിയെടുത്തതും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചയ്‌ക്ക് വിധേയമാക്കുന്നു. ആര്‍ഷ വിദ്യാസമാജത്തിലെ പഠനം എങ്ങനെ  ജീവിതത്തിലെ വഴിത്തിരിവായെന്നു ഗ്രന്ഥത്തിലൂടെ തുറന്നുപറയുന്നു.

പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പുനര്‍ജനിയിലുണ്ട്. പുതിയനിയമവും പഴയനിയമവും ബൈബിളും ഇവിടെ തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ചിലര്‍ സ്വര്‍ഗവാതില്‍ തുറക്കാന്‍ തയ്യാറാകുന്നു. എന്നാല്‍ തങ്ങളുടെ അടിസ്ഥാനഗ്രന്ഥങ്ങള്‍ ഒരിക്കലെങ്കിലും തുറന്നു  പഠനവിധേയമാക്കേണ്ടതല്ലേ എന്ന ചോദ്യമാണ് ശ്രീമതി ശാന്തി കൃഷ്ണ ‘പുനര്‍ജനി’യിലൂടെ ഉന്നയിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക