എന്നും ശ്രദ്ധാകേന്ദ്രമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. മുന്‍പ് നിലവാരത്തിന്റെ പേരിലായിരുന്നു. ഇന്ന് നിലവാരത്തകര്‍ച്ചയുടെ പേരിലാണെന്നു മാത്രം. അധോലോക നിലവാരത്തിലേയ്‌ക്കുള്ള വളര്‍ച്ച എന്നുപറയുന്നതാവും കൂടുതല്‍ ശരി. അക്കാദമിക് പഠനത്തിനൊപ്പം ഭാവി സഖാക്കളുടെ അങ്കക്കളരികൂടി ആയിരിക്കുകയാണ് ഈ കലാലയം. രണ്ടാമത്തേതിനാണു പരിഗണന കൂടുതലും. കാമ്പസ്സിനുള്ളില്‍ സര്‍വാധിപത്യം സ്ഥാപിച്ചിരിക്കുന്ന എസ്എഫ്ഐ എന്ന ഇടതു വിദ്യാര്‍ഥിസംഘടനയുടെ ഇരുമ്പുമറയ്‌ക്കുള്ളിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപായി മാറിക്കഴിഞ്ഞു കോളേജ്. ഞങ്ങള്‍ പറയുന്നതേ നടക്കാവൂ എന്നതിനപ്പുറം ഞങ്ങള്‍ പറയുന്നതു പോലെയേ ചിന്തിക്കാവൂ എന്ന നിലയിലേയ്‌ക്കാണവിടെ കാര്യങ്ങള്‍ അവര്‍ കൊണ്ടുപോകുന്നത്. ചിന്തകള്‍ക്കുപോലും വിലങ്ങിടുന്ന നവകമ്യൂണിസ്റ്റ് താവളമായി മാറിയിരിക്കുന്നു, ഭരണ സിരാകേന്ദ്രത്തിനു തൊട്ടടുത്തുള്ള കോളേജ്.
ഏതാനും ദിവസം മുന്‍പ് കുറിപ്പെഴുതിവച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയുടേതാണ് അവിടെനിന്ന് ഉയര്‍ന്നുകേട്ട ഏറ്റവും ഒടുവിലത്തെ രോദനം. കയ്യിലെ ഞരമ്പ് മുറിച്ച കുട്ടി മരിക്കാത്തത് മുറിവിന് ആഴം കുറവായിരുന്നതു കൊണ്ടുമാത്രമായിരുന്നു. വൈകിട്ട് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ പിറ്റേന്നാണ് ഹോസ്റ്റലില്‍ അവശയായി കണ്ടെത്തിയത്. മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ തളര്‍ന്ന വിദ്യാര്‍ഥിനി എഴുതിവച്ചിരുന്ന കുറിപ്പില്‍ പറയുന്നതെല്ലാം സ്വന്തം സഹപാഠികള്‍ അടക്കമുള്ളവരുടെ ക്രൂരതയേക്കുറിച്ചാണ്. താനിനി ആ കോളജിലേയ്‌ക്ക് ഇല്ലെന്നു പെണ്‍കുട്ടി ഉറപ്പിച്ചുപറയുന്നത് അവിടത്തെ ഭരണസംവിധാനത്തിനുപോലും ഈ സംഘടനയുടെ കൈപ്പിടിയില്‍നിന്നു മോചനമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്. പ്രിന്‍സിപ്പല്‍പോലും നിസ്സഹായനാകുന്ന അവസ്ഥ. പക്ഷേ, ആ വിദ്യാര്‍ഥിനിയെ മാനസികരോഗിയെന്ന് മുദ്രകുത്തി അപമാനിക്കാനാണ് എസ്എഫ്ഐയും പൊലീസും ശ്രമിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടെ കാമ്പസ്സിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കുകണക്കില്ല. വ്യത്യസ്തചിന്തയുടെ പേരില്‍ അധ്യാപകരടക്കം ആക്രമിക്കപ്പെട്ടു. അതിഥിയായെത്തിയവര്‍പോലും അക്രമത്തിനും അവഹേളനത്തിനും പാത്രമായി. പകപോക്കാന്‍ പെണ്‍കുട്ടികളെ സ്വഭാവദൂഷ്യം ആരോപിച്ചു നാണംകെടുത്തി. പക്ഷേ, ഒന്നില്‍ പോലും എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പ്രിന്‍സിപ്പലിന്റെ ഇരിപ്പിടത്തിനു തീയിടുകയും സഹപാഠിയെ കുത്തിവീഴ്‌ത്തുകയും ചെയ്ത എറണാകുളം മഹാരാജാസ് കോളേജിന്റെയും വിടപറയുന്ന പ്രിന്‍സിപ്പലിനു പട്ടട തീര്‍ത്ത പാലക്കാട് വിക്ടോറിയ കോളേജിന്റെയും ഒരുപടി മുന്നില്‍ സഞ്ചരിക്കുകയാണ്, ഒരുകാലത്തു തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായിരുന്ന യുണിവേഴ്സിറ്റി കോളേജ്.
നാളെ നാടുഭരിക്കേണ്ടവരെന്നു സ്വയം മേനിനടിക്കുന്ന പുതുതലമുറയുടെ പോക്ക്, മുന്‍ തലമുറയുടെ വഴിക്കുതന്നെയായതില്‍ അത്ഭുതപ്പെടാനില്ല. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേയല്ലേ സഹഗോക്കള്‍ പോകൂ. എതിര്‍ക്കുന്നവരെ വെട്ടിനിരത്തിയും കുത്തിമലര്‍ത്തിയും കയ്യൂക്കിന്റെ ഭരണം നടത്തുന്നവര്‍ അത്തരം ഒറ്റക്കൊറ്റയ്‌ക്കുള്ള വണ്‍, ടു, ത്രീ നടപടിയും കടന്ന് സമൂഹത്തെ ഒന്നാകെ ചവിട്ടിമെതിക്കുന്ന ശൈലിയിലേയ്‌ക്കു കടന്നിരിക്കുകയാണല്ലോ. അതൊക്കെ പുതിയ തലമുറയ്‌ക്കുള്ള കളരിയാക്കി മാറ്റാനാവും മുതിര്‍ന്ന സഖാക്കളുടെ വ്യഗ്രത. ആ നിലവാരത്തിനൊത്ത് ഉയരാനുള്ള ശ്രമത്തിലാണ് കുട്ടിസഖാക്കള്‍. പക്ഷേ, അവരല്ലല്ലോ കേരളത്തിന്റെ ഭാവി നിശ്ചയിക്കേണ്ടത്. ഭാവിഭരണകര്‍ത്താക്കളെ നിശ്ചയിക്കുന്ന ഇത്തരം മൂശകള്‍ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. ഒരു കോളജും ഒരു സര്‍വകലാശാലയും ആരുടേയും കുത്തകയല്ല. ആവുകയുമരുത്. ആര്‍ക്കും ബാലികേറാമലയുമാകരുത്. കൈക്കരുത്തല്ല ബൗദ്ധികമികവാകണം മുഖമുദ്ര. അതിനു ഭരണതലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവുകതന്നെ വേണം. അതു നടക്കണമെങ്കില്‍, സ്വന്തം പാര്‍ട്ടി വളര്‍ത്തുന്നതിനപ്പുറമൊരു മാനം കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമുണ്ടെന്ന തിരിച്ചറിവുള്ളവര്‍ ഭരണം കൈകാര്യം ചെയ്യണം. രാജ്യവിരുദ്ധ മുദ്രാവാക്യം മാത്രം മുഴങ്ങിയിരുന്ന ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെപ്പോലും വിഘടനവാദ, തീവ്രവാദമുക്തമാക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലെ കോളേജുകളില്‍ ശുദ്ധീകരണം സാധ്യമല്ലാതെ വരുമോ? ഏതിനും മാര്‍ഗമുണ്ട്. പക്ഷേ, മാര്‍ഗം മാത്രമല്ല, മനസ്സും ഇച്ഛാശക്തിയുംകൂടി വേണം. അതാണു കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: