കാസര്‍കോട് സംഘവുമായി ബന്ധപ്പെട്ട് ഏതു പ്രസ്ഥാനത്തിനും അത്താണിയായിരുന്ന അജന്താ രാമേട്ടന് ആറുപതിറ്റാണ്ടായി അവിടെ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തെയും അജന്താ~സ്റ്റുഡിയോയേയും ഓര്‍ക്കാതെ കാസര്‍കോട്ടെ കാര്യങ്ങള്‍ പറയുക വയ്യ എന്ന സ്ഥിതി വളരെക്കാലം നിലനിന്നു. അദ്ദേഹം കാസര്‍കോട്ട് വരുന്നതിനു മുമ്പ് തൃശ്ശിവപേരൂരില്‍ വെച്ചാണ് ഞാന്‍ പരിചയപ്പെട്ടത്. 1957-ല്‍ ഗുരുവായൂര്‍ ഭാഗത്ത് പ്രചാരകനായിരുന്നപ്പോള്‍ ഇടയ്ക്കിടെ അവിടെ പോകേണ്ടിവരുമായിരുന്നു. ആദ്യ വര്‍ഷം പരമേശ്വര്‍ജി എറണാകുളം-തൃശ്ശിവപേരൂര്‍ ജില്ലകളുടെ ചുമതല വഹിച്ചപ്പോഴും, പിന്നീട് പാലക്കാട് ജില്ലയുടെ ഭാഗമെന്ന നിലയ്ക്കു ഹരിയേട്ടനായിരുന്നപ്പോഴും തൃശ്ശിവപേരൂരില്‍ പോകുമ്പോഴെല്ലാം അവിടത്തെ സാന്നിധ്യമായിരുന്നു രാമേട്ടന്.
രാമേട്ടന് നല്ല ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്കാണറിയപ്പെട്ടത്. ആചാര്യ വിനോബാഭാവേയുടെ പദയാത്ര കേരളത്തിലൂടെ കടന്നുപോയപ്പോള്‍ അതിന്റെ ചിത്രങ്ങള്‍ എടുത്ത് പത്രങ്ങള്‍ക്ക് കൊടുക്കാന്‍ തക്ക പ്രിന്റുകള്‍ തയ്യാറാക്കിയതദ്ദേഹമായിരുന്നു. അതുപോലെ കേന്ദ്രമന്ത്രിമാരടക്കമുള്ള ദേശീയ നേതാക്കളുടെ പരിപാടികള്‍ക്കും ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയി അദ്ദേഹം പലപ്പോഴും നിയോഗിക്കപ്പെട്ടിരുന്നു.
അതുപോലെ മറ്റൊരു സാങ്കേതിക വിദഗ്ദ്ധനും തൃശ്ശിവപേരൂരില്‍ ഉണ്ടായിരുന്നു. ടൈപ്പ്റൈറ്റര്സര്വീസ് ചെയ്തുവന്ന എക്സെല്‍ ബാലന്, അല്പം മുടന്തുണ്ടെങ്കിലും അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും ഓടിയെത്തുമായിരുന്നു. ഭൂദാനയജ്ഞ പദയാത്രയില്‍ ആചാര്യ വിനോബാജിയുടെ ടൈപ്പ് റൈറ്റര്‍ കേടുവന്നപ്പോള്‍ അത് സര്‍വീസ് ചെയ്തു നേരെയാക്കിയതിനു പുറമേ അവരുടെ കല്ലച്ച് യന്ത്രവും (സൈക്ലോ സ്റ്റൈല്‍) ബാലന് തന്നെ നന്നാക്കിക്കൊടുത്തു. ഈ സേവനങ്ങള്‍ക്ക് വിനോബാജി രാമേട്ടനും, എക്സെല്‍ ബാലനും എഴുതിക്കൊടുത്ത സര്‍ട്ടിഫിക്കറ്റ് അക്കാലത്ത് ഞങ്ങള്‍ക്ക് കാട്ടിത്തരുമായിരുന്നു.
1958-ല്‍ ഞാന്‍ ഗുരുവായൂരില്‍നിന്ന് കണ്ണൂരിലെ പ്രചാരകനായി മാറിച്ചെന്നപ്പോള്‍ അവിടെ തളാപ്പിലുള്ള കാര്യാലയത്തില്‍ കാര്‍ഷികാദായ നികുതി വകുപ്പില്‍ ജോലി ചെയ്ത കുഞ്ഞികൃഷ്ണന് ഉണ്ടായിരുന്നു. അദ്ദേഹം ഹോസ്ദുര്ഗുകാരനും, 1942-ല്‍ അവിടെ സംഘമാരംഭിച്ചപ്പോള്‍ മുതല്‍ സ്വയംസേവകനുമായിരുന്നു. അന്ന് ഹോസ്ദുര്‍ഗ്-കാസര്‍കോട് താലൂക്കുകള്‍ സംഘദൃഷ്ട്യാ കര്‍ണാടകത്തിന്റെ ഭാഗമായിരുന്നതിനാല്‍ അവിടത്തെ സംഘസംബന്ധമായ വിവരങ്ങള്‍ കുഞ്ഞികൃഷ്ണനാണ് ഞങ്ങളെ അറിയിച്ചു വന്നത്. ഹോസ്ദുര്‍ഗിലെ മാത്രമല്ല കാസര്‍കോട്, കുമ്പള തുടങ്ങിയ സ്ഥലങ്ങളിലേയും കാര്യങ്ങള്‍ അറിഞ്ഞത് അങ്ങനെയായിരുന്നു.
ഓഫീസിലെ അവധിദിനങ്ങളില്‍ നാട്ടിലേക്കു പോയ ഒരു പതിവു വേളയ്ക്കുശേഷം തിരിച്ചെത്തിയ കുഞ്ഞികൃഷ്ണന് പറഞ്ഞാണ് കാസര്‍കോട്ട് തൃശ്ശിവപേരൂര്‍ക്കാരന്‍ ഒരു ഫോട്ടോഗ്രാഫര്‍ വന്നതും അദ്ദേഹത്തിന് അവിടത്തെ ആദ്യകാല സ്വയംസേവകര്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തതായും അറിഞ്ഞത്. ഗണപത് നായക് എന്ന ഹാര്ഡ്വെയര് വ്യാപാരിയായിരുന്നു സ്റ്റുഡിയോ ഉടമസ്ഥന്. രാമന് മേനോന് അവര്‍ക്ക് സ്ഥിരം രാമേട്ടനായി. സ്വയംസേവകനെന്ന നിലയ്ക്കും, ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്കും കര്‍തൃശേഷി തികച്ചും പ്രകടമാക്കിയ രാമേട്ടന് കാലം ചെല്കെ, അവിടുത്തുകാരില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഗുരുസ്വാമിയുമായി. ഗണപത് നായക് ക്രമേണ അദ്ദേഹത്തെ ആ സ്റ്റുഡിയോ പൂര്‍ണമായും ഏല്‍പ്പിക്കുകയായിരുന്നു.
തെക്കന്‍ കര്‍ണാടകത്തില്‍ എവിടെ സംഘത്തിന്റെയും ജനസംഘത്തിന്റെയും വലിയ പരിപാടി നടന്നാലും അതിന്റെ ഔപചാരിക ഫോട്ടോഗ്രാഫര്‍ രാമേട്ടനായി. ഒരിക്കല്‍, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി മംഗലാപുരത്തു വന്ന പരിപാടിയുടെ ഔപചാരിക ഫോട്ടോഗ്രാഫറായി മംഗലാപുരം കളക്ടര്‍ നിയോഗിച്ചത് രാമേട്ടനെയായിരുന്നു. ആ ചടങ്ങുകളുടെ ചില ദൃശ്യങ്ങള്‍ അജന്താ സ്റ്റുഡിയോയില്‍ വെച്ചിരുന്നു.
പരേമേശ്വര്ജി കേരളത്തില്‍ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയായി നിയുക്തനായപ്പോള് കാസര്‍കോട് രാമേട്ടന്റെ സ്റ്റുഡിയോ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഒരു മനോഹരവും ഗംഭീരവുമായ എന്‍ലാര്‍ജ് ചെയ്ത ചിത്രം തയ്യാറാക്കി കോഴിക്കോട്ട് സംസ്ഥാന കാര്യാലയത്തില്‍ എത്തിച്ചിരുന്നു. ദീനദയാല്‍ജിയും സുന്ദര്‍സിങ് ഭണ്ഡാര്ജിയും നാനാജി ദേശ്മുഖും, ദത്തോപന്ത് ഠേംഗ്ഡിയുമൊക്കെ ആ ചിത്രം നോക്കിനിന്ന് പ്രശംസിച്ചിട്ടുണ്ട്. അത്ര തന്മയീഭാവത്തോടെ ശ്യാംബാബുവിന്റെ ഗാംഭീര്യവും ആര്‍ദ്രതയും അതില്‍ രാമേട്ടന് ആവാഹിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആ വിശാല മനസ്കതയെ ചൂഷണം ചെയ്തവരുമുണ്ടായിരുന്നു. ഗുരുവായൂരിനു സമീപമുള്ള ഒരു സ്വയംസേവകന് കാസര്‍കോട്ട് വരികയും പഴയ അടുപ്പം പരിഗണിച്ച് രാമേട്ടന്റെ കൂടെ താമസമാക്കി, അവിടത്തെ മുതിര്‍ന്നവരുടെ സഹായത്തോടെ ഫോട്ടോഗ്രാഫിയുടെ തന്ത്രങ്ങള്‍ പഠിച്ച് മിടുക്കനാവുകയും ചെയ്തിരുന്നു. കുറേ മാസങ്ങള്‍ കഴിഞ്ഞ് അയാള്‍ അന്നാട്ടുകാരുടെ വെറുപ്പു സമ്പാദിച്ചു മുങ്ങി, നാട്ടില്‍ ചെന്ന് സ്വന്തമായി ഫോട്ടോഗ്രാഫിത്തൊഴില് വളരെക്കാലം നടത്തി. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.
കോഴിക്കോട്ട് തിരുവണ്ണൂരിലെ പുരാതനമായ സംഘ കുടുംബമായിരുന്നു പാലാട്. അവിടത്തെ മുഴുവന്‍ പേരും സജീവ സംഘപ്രവര്‍ത്തകരാണ്. മൂത്തയാള്‍ സി.പി. രാമചന്ദ്രന് അധ്യാപകനെന്നതിനു പുറമെ കേസരിയുടെ പത്രാധിപത്യവും വഹിച്ചു. നല്ല എഴുത്തുകാരനും കവിയും പ്രഭാഷകനുമായിരുന്നു. അദ്ദേഹത്തിന്റെ അനുജന് സി.പി.സി. പണിക്കര്‍ എന്ന മണിയേട്ടന് സംഘത്തിന്റെ കേരള സഹവ്യവസ്ഥാ പ്രമുഖ് എന്ന നിലയ്ക്ക് കേരളത്തിലെങ്ങും പരിചിതനായിരുന്നു. നരേന്ദ്രന്, ബാലചന്ദ്രന് എന്നീ സഹോദരന്മാരും സജീവ പ്രവര്‍ത്തകരായിരുന്നു. അവരുടെ സഹോദരി സാവിത്രിയെയാണ് രാമേട്ടന് സഹധര്മ്മിണിയാക്കിയത്. അതിനു മുന്‍കയ്യെടുത്തത് മാധവജിയും. ഭാസ്കര്‍റാവു, ഹരിയേട്ടന്, രാ. വേണുഗോപാല്‍, കേസരി രാഘവേട്ടന് മുതലായ മുതിര്‍ന്ന സംഘപ്രചാരകരൊക്കെ ആ അവസരത്തെ അനുഗ്രഹിച്ചു. ഭരതേട്ടന്റെയും മാര്‍ത്താണ്ഡേട്ടന്റെയും കാര്യം പറയുകയും വേണ്ട.
അതിനുശേഷം അവരുടെ ദാമ്പത്യജീവിതത്തിനിടെ കാസര്‍കോട് വീട്ടില്‍ ചെന്നപ്പോഴൊക്കെ സാവിത്രിചേച്ചിയുടെ ആതിഥ്യം അനുഭവിക്കാനും അവസരം ലഭിച്ചു. പക്ഷേ അനപത്യതാ ദുഃഖം അവരുടെ കുടുംബങ്ങളില്‍ മാത്രമല്ല സംഘത്തിന്റെ അഭിജ്ഞനിരകളിലും മ്ലാനതയുണ്ടാക്കി.
ഗുരുവായൂരില്‍നിന്ന് ഞാന്‍ കണ്ണൂരിലെത്തിയ ഏതാണ്ടതേ കാലത്താണ് രാമേട്ടന് തൃശ്ശിവപേരൂരില്‍നിന്ന് കാസര്‍കോട്ടെത്തിയത്. പക്ഷേ, സംഘദൃഷ്ടിയില്‍ രണ്ട് സംസ്ഥാനങ്ങളായതിനാല് സമ്പര്ക്കത്തിനവസരങ്ങള് കുറവായിരുന്നു. എന്നാല്‍ എനിക്കു ജനസംഘ ചുമതലയായപ്പോള്‍ അതു ധാരാളം ലഭിച്ചു. 1963-ല്‍ അവിടത്തെ ഗണേശോത്സവ സമയത്ത് മല്ലികാര്‍ജുന ക്ഷേത്രപരിസരത്ത് വെടിവെപ്പുണ്ടായതിനെത്തുടര്‍ന്ന് ഞാനാദ്യമായി അവിടെ ചെന്നപ്പോള്‍ പരിചിതനായ ഒരേ ഒരാള്‍ രാമേട്ടനായിരുന്നു. അദ്ദേഹം സ്ഥലം കാണിക്കാനും വിവരങ്ങള്‍ അറിയിക്കാനും മുന്‍കയ്യെടുത്തു. പ്രകടനത്തിന്റെയും വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ രംഗത്തിന്റെയും ഫോട്ടോയും തന്നു. ആ ചിത്രമാണ് കേസരിയില്‍ വന്നത്.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2005-ല്‍ അടിയന്തരാവസ്ഥയുടെ 30-ാം വാര്‍ഷികാചരണത്തിന് കാസര്‍കോട്ട് പോയപ്പോള്‍ ആയിരുന്നു അവസാനമായി അദ്ദേഹത്തിന്റെ വസതിയില്‍ പോയത്. സമീപത്തുതന്നെ കാസര്‍കോട്ടെ മറ്റൊരു സ്റ്റുഡിയോ സ്വയംസേവകന് സുന്ദര്റാവുവിന്റെ വീട്ടിലും പോയിരുന്നു. ഇരുവരും സമാന ദുഃഖിതരാണെന്നു തോന്നി. കുമ്പളയിലെ രവീന്ദ്രനും തിരുവനന്തപുരത്തുനിന്നും കുഞ്ഞിക്കണ്ണനും രാമേട്ടന് അന്തരിച്ച വിവരം അറിയിച്ചപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന വിചാരവും വികാരവും ഇവിടെ പകര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: