ബാലകൃഷ്ണന്, കെ. മണികണ്ഠന്
കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസുകാരായ ശരത്ലാല്, കൃപേഷ് എന്നിവരെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്ഠന്, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.
വോട്ടെടുപ്പില്‍ തിരിച്ചടി നേരിടുന്നത് കുറയ്ക്കാനായി സിപിഎം ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിപ്പിച്ചതെന്ന് ആരോപണം. കൊലയ്ക്കു ശേഷം പ്രതികള്‍ ഉദുമയ്ക്കടുത്തുള്ള വെളുത്തോളിയില്‍ എത്തി ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെട്ടുവെന്നാണ് വ്യക്തമായത്. തുടര്‍ന്ന് മണികണ്ഠനും ബാലകൃഷ്ണനും ചേര്‍ന്ന് പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും സഹായം നല്കി. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കത്തിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
കേസന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം അവസാനം പരിഗണിക്കുന്നുണ്ട്. ഇതിനു മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഉടനെ ഇവര്‍ക്ക് ജാമ്യം ലഭിച്ചത് സിപിഎമ്മും അന്വേഷണസംഘവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സംശയമുണ്ട്. അന്വേഷണം കോടതി മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കാതിരിക്കാനാണ് ഈ നീക്കം. ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപ കെട്ടിവച്ച് രണ്ട് ആള് ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ഏത് സമയത്തും അന്വേഷണ ഉദ്യാഗസ്ഥരുടെ മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: