ആലപ്പുഴ: സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ ശ്രമിക്കുന്നെന്ന പരാതി സിപിഎം തന്നെ അന്വേഷിക്കുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനം പരിഹാസ്യമെന്ന് ആക്ഷേപം. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ സ്മാരകം കത്തിച്ചപ്പോള്‍ പോലീസില്‍ പോലും പരാതി നല്‍കാത്ത സിപിഎമ്മിന് ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അന്വേഷണം നടത്തുന്ന സിപിഎം ഇതുവരെ സ്മാരകം കത്തിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ പോലും തയാറായിട്ടില്ല. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി പ്രാദേശികനേതാക്കള്‍ ഇടപെടുന്നതായുള്ള പ്രധാന സാക്ഷിയുടെ പരാതി വാര്‍ത്തയായ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
കൃഷ്ണപിള്ള സ്മാരകമായ വീടും ഭൂമിയും പാര്‍ട്ടിക്ക് വിട്ടുനല്‍കിയ കണ്ണര്‍കാട് ചെല്ലിക്കണ്ടം കുടുംബാംഗവും, പാര്‍ട്ടി അംഗവുമായ ആര്. ഷിബുവാണ് കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി തന്നെ ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയത്.
സംഭവം വിവാദമായായതോടെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയാണ് തീരുമാനിച്ചത്. കേസില്‍ മൊഴിമാറ്റാന്‍ പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ പ്രേരിപ്പിച്ചെന്നായിരുന്നു ഷിബുവിന്റെ പരാതി. ഷിബു, അമ്മ പുഷ്പവല്ലി, ബന്ധുക്കളായ സി.ആര്. അജയന്, സി.എന്‍. തിലകന്, സുജാത തുടങ്ങിയവരെല്ലാം കേസിലെ സാക്ഷികളാണ്. ഇവരെല്ലാം സ്മാരകത്തിന് സമീപമാണ് താമസിക്കുന്നത്. കേസിന്റെ വിചാരണ നടക്കുന്ന ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇവര്‍ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് എന്നിവരും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയിലാണ് സ്മാരകം കത്തിച്ച സംഭവത്തില്‍ പാര്‍ട്ടി പരാതി നല്‍കിയിട്ടില്ലെന്നും, സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയത്. സ്മാരകത്തിന്റെ ഉടമകളായ സിപിഎമ്മിലെ ചിലര്‍ തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഏറെ ഗുരുതരമാണ്.
കേസിലെ 77 സാക്ഷികളില്‍ ഒട്ടേറെ പേര് ഇതിനകം കൂറുമാറിയതും ഇവരുടെ പ്രേരണയാലാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാന്‍ സാക്ഷികള്‍ തയാറാകണമെന്നും ആവശ്യം ഉയരുന്നു.
അട്ടിമറി വെളിച്ചത്താക്കിയ സഖാവിനെ സിപിഎം പുറത്താക്കി
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്ന വിവരം നേതൃത്വത്തെ അറിയിച്ച പാര്‍ട്ടിയംഗത്തെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. കേസിലെ പ്രോസിക്യൂഷന് സാക്ഷി കണ്ണര്‍കാട് ചെല്ലിക്കണ്ടം കുടുംബാംഗം ആര്. ഷിബുവിനെ പുറത്താക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി എന്നതാണ് കുറ്റം.
കൃഷ്ണപിള്ള അവസാന കാലത്ത് ഒളിവില്‍ താമസിച്ച വീടും സ്ഥലവും സിപിഎമ്മിന് വിട്ടു നല്കിയ കുടുംബത്തിലെ അംഗമാണ് ഷിബു. കേസ് നല്ല രീതിയില്‍ നടത്തി കുറ്റവാളികളെ ശിക്ഷിക്കുക എന്നതല്ല, അട്ടിമറി ശ്രമം തുറന്നുകാട്ടിയ പ്രവര്‍ത്തകനെ വെട്ടിനിരത്തിയതിലൂടെ പ്രതികളെ സംരക്ഷിക്കുകയെന്നതാണ് പാര്‍ട്ടി നയമെന്ന് വ്യക്തമാകുകയാണെന്നാണ് ആക്ഷേപം. ഇതോടെ ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ കഞ്ഞിക്കുഴിയിലെ നിരവധി പേര് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: