സ്ത്രീയായാലും പുരുഷനായാലും സ്വന്തം ചിന്തകളുടെ ആകെത്തുകയാണ് ഒരാളെന്ന ബുദ്ധവചനം ഓര്‍മിപ്പിക്കുന്നതാണ് മനു അശോകന് സംവിധാനം ചെയ്ത ‘ഉയരെ’ എന്ന ചിത്രം. പ്രണയിച്ച പെണ്‍കുട്ടി പിന്മാറിയതിന്റെ നീരസത്തില്‍ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് ജീവനോടെ കത്തിച്ചതിന്റെയും കുത്തിപ്പരിക്കേല്‍പ്പിച്ചതിന്റെയും ആസിഡൊഴിച്ച് മുഖം വികൃതമാക്കിയതിന്റെയുമൊക്കെ വാര്‍ത്തകള്‍ തത്സമയം കാണുന്ന നിലയിലേക്കാണ് മലയാളികളുടെ പരിവര്‍ത്തനം.
മക്കളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ ശ്രമിക്കാതെ, മക്കളുടെ താല്പര്യങ്ങള് മനസ്സിലാക്കാതെ, സമൂഹത്തിന് മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാനുള്ള ത്വരയില്‍, സ്വന്തം താല്പര്യങ്ങള് മക്കളില്‍ അടിച്ചേല്‍പ്പിക്കുന്ന രക്ഷിതാക്കളുടെ പ്രശ്നം ഒരു വശത്ത്. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് തനിക്ക് വേണ്ടത് എന്താണെന്ന് ആത്മവിശ്വാസത്തോടെ ഉറക്കെപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കാത്ത യുവതയുടെ പ്രശ്നം മറുവശത്ത്. ഈ രണ്ട് ചേരികള്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് ‘ഉയരെ’ പറഞ്ഞുവയ്ക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കേരള സമൂഹം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുത്.
ഉയരങ്ങളിലേക്ക് പറന്ന പാര്‍വ്വതി
ബുദ്ധിയും ചിന്താശേഷിയും ജീവിതാഭിലാഷവുമുള്ള പല്ലവി രവീന്ദ്രന് എന്ന മലയാളി പെണ്‍കുട്ടിയായി പാര്‍വ്വതി തിരുവോത്ത് മുന്‍ചിത്രങ്ങളിലെ പോലെ തന്നെ സത്യസന്ധമായ അഭിനയ ശേഷിയാണ് വെളിവാക്കുന്നത്. പ്രണയം അകലുന്നതില്‍ പരിഭവിച്ച് പരിഭ്രാന്തനായ കൂട്ടുകാരനായി ആസിഫലിയും മധ്യവര്‍ഗ്ഗ കുടുംബത്തിലെ പെണ്‍കുട്ടിയുടെ അച്ഛനായി സിദ്ധിക്കും ഓര്‍മയില്‍ നില്ക്കുന്ന നടന ചാരുതയാണ് പകരുന്നത്. ഉത്തമ പുരുഷന് ഇങ്ങനെ വേണം എന്ന പരസ്യ വാചകം പോലെയാണ് ടൊവിനോതോമസിന്റെ കഥാപാത്രം വന്നുപോകുന്നത്. യഥാര്‍ത്ഥത്തില്‍ പാര്‍വ്വതി എന്ന അഭിനേത്രിയുടെ ചിറകുകളിലാണ് ‘ഉയരെ’പറന്നുയരുന്നത്.
സര്‍പ്രൈസുകളില്ലാത്ത മേക്കിങ്
തിരക്കഥാകൃത്തെന്ന നിലയ്ക്ക് കഴിവ് തെളിയിച്ചവരാണ് ബോബി-സഞ്ജയ് കൂട്ടുകെട്ട്. പക്ഷെ ‘ഉയരെ’ സ്ത്രീശാക്തീകരണവും, തകരുന്ന പ്രണയത്തിന്റെ പേരിലുള്ള കടന്നാക്രമണങ്ങളും ബോധപൂര്‍വ്വം പറയാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്തതാണെന്ന തോന്നല്‍ പ്രേക്ഷകരില്‍ പലപ്പോഴും സൃഷ്ടിക്കുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന വഴിത്തിരിവുകളൊന്നുമില്ലാതെ ചിത്രം തുടങ്ങി 10 മിനിട്ടിനകം തന്നെ പ്രേക്ഷകര്‍ക്ക് സുതാര്യമായി എല്ലാം ഊഹിക്കാന്‍ ഇടനല്കി എന്നിടത്താണ് തിരക്കഥാകൃത്തും സംവിധായകനും പുനര്‍വിചിന്തനം നടത്തേണ്ടത്.
പല്ലവി രവീന്ദ്രന് എന്ന പെണ്‍കുട്ടിയുടെ മനോധൈര്യവും സ്വപ്നസാക്ഷാത്കാരവുമൊക്കെ കുറച്ച് കൂടി വിശദമാക്കി അവതരിപ്പിക്കേണ്ടിയിരുന്നു. അച്ഛന്റെയും സുഹൃത്തുക്കളുടെയും തണലിലും ദയാവായ്പിലും കൂടി മാത്രം ഇടം കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയായി പല്ലവിയെ ചുരുക്കിക്കെട്ടാന്‍ പാടില്ലായിരുന്നു. ലക്ഷ്യസാക്ഷാത്കാരത്തിനായി സ്വന്തം നിലയില്‍ അവള് എന്ത് പരിശ്രമം നടത്തുന്നു എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം.
ആസിഡ് ആക്രമണത്തിന് വിധേയരായി സമാനസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ അടുത്തേയ്ക്ക് ഡല്‍ഹിയില്‍വെച്ച് സുഹൃത്തായ പെണ്‍കുട്ടിയാണ് പല്ലവിയെ കൂട്ടിക്കൊണ്ടുപോകുന്നത്. യാദൃശ്ചികമായി പരിചയപ്പെടുന്ന മറ്റൊരു സുഹൃത്താണ് (ടൊവിനോ) ജോലിയിലേക്കും തുടര്‍ സ്വപ്ന സാക്ഷാത്കാരത്തിലേക്കും അവളെ കൈപിടിച്ച് കൊണ്ടുപോകുന്നത്. ആദ്യം അച്ഛനോടും പിന്നീട് പ്രണയിയോടും തുടര്‍ന്ന് സുഹൃത്തുക്കളോടുമുള്ള പല്ലവിയുടെ പരാശ്രയത്വത്തിന് കുറച്ച് മിതത്വം വേണ്ടിയിരുന്നു.
നിര്‍ജീവമായ ബാക്ക് ഗ്രൗ@് സ്കോര്‍
ഒരു ചിത്രം പ്രേക്ഷകരോട് വിജയകരമായി സംവദിക്കുന്നതില്‍ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല. വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ ആകര്‍ഷണീയമായ ബിജിഎമ്മിലൂടെ പതിന്മടങ്ങ് മനോഹരമാക്കാന്‍ കഴിയും. അതിന് ഒരുപാട് സാദ്ധ്യത ഉണ്ടായിരുന്ന ചിത്രമാണ് ‘ഉയരെ’. എന്തുകൊണ്ടോ ഒരുതരത്തിലും ചിത്രത്തെ സഹായിക്കുന്ന വിധത്തില്‍ ഉയരാന്‍ കഴിയാതെ ബിജിഎം പരാജയപ്പെട്ടുപോയി.
ഉസ്താദ് ഹോട്ടല്‍, 1983, ബാംഗ്ലൂര്‍ ഡെയ്സ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദറെന്ന കാര്യം മറക്കാനും കഴിയുന്നില്ല.
ഈ കാലം ആവശ്യപ്പെടുന്ന ചിത്രം
ബുദ്ധിയും വകതിരിവുള്ള ഹൃദയവും ചേര്‍ന്ന് സ്വാഭിമാനമുള്ള വ്യക്തിത്വമാണ് ഒരാളുടെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പറയാതെ പറയാന്‍ ‘ഉയരേ’ക്ക് കഴിഞ്ഞിട്ടുണ്ട്. തൊലിവെളുപ്പും പുറം മോടിയും മാത്രമല്ല യഥാര്‍ത്ഥ സൗന്ദര്യമെന്ന് ചിത്രം അടിവരയിടുന്നു. ആസിഡാക്രമണത്തില്‍ മുഖം നഷ്ടപെട്ട പല്ലവി രവീന്ദ്രന് ഷാളിന്റെ മറയില്ലാതെ മുഖം കാട്ടാന്‍ തുടങ്ങുന്നിടത്ത് അസാമാന്യ ധൈര്യമുള്ള സ്ത്രീ സൗന്ദര്യമാണ് നമ്മള് കാണുന്നത്.
അപ്രസക്തമായ ദൈനംദിന കാര്യങ്ങളില്‍ തുടങ്ങി വേഷവും ഭക്ഷണവും എന്തിന് മുടിക്കെട്ടുപോലും സ്വന്തം താല്പര്യത്തിന് വിരുദ്ധമായി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ നിരവധിയുള്ള നാടാണ് കേരളം. ആ തലങ്ങളില്‍ നിന്ന്് നോക്കുമ്പോള്‍ ‘ഉയരെ’ ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടെങ്കിലും കാലഘട്ടം ആവശ്യപ്പെടുന്ന ചിത്രം തയൊണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ പി.വി. ഗംഗാധരന്റെ പെണ്മക്കളായ ഷെനുഗ,ഷെഗ്ന,ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ടുള്ള ചിത്രം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: