Categories: Samskriti

നാട്ടുകാഴ്ചയിലും ഇടമില്ലാതാകുന്ന കാവുകള്‍

Published by

അചരവസ്തുക്കളില്‍ ആത്മചൈതന്യമുണ്ടെന്ന വിശ്വാസങ്ങളുടെ ഇരിപ്പിടമാണ് കാവ്. മണ്ണും മതവും പുരാവൃത്തവും സംസ്‌കാരവും നാഗരികതയുമെല്ലാം പച്ചപ്പു തിങ്ങിയ ഒരിടത്ത് പാസ്പര്യത്തോടെ കൂടിച്ചേരുമ്പോള്‍ നമുക്കതിനെ കാവെന്നു വിളിക്കാം. 

അനന്യവും പൗരാണികവുമായ ഈ പാരിസ്ഥിതിക താവളം കേരളത്തില്‍ സാധാരണമായിരുന്നു.  സംസ്‌കാരത്തിന്റെയും  പാരമ്പര്യത്തിന്റെയും അടയാളമായി തലയുയര്‍ത്തി നിന്ന കാവുകള്‍ അനവധി ഔഷധങ്ങള്‍ക്കും മറ്റു മരങ്ങള്‍ക്കും വസതിയാകുന്നു.  ഒട്ടേറെ ജനിതക സഞ്ചയങ്ങളേയും കാവുകള്‍ പരിരക്ഷിക്കുന്നു. പക്ഷേ ഗ്രാമങ്ങളില്‍ നിന്നുപോലും പച്ചപ്പിന്റെ ഈ ഇത്തിരിവെട്ടങ്ങള്‍ മാഞ്ഞുപോകുന്നത് നോവുന്ന കാഴ്ചയാണ്. 

തനിക്കു ചുറ്റുമുള്ള ചരാചരങ്ങളിലെല്ലാം ആത്മാവ് കുടികൊള്ളുന്നുവെന്ന വിശ്വാസത്തോടെ പ്രകൃതിയെ ആരാധിക്കുന്നവനാണ് സാധാരണ മനുഷ്യന്‍. അങ്ങനെയാവാം മരം നമുക്ക് ദേവതയായത്. മലയും കാടും മേടുമെല്ലാം ദൈവമെന്നു കരുതി ആരാധിക്കുന്ന എല്ലാ സംസ്‌കാരങ്ങളുടേയും ഉറവിടം ഇവിടെയാണ്. 

ഉത്തരമധ്യേന്ത്യയില്‍ ‘ശരണ’  എന്നാണ് കാവുകളുടെ വിളിപ്പേര്. മഹാരാഷ്‌ട്രയില്‍ ‘ദേവവ്‌രൈ’ അല്ലെങ്കില്‍ ‘ദേവ്യാഹതെ’  എന്നറിയപ്പെടുന്നു. കൂര്‍ഗില്‍ ‘ ദേവര്‍കാട്’ . ആന്ധ്രയില്‍ കേരളത്തിലേതു പോ

ലെ കാവെന്നു വിളിക്കുന്നു. കര്‍ണാടകത്തില്‍ ഇവ  ‘സിദ്ധരവന’വും തമിഴ്‌നാട്ടില്‍ ‘നന്ദാവന’ വുമാണ്. പൂത്തുലയുന്ന കാവുകളില്‍ ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ട പൂക്കളാണ് ഏറെയും. പ്രാര്‍ഥനാപൂര്‍വം നട്ടുവളര്‍ത്തുന്നവ. കൂവളം ശിവന് പ്രിയപ്പെട്ടതെങ്കില്‍ വിഷ്ണുഭഗവാന് പ്രിയം കൊന്നയാണ്. 

ദൈവികാരാധനയുടെ ഭാഗമാണ് കാവുകളുടെ സംരക്ഷണം. പരമ്പരാഗത വിശ്വാസങ്ങളില്‍ നിന്ന് ഉടലെടുത്ത ഈ അനുഷ്ഠാനങ്ങള്‍ കേരളത്തിന്റെ സാമാന്യജീവിതത്തെ പ്രതിഫലിപ്പിക്കുന്നു. കാവെന്ന പച്ചപ്പുകളില്‍ നാല്‍പ്പാമരവും ദശപുഷ്പവും പോലുള്ള അത്യപൂര്‍വ ജനുസ്സുകളില്‍ പെട്ട മരങ്ങള്‍ സംരക്ഷിക്കുന്നു. ആല്‍, കാഞ്ഞിരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി തുടങ്ങിയവയും കാവുകളിലെ സാന്നിധ്യങ്ങളാണ്.   മണ്ണും ജലവും സംരക്ഷിച്ച് ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ സുസ്ഥിരമാക്കുന്ന മഹത്തായൊരു കര്‍മവും കാവുകള്‍ അനുഷ്ഠിക്കുന്നു. ഒരു നാളും വറ്റാത്ത ജലസ്രോതസ്സുകളാണ് കാവുകളോട് ചേര്‍ന്നുള്ള കുളങ്ങള്‍. മരക്കൂട്ടങ്ങളിലെ ചപ്പചവറുകള്‍ വീണ് മണ്ണും ഫലഭൂയിഷ്ഠമാകുന്നു. കൃഷിക്കത് അനുഗ്രഹമാകുന്നു.

കേരളത്തില്‍ 1500 ലേറെ കാവുകളുണ്ടെന്നാണ് കണക്കുകള്‍. മലബാറിലാണ് കാവുകളേറെയുമുള്ളത്. കൊടുങ്ങല്ലൂരിനടുത്തുള്ള എസ് എന്‍ പുരത്ത് കാവ്, കണ്ണൂരിലെ തെയ്യോട്ടുകാവ്, തവിടിശ്ശേരി കാവ്, കാസര്‍കോട് ഭീമങ്ങാടിയിലെ കമ്മാടത്ത് കാവ്, എന്നിവ കേരളത്തിലെ പ്രമുഖ കാവുകളില്‍ ചിലതാണ്. ഹരിപ്പാട്ടുള്ള മണ്ണാറശ്ശാല ശ്രീനാഗരാജക്ഷേത്രം, വെട്ടിക്കോട് നാഗരാജക്ഷേത്രങ്ങളും അവയോട് ചേര്‍ന്ന കാവുകളും  ഐതിഹ്യപ്രസിദ്ധങ്ങളാണ്. 

പ്രകൃതിദുരന്തം, മൃഗങ്ങളുടെ ശല്യം എന്നിവയില്‍ നിന്ന് രക്ഷതേടാനായി കൃഷി ജീവനോപാധിയാക്കിയ പൂര്‍വികര്‍ പ്രകൃതിശക്തികളെ ആരാധിച്ചിരുന്നു. അതിനായി അവര്‍ മാറ്റി നിര്‍ത്തിയ പ്രത്യേക ഭൂവിഭാഗമാണ് കാവുകളുടെ ആദിമരൂപങ്ങള്‍.  

പഴയ തറവാടുകളോടു ചേര്‍ന്നുള്ള സര്‍പ്പക്കാവുകളും ഈയൊരു പാരമ്പര്യത്തിന്റെ ഭാഗമാകുന്നു. ഇവിടെ നാഗദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ആരാധനയ്‌ക്ക് നാഗപ്രതിഷ്ഠകളുമുണ്ടാകും. നാഗങ്ങള്‍ക്കു മാത്രമല്ല, പല്ലിക്കും തവളയ്‌ക്കും ഒട്ടേറെ കൊച്ചു ജീവികള്‍ക്കും പാര്‍പ്പിടമാണ് കാവുകള്‍. ഭഗവതി, വേട്ടയ്‌ക്കൊരു മകന്‍ തുടങ്ങിയ ദേവതകളും ഇവിടെ ആരാധിക്കപ്പെടാറുണ്ട്. തെക്കന്‍മലബാറിലെ കാവുകളില്‍ നടത്തുന്ന അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. കാവുകളിലെ ആരാധനക്രമങ്ങള്‍ക്ക് പ്രാദേശികമായ വ്യതിയാനങ്ങള്‍ കാണം. 

കാലാന്തരത്തില്‍ കൂട്ടുകുടുംബങ്ങള്‍ അപ്രത്യക്ഷമായത് കാവുകള്‍ക്ക് ഭീഷണിയായി. കുടുംബ സ്വത്തുക്കള്‍ ഭാഗം വെയ്‌ക്കുമ്പോള്‍ കാവുകള്‍ നെടുകെ പിളര്‍ന്നു കൊണ്ടിരുന്നു. ഇത്തരം പാരമ്പര്യങ്ങളോട് യാതൊരു പ്രതിബദ്ധയുമില്ലാത്ത ഒരു തലമുറയുടെ കൈകളിലാണ് പലപ്പോഴും കാവിരിക്കുന്നിടം എത്തുക. ചിലപ്പോള്‍ പ്രതിഷ്ഠകള്‍ മാത്രം ബാക്കി വെച്ച് അവരത് വെട്ടി വെളുപ്പിക്കും. അതല്ലെങ്കില്‍ പ്രതീകാത്മകമായി ഒരു വൃക്ഷം മാത്രം ബാക്കി വെക്കും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by