നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിനു പിന്നില്‍ കുടുംബ പ്രശ്നം. കേസ് വഴിത്തിരിവായത് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ. ഭര്‍ത്താവും അമ്മയും അടക്കം നാലുപേര്‍ അറസ്റ്റില്‍. ഇതോടെ ബാങ്ക് വായ്പാ കുടിശികയാണ് കാരണമെന്ന് ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത് കളവാണെന്നും വെളിവായി.
മഞ്ചവിളാകം മലയില്‍ക്കട വൈഷ്ണവത്തില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (41), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ചൊവ്വാഴ്ച് ഉച്ചയ്ക്ക് വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്. മകള്‍ സംഭവ സ്ഥലത്തും അമ്മ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മരിച്ചു.
കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതര്‍ എത്തുമെന്നും ഇതിന്റെ മനോവിഷമത്തിലാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നുമായിരുന്നു ആരോപണം. ബാങ്കിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ഫോറന്‍സിക് വിദഗ്ധര്‍ വീട് പരിശോധനയ്ക്കിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. ഇതോടെ ആത്മഹത്യയ്ക്ക് ഇടയാക്കിയത് ബാങ്ക് അധികൃതരുടെ നിലപാടാണ് എന്ന ആരോപണം പൊളിഞ്ഞു, അന്വേഷണം ചന്ദ്രനിലേക്കും കുടുംബാംഗങ്ങളിലേക്കുമായി.
ഇരുവരും കത്തിയമര്‍ന്ന മുറിയുടെ ചുവരില്‍ ആത്മഹത്യാക്കുറിപ്പ് ഒട്ടിച്ച നിലയിലായിരുന്നു. ചുവരില്‍ ചില വാക്കുകളും രേഖപ്പെടുത്തിയിരുന്നു. കുറിപ്പിന്റെ പകുതി ഭാഗം കത്തിയമര്‍ന്നു. വസ്തുത്തര്‍ക്കവും കുടുംബ പ്രശ്നങ്ങളും മന്ത്രവാദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭര്‍ത്താവ് ചന്ദ്രന്, ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശി എന്നിവരാണ് ഉത്തരവാദികളെന്നും കുറിപ്പിലുണ്ട്. തുര്‍ടന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാത്തതെന്നുമാണ് പോലീസ് പറയുന്നത്. ആത്മഹത്യയെ തുടര്‍ന്ന് വലിയ നാടകീയ സംഭവങ്ങളാണ് നെയ്യാറ്റിന്‍കരയില്‍ അരങ്ങേറിയത്. പ്രതിഷേധങ്ങള്‍ ശക്തമായി. ബാങ്ക് മാനേജരെ ഉപരോധിച്ചു. അന്നേ ദിവസം അന്വേഷണം നടത്തിയ എഡിഎം ബാങ്കിനെതിരെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. ബാങ്കിന്റെ നടപടി തെറ്റെന്ന് കാട്ടി മന്ത്രിമാരായ തോമസ് ഐസക്കും ഇ. ചന്ദ്രശേഖരനും രംഗത്തെത്തി.
പനച്ചുമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി. രേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് 12.45ന് വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും, ബന്ധുക്കളും വൈഷ്ണവി പഠിച്ചിരുന്ന കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: