കൊല്ലം: പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസിലെ 7 പ്രതികള്‍ക്ക് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും അടയ്‌ക്കണം. പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. കൊല്ലം ്അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരവിപുരം സ്വദേശി മനോജ് (പാമ്പ് മനോജ്- 48), നെടുങ്ങോലം സ്വദേശി രഞ്ജിത് (കാട്ടുണ്ണി- 32), പൂതക്കുളം പാണാട്ടുചിറയില്‍ ബൈജു (കൈതപ്പുഴ ഉണ്ണി- 45), ഡീസന്റ് ജംക്ഷന്‍ കോണത്തുകാവിനു സമീപം പ്രണവ് (കുക്കു- 26), ഡീസന്റ് ജംക്ഷന്‍ സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് ( 44), വടക്കേവിള സ്വദേശി റിയാസ് ( 34) എന്നിവരെയാണു കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.2018 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് ഒപ്പം താമസിപ്പിച്ചതിന്റെ വിരോധത്തിലാണ് ആസൂത്രിതമായ കൊലപാതകം നടന്നത്.
















