സമയമില്ലെന്ന പല്ലവി കേട്ടുമടുത്ത ആധുനിക മനുഷ്യനു മുമ്പില്‍ കര്‍മ്മനിരതനായ ഡോ. മനോജ്കുമാര്‍ പരാശക്തി വ്യത്യസ്തനാണ്. കവി, കഥാകാരന്, സിനിമാ ഗാനരചയിതാവ്, ഭക്തിഗാന രചയിതാവ് എന്നിങ്ങനെ വിവിധ കലാശാഖകളില്‍ ഈശ്വരന്റെ വരദാനം കിട്ടിയ വ്യക്തിത്വമാണ് മനോജ് കുമാര്‍.
ജെം തെറാപ്പിയില്‍ ഗവേഷണം, വാസ്തുവിദ്യ, ഹിപ്നോട്ടിക് കൗണ്‍സലിങ് എന്നിവയില്‍ അസാധാരണമായ പാണ്ഡിത്യം തുടങ്ങിയവയാണ് ഡോ. മനോജ്കുമാറിനെ ശ്രദ്ധേയനാക്കുന്നത്. രാവിലെ മുതല്‍ പ്രവര്‍ത്തന മണ്ഡലത്തിലേക്ക് ഇറങ്ങുന്ന അദ്ദേഹത്തിന്റെ ഒാരോ ദിവസവും തിരക്കുനിറഞ്ഞതാണ്. ഏഴോളം കാസറ്റിന് ഗാനരചന നിര്‍വ്വഹിച്ചു. വലംപിരി ശംഖ്, വന്ദേമുകുന്ദം, എന്റെ പൊന്നയ്യപ്പ, മണികണ്ഠം, ദേവീതീര്‍ത്ഥം, വന്ദനം എന്നീ ഭക്തിഗാന കാസറ്റിനും റോസപ്പൂ എന്ന പ്രണയഗാന കാസറ്റിനും ഗാനരചന നിര്‍വ്വഹിച്ചു. ഓര്‍മ്മ, ബാല്യം, തിരോഹിതം, വെളിച്ചം, എന്റെ ഗ്രാമം, തീര്‍ത്ഥാടനം എന്നീ കവിതാ സമാഹാരങ്ങളും രണ്ട് പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്
ഈശ്വരന് സത്യമാണ് എന്ന പുസ്തകം തന്റെ ഗുരുനാഥനായ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയാണ് പ്രകാശനം ചെയ്തതെന്ന് ഡോ. മനോജ്കുമാര്‍ ചാരിതാര്‍ത്ഥ്യത്തോടെ പറയുന്നു. മാറ്റം എന്ന സിനിമയ്ക്ക് ഇടവപ്പാതി മഴ എന്ന ഗാനം രചിച്ചു. സജീവ് മംഗലത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചത് റിമി ടോമിയാണ്. മനോജ്കുമാറിന്റെ ഭക്തിഗാന കാസറ്റില്‍ കെ.ജി. ജയന്, മധു ബാലകൃഷ്ണന്, മഞ്ജരി, ദുര്‍ഗ്ഗാ വിശ്വനാഥ്, ജിന്‍സ്, ചിത്രാ അരുണ്‍, അഭിജിത്ത് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഭ്രാന്താത്മികം എന്ന ചെറുകഥാ സമാഹാരം അടുത്തുതന്നെ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോദിവസവും ഹിപ്നോട്ടിക് കൗണ്‍സലിങ്ങിലൂടെ ഒട്ടേറെ പേരുടെ മാനസിക പിരിമുറുക്കത്തിനും അസ്വസ്ഥതയ്ക്കും പരിഹാരം കാണാന്‍ ഡോ. മനോജ്കുമാറിന് കഴിയുന്നു. വിദ്യാര്‍ത്ഥികളാണ് അധികവും എത്തുന്നത്. ജെം തെറാപ്പിയില്‍ കല്‍ക്കത്തയിലെ ഇന്ത്യന്‍ ബോര്‍ഡ് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഹിപ്നോട്ടിക് കൗണ്‍സലിങ് അസോസിയേഷന് അംഗം കൂടിയാണ് ഡോ. മനോജ്കുമാര്‍. രത്നധാരണത്തിലൂടെ അസുഖങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്ന് ട്രഡീഷണല്‍ ആര്‍ക്കിട്ടെക്ചറില്‍ ഡിപ്ലോമ നേടിയിട്ടുള്ള മനോജ്കുമാറിന്റെ വീട് കോട്ടയം ജില്ലയിലെ കുറിച്ചിയിലാണ്. അച്ഛന് സുകുമാരന്‍കുട്ടി മികച്ച കഥകളി നടനാണ്. അമ്മ ജാനമ്മ മരിച്ചുപോയി. ഓര്‍മ്മ എന്ന കവിതാ സമാഹാരം അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളാണ്.
വീട്ടമ്മയായ സുധയാണ് ഡോ. മനോജ്കുമാറിന്റെ ഭാര്യ. രണ്ട് മക്കള്‍. അനന്തകൃഷ്ണന് പ്ലസ് ടൂവിനും മീനു മനോജ് ഏഴാം ക്ലാസിലും പഠിക്കുന്നു. മനോഹരമായി അക്ഷരപ്രാസത്തില്‍ ഗാനവും കവിതയും രചിക്കുന്നതാണ് മനോജ്കുമാറിന്റെ പ്രത്യേകത. ഓര്‍മ്മവെച്ച നാള് മുതല്‍ കേട്ട് ശീലിച്ച കഥകളിപ്പദങ്ങളാണ് താളവും രാഗവും ശ്രുതിയും മനോഹരമായ പദവിന്യാസവും പകര്‍ന്ന് നല്‍കിയതെന്ന് അദ്ദേഹം പറയുന്നു.
ചിത്തിര തിരുനാള്‍ പുരസ്കാരം, വി. കൃഷ്ണമേനോന് സ്മാരക പുരസ്കാരങ്ങള്‍ അടക്കം സാഹിത്യത്തില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ മനോജ് കുമാറിനെ തേടിയെത്തി. ഗുരുക്കന്മാരുടെയും ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതീ ദേവിയുടെയും ഗുരുവായൂരപ്പന്റെയും അനുഗ്രഹമാണ് തന്റെ ഊര്‍ജ്ജമെന്ന് ഡോ. മനോജ്കുമാര്‍ പറയുന്നു. ഓരോ പുലരിയും ഡോ. മനോജ് കുമാറിന് സമ്മാനിക്കുന്നത് തിരക്കുള്ള ജീവിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: