ഇടുക്കി: കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ സ്ട്രോങ്റൂം തുറന്നുള്ള പരിശോധന വോട്ടെണ്ണല്‍ ദിനമായ 23ലേക്ക് മാറ്റി. ഇന്നലെ കളക്ട്രേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ സ്ഥാനാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് ആരോപണ വിധേയനായ രഞ്ജിത് എന്നയാള്‍ രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ബിഎല്‍ഒമാരുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു. പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഇയാളുടെ ഫോട്ടോ ഒന്ന് തന്നെയാണെന്നും കണ്ടെത്തിയിരുന്നു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതിയില്‍ ആണ് ജില്ലാ കളക്ടറുടെ നടപടി.
കോതമംഗലം നിയോജക മണ്ഡലത്തില്‍ 108, 106 ബൂത്തുകളില്‍ അനില്‍ നായര്‍ എന്നയാള്‍ ഇരട്ടവോട്ട് ചെയ്തതായി സിപിഎമ്മും പരാതി നല്‍കിയിട്ടുണ്ട്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ഇതിനാലാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആവശ്യമായ സമയമെടുത്ത് ഇത് പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് കളക്ടര്‍ എച്ച്. ദിനേശന് ജന്മഭൂമിയോട് പറഞ്ഞു. കള്ളവോട്ട് വിഷയത്തില്‍ എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി നല്കുന്ന സ്ലിപ്പ് പരിശോധിച്ചെങ്കില്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂ. ഇതിനാണ് സ്ട്രോങ് റൂം തുറക്കാന്‍ നേരത്തെ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: