ദൈവജ്ഞനായിരുന്നിട്ടും ആ ചിട്ടകളില്‍ ജീവിക്കുമ്പോഴും രാമശേഷനെ മദ്യത്തോടടുപ്പിക്കുന്ന ഗ്രഹമേതായിരിക്കാം?
തഞ്ചാവൂരിലെ ക്ലാസ്സ് മുറി.
കൈത്തണ്ടയിലൂടെ വിയര്‍പ്പൊലിക്കുന്ന ഉച്ച.
ആരാണ് ചോദിച്ചതെന്നോര്‍മ്മയില്ല. അത് പ്രസക്തവുമല്ല. ഉത്തരം ഗംഭീരശബ്ദത്തില്‍ മുഴങ്ങി.
”രണ്ടാം ഭാവം ജലരാശിയാവുക…അവിടെ ചൊവ്വയോ ശനിയോ ബലഹീനരായി നില്ക്കുക… ജാതകന് മദ്യാസക്തിയുള്ളവനായിരിക്കും…”
‘രണ്ട്’ വാക്സ്ഥാനം. കാലപുരുഷ ഘടനയില്‍ ‘വായ’വരുന്നത് രണ്ടാം ഭാവത്തില്‍.
ചൊവ്വയ്ക്കും ശനിക്കും മദ്യകാരകത്വമുണ്ട്.
”ഇങ്ങനെ ഗ്രഹസ്ഥിതിയിലുള്ളവര്‍ സ്വയം വിലയിരുത്തുക… പ്രമാണം ശരിയാണോ? പുറത്തു പറയണമെന്നില്ല…”
തന്റെ രണ്ടാം ഭാവം ജലരാശിയല്ല. പക്ഷേ, ചൊവ്വയുണ്ട്. ചൊവ്വയ്ക്ക് അഷ്ടമാധിപത്യം എന്ന വലിയ ദോഷവുമുണ്ട്.
”ലക്ഷണം ഭാഗികമാണെങ്കില്‍ ഫലവും ഭാഗികമായിരിക്കും…”
ആ അര്‍ത്ഥത്തില്‍ ഗുരുനാഥന് പറഞ്ഞ പ്രമാണത്തിന് ഒരു കൃത്യതയുണ്ട്. താന്‍ മുഴുക്കുടിയനല്ലല്ലോ.
കുടുംബത്തിലാര്‍ക്കും കുടിപ്പഴക്കമുണ്ടായിരുന്നതായി ഓര്‍മ്മയില്ല. കുട്ടിക്കാലത്ത് കുടിയന്മാരെ കാണുന്നതുതന്നെ ഭയമായിരുന്നു. അഗ്രഹാരത്തില്‍ ആകെ കുടിച്ചിരുന്നത് കല്പറ്റയില് കാപ്പിത്തോട്ടമുള്ള കൊമ്പന്മീശ പാച്ചുവായിരുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ വികൃതി കാട്ടുമ്പോള്‍ അമ്മമാര്‍ പറയും.
”ദാ പാച്ചു വറാന്…”
അല്ലെങ്കില്‍: ”പാച്ചുവ് കൂപ്പിടുവേന്‍…”
കുട്ടികള്‍ വികൃതി നിര്‍ത്തി ശാന്തരാവും.
അങ്ങനെ ഒരു കുടികാരന്റെ പേരു പറഞ്ഞ് അമ്മമാര്‍ കാര്യസാധ്യം നടത്തിയിരുന്നു. ഇന്ന് കുടികാരന്റെ പേരു പറഞ്ഞാല്‍ ഏതെങ്കിലും കുട്ടി ഭയപ്പെടുമോ?
മെഡിക്കല്‍ റെപ്രസന്റേറ്റീവായിരുന്ന കാലത്താണ് രാമശേഷന് ആദ്യമായി രുചിച്ചുനോക്കുന്നത്, അതും കോണ്‍ഫറന്‍സിന് കൊച്ചിക്ക് പോയപ്പോള്‍. പിന്നെപ്പിന്നെ മേലുദ്യോഗസ്ഥന്മാര് ജോലിക്ക് വരുമ്പോള്‍… മനസ്സിനെ അഴിച്ചുവിടുമ്പോള്‍ കിട്ടുന്ന ഒരു സുഖം ആ നേരങ്ങളില്‍ അയാളനുഭവിച്ചു. മനസ്സിന് സംഘര്‍ഷങ്ങള്‍ വരുമ്പോഴെല്ലാം കഴിക്കല്‍ പിന്നെ ശീലമായി. സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ ആ ശീലവും കൂടെപ്പോന്നു.
തഞ്ചാവൂരില്‍ ജ്യോതിഷ സെമിനാറിനു പോവുമ്പോഴും നിന്നു കഴിക്കാവുന്ന ഇടത്തരം ബാറുകളില്‍ കയറുമായിരുന്നു. തന്റെ അരുമശിഷ്യന് ഇങ്ങനെയൊരു മുഖമുണ്ടെന്നറിഞ്ഞാല്‍ അടിമൈ സെന്തില്‍ ദിനകരന് ആ മുഖം ദര്‍ശിക്കില്ല.
ഗുരുനാഥന് ദൈവജ്ഞരീതികള്‍ അതേ ചിട്ടയില്‍ പിന്തുടരുന്ന ആളായിരുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു. കുളിച്ച് രാശി പൂജ ചെയ്തു. നൂറ്റിയെട്ടു കവിടികള്‍ക്കും ഇഷ്ടദേവസങ്കല്‍പങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം അഭിഷേകം… അതു കഴിഞ്ഞാല്‍ ആദിത്യഹൃദയസ്ത്രോത്രം, വിഷ്ണുസഹസ്രനാമം, ഗായത്രീജപം… ഇത്രയുമാവുമ്പോഴേക്കും കിഴക്ക് വെള്ള പൊട്ടാന്‍ തുടങ്ങും. അരിമുകനേരിയിലെ രണ്ടമ്പലങ്ങളിലും തൊഴുതു വന്ന ശേഷമേ അര ടംബ്ലര്‍ വെള്ളം പോലും കുടിക്കുമായിരുന്നുള്ളൂ. പ്രകൃതിയോട് ഇണങ്ങി ജീവിച്ചു. അതിനാല്‍ പ്രകൃതിയുടെ ഓരോ ചലനങ്ങളും അടുത്തറിഞ്ഞു. ആകാശം നോക്കി സമയം പറഞ്ഞു. കാറ്റിന്റെ ഗതിയറിഞ്ഞ് മഴ പ്രവചിച്ചു. മനുഷ്യന്റെ മട്ടു കണ്ടാല്‍ എന്തു പ്രശ്നമാണ് അവനെ അലട്ടുന്നതെന്ന് മനസ്സിലാക്കി. ജാതകമേ വേണ്ടിവന്നില്ല, ഫലം പറയാന്‍.
ദൈവജ്ഞ ലക്ഷണങ്ങളാണ് ഒരു ജ്യോതിഷി ആദ്യം മനസ്സിരുത്തേണ്ടതെന്ന് പ്രാരംഭ ക്ലാസ്സില്‍ തന്നെ ഗുരുനാഥന് എടുത്തുപറഞ്ഞു. അങ്ങനെ ജീവിക്കുന്നവനു മാത്രമേ ഈ ശാസ്ത്രം കൈകാര്യം ചെയ്യാന്‍ അധികാരമുള്ളൂ. വഴങ്ങുകയുമുള്ളൂ.
അമ്പലപ്പാറയിലെ ഗുരുനാഥനും ആദ്യ കൂടിക്കാഴ്ചയില്‍ അടിവരയിട്ടത് പ്രശ്നമാര്‍ഗത്തിലെ മുതല്‍ അദ്ധ്യായത്തിലെ വരികള്‍-
”ജ്യോതിശ്ശാസ്ത്രത്തില്‍ വിദഗ്ദ്ധനും ഗണിതക്രിയകളില്‍ സമര്‍ത്ഥനും സദാചാരിയും സത്യനിഷ്ഠയുള്ളവനും വിനയമുള്ളവനും വേദങ്ങള്‍ പഠിച്ചവനും നവഗ്രഹപൂജാതല്‍പരനും ആയവന് ദൈവജ്ഞനായിത്തീരട്ടെ…”
തല തിരിഞ്ഞു പിറന്നതുകൊണ്ടാണോ ഒരേ സമയം താനൊരു ദൈവജ്ഞനും വിരുദ്ധജീവിതം നയിക്കുന്നവനുമായത്? ആസക്തികള്‍ക്ക് വേഗം കീഴ്പ്പെട്ടു പോകുന്നത്? എത്ര ശ്രമിച്ചിട്ടും മനസ്സിനെ കുറ്റിയില്‍ കെട്ടിയിടാന്‍ കഴിയാത്തത്? ഇതും പൂര്‍വ്വജന്മാര്‍ജ്ജിതമായിരിക്കുമോ?
”അപ്പൊ സാര്‍ ഒരു സംശയം”, ശ്യാമ കൈ പൊന്തിച്ചു. ”രണ്ടാം ഭാവം ജലരാശിയാവുകയും അവിടെ ശനികുജന്മാര്‍ ബലമില്ലാതെ നില്‍ക്കുകയും ചെയ്യുമ്പോഴാണല്ലോ മദ്യാസക്തി പറഞ്ഞത്…”
ഒന്നു നിര്‍ത്തി.
”അപ്പോള്‍ അങ്ങനെ ജനിക്കുന്ന സ്ത്രീകളോ? അവര്‍ക്കും മദ്യത്തോട് താല്‍പര്യമുണ്ടായിരിക്കുമോ? നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ കുടിക്കാറില്ലല്ലോ…”
രാമശേഷന് അക്ഷരാര്‍ത്ഥത്തില്‍ മയിര്‍ക്കൂച്ച് അനുഭവപ്പെട്ടു. എന്തു ബുദ്ധിയുള്ള ചോദ്യം! മുന്‍പൊരിക്കലും ശ്യാമ ഇവ്വിധമൊരു യുക്തിയില്‍ തന്നെ കുഴക്കിയിട്ടില്ല. ചോദ്യം ശരിയല്ലേ? പക്ഷേ എന്താണ് ഇതിനുള്ള ഉത്തരം? സ്ത്രീയും പുരുഷനും ഒരുപോലെയാണോ? ശരീരഘടന, സ്വഭാവം, പെരുമാറ്റം എല്ലാറ്റിലും സൂര്യനും ചന്ദ്രനും പോലെ രണ്ടു ധ്രുവങ്ങളിലല്ലേ? പുരുഷന് പ്രസവമുണ്ടോ? വിവാഹവിഷയത്തില്‍ പുരുഷന്റെ ഏഴാം ഭാവം മാത്രം ചിന്തിക്കുമ്പോള്‍ ഏഴിനു പുറമേ സ്ത്രീയുടെ എട്ടാം ഭാവവും വിശകലനം ചെയ്യുന്നതെന്തുകൊണ്ട്? സ്ത്രീയെ പൂവിനോടുപമിക്കുമ്പോള്‍ പുരുഷന് പൂമ്പാറ്റപ്പദവി നല്കിയതെന്തുകൊണ്ട്? സ്ത്രീപുരുഷ ജാതകങ്ങളിലെ പ്രത്യേകതകള്‍ വിവരിക്കുന്ന അദ്ധ്യായം തന്നെയുണ്ടല്ലോ ഹോരയില്‍!
സ്ത്രീയുടെ കണ്ണുകളെ വര്‍ണിക്കുന്നു. കപോലങ്ങളെ വര്‍ണിക്കുന്നു. മാറിടത്തേയും അരക്കെട്ടിന്റെ അഴകിനേയും വിവരിക്കുന്നു. ഇത്തരം വിവരണങ്ങളിലൊന്നും പുരുഷന്മാര് കടന്നുവരുന്നില്ല.
ഇതില്‍ കാര്യമുണ്ടെന്ന് തോന്നിയതുകൊണ്ട് രാമശേഷന് ആ നൂലില്‍ പിടിച്ച് സംസാരിച്ചു. എങ്കിലും ആ ചോദ്യത്തിലെ കറയറ്റ യുക്തിയില്‍ അയാള്‍ ആശ്ചര്യപ്പെടുക തന്നെ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: