കൊല്ലം: കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 4.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയ്ക്ക് മുമ്പ് കടുത്ത പനി മൂലം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ന്യുമോണിയ ബാധയാണെന്ന് കണ്ടാണ് നാലുദിവസം മുന്‍പ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, എ. കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.
വിലാപയാത്രയായി ഭൗതികദേഹം കൊല്ലം ഡിസിസിയിലെത്തിച്ചു. പാരിപ്പള്ളിയിലും ചാത്തന്നൂരിലുമടക്കം നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. വൈകുന്നേരം അഞ്ചിന് മുളങ്കാടകം ശ്മശാനത്തില്‍ ഭൗതികശരീരം പൂര്‍ണ്ണ ഒദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മകന് ഷാജിയും അനന്തരവന് സജിയും ചേര്‍ന്ന് ചിതക്ക് തീകൊളുത്തി. തുടര്‍ന്ന് ചിന്നക്കടയില്‍ അനുശോചനയോഗം ചേര്‍ന്നു.
കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ അഞ്ചു തവണ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. നാലു തവണ മന്ത്രിയായി. കെ. കരുണാകരന്, ഏ.കെ ആന്റണി മന്ത്രിസഭകളില്‍ വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ വിജയമ്മ ഹെഡ്മിസ്ട്രസ്സായിരുന്നു. മക്കള്‍: ഡോ: മിനി, ഷാജി. മരുമക്കള്‍: പ്രേകുമാര്‍ (ഐഎസ്ആര്‍ഒ കണ്ട്രോള് ഡിവിഷന് ഡയറക്ടര്‍), ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: