രാജ്യത്തിന്റെ നിയമവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കേണ്ട പോലീസ്സേന നേരിടുന്നത് കടുത്ത നീതിനിഷേധം. സേനയ്ക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങിയ സിപിഎമ്മിനെതിരായ കലാപക്കൊടി നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുവരെ എത്തി നില്ക്കുന്നു. കത്തിക്കയറുന്ന പോലീസിലെ പോസ്റ്റല്ബാലറ്റ് വിഷയം സിപിഎം ഒരുഭാഗത്തുനിന്ന് അഴിക്കാന്‍ ശ്രമിക്കുമ്പോള്‍ കുരുക്ക് മുറുകുകയാണ്. തലസ്ഥാനത്ത് തുടക്കമിട്ട വിവാദം തൃശൂര്‍ കടന്ന് കാസര്കോട്ട്വരെ എത്തി. ഇത് തുടര്‍ന്നാല്‍ സേനയില്‍ ഇടതുപക്ഷത്തിനുള്ള സ്വധീനം എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ സജീവമായിരുന്നു.
പോലീസ് സേനയില്‍ സിപിഎം ഫ്രാക്ഷന് പ്രവര്‍ത്തിക്കുന്നെന്ന കാര്യം പല വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ സെല്ലും സേനയില്‍ ഉണ്ടെന്ന മറുവാദത്തില്‍ കേരളീയര്‍ക്കിടയില്‍ കാര്യമായ പ്രാധാന്യം ലഭിച്ചില്ല. സംസ്ഥാന പോലീസ് സേനയില്‍ കോണ്‍ഗ്രസ്, സിപിഎം അനുഭാവികളല്ലാതെ നിഷ്പക്ഷരായ സേനാംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത് സിപിഎമ്മിനെ തെല്ലുമല്ല ആശങ്കയിലാക്കിയത്. ഭരണത്തിന്റെ പിന്‍ബലത്തില്‍ പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സിപിഎം പിടിച്ചെടുത്തു. എന്നാല്‍ അസോസിയേഷന് ഭാരവാഹികള്‍ തമ്മില്‍ പിണറായി ഭക്തിയില്‍ ആരാണ് കേമന്‍ എന്ന മത്സരം ഉടലെടുത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇത് വളരെ രഹസ്യ സ്വാഭാവം പുലര്‍ത്തി പ്രവര്‍ത്തിച്ചുപോന്നിരുന്ന സിപിഎം ഫ്രാക്ഷന്റെ പ്രവര്‍ത്തനം മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ കാരണമായി.
അസോസിയേഷന് സമ്മേളനത്തില്‍ രക്തസാക്ഷി മണ്ഡപം നിര്‍മ്മിച്ചത്, ഉദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യവേല, അസോസിയേഷന് ഓഫീസിനുമുന്നില്‍ നേതാക്കള്‍ തമ്മില്‍ നടന്ന കൈയാങ്കളി, മന്ത്രിയുടെ വീടുകളിലെ ഡ്യൂട്ടി സംബന്ധമായ തര്‍ക്കങ്ങള്‍ തുടങ്ങിയവ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട പോലീസുകാരുടെ രാഷ്ട്രീയം അന്വേഷിച്ചതും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പ്രവേശിക്കാതിരിക്കാന്‍ അസോസിയേഷന് നേതാക്കളുടെ ഇടപെടലും ജന്മഭൂമി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പൊതുജനസമക്ഷം എത്തിച്ചു. അസോസിയേഷനുള്ളിലെ പ്രശ്നങ്ങള്‍ അതത് സമയങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബന്ധപ്പെട്ടവര്‍ പറഞ്ഞ് വിലക്കിയെങ്കിലും ഫ്രാക്ഷനുള്ളിലെ ലഹള കെട്ടടങ്ങിയില്ല. ഒടുവില്‍ ഭാരതപൗരന് എന്ന നിലയില്‍ തങ്ങളുടെ സമ്മതിദാനം ഇഷ്ടമുള്ളവര്‍ക്ക് വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി സേനാംഗങ്ങളില്‍നിന്നു വന്നതോടെ കുരുക്ക് കൂടുതല്‍ മുറുകി.
പ്രളയത്തില്‍ കൈയയച്ച് സഹായിച്ച ഉദ്യോഗസ്ഥര്‍ സാലറിചലഞ്ചില്‍ പങ്കെടുക്കണമെന്നും ഇല്ലാത്തപക്ഷം പ്രതികാരനടപടികള്‍ ഉണ്ടാകുമെന്നുമുള്ള ഭീഷണിയില്‍ പലരും തുകനല്‍കി. ഇതിനുപിന്നാലെ പാര്‍ട്ടിപത്രമായ ദേശാഭിമാനിയുടെ പിരിവുകൂടിയായപ്പോള് ഉദ്യോഗസ്ഥരുടെ നടുവൊടിഞ്ഞു. കൂനിന്മേല് കുരുവെന്ന നിലയ്ക്ക് സിപിഎം തെരഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി വീണ്ടും ഉദ്യോഗസ്ഥരുടെ മുന്നില്‍ ഉരുട്ടിയ കണ്ണുമായി സമീപിച്ചതോടെ പലരുടേയും നിയന്ത്രണം വിട്ടു. അസോസിയേഷന് നേതാക്കള്‍ക്കെതിരെ പലരും പ്രത്യക്ഷമായി രംഗത്തുവന്നു. ഇത് അച്ചടക്കമുള്ള സേനാസങ്കല്പത്തെത്തന്നെ ബാധിച്ചു.
പോസ്റ്റല്ബാലറ്റ് വിഷയത്തിന്റെ തുടക്കംമുതല്‍ സിപിഎം നേതൃത്വം ഇടപെടലുകള്‍ നടത്തിയെങ്കിലും കൂടുതല്‍ ജില്ലകളില്‍ നിന്നു പരാതികള്‍ ഉയര്‍ന്നതോടെ പാര്‍ട്ടിയുടെ കൈപ്പിടിയില്‍ ഒതുങ്ങാതായി. സംസ്ഥാനത്തിന്റെ ഭൂരിഭാഗം ലോകസഭാ മണ്ഡലങ്ങളിലും ഇക്കുറി ത്രികോണമത്സരമാണ് നടന്നത്. 10 വോട്ടുകള്‍ പോലും വിധി നിര്‍ണയിച്ചേക്കാവുന്ന തെരഞ്ഞെടുപ്പ്. 60,000 വരുന്ന പോലീസ് വോട്ടുകള്‍ പല മണ്ഡലങ്ങളിലും ആരു ജയിക്കണമെന്ന് തീരുമാനിച്ചേക്കും. ഇതാണ് പോസ്റ്റല്‍ ബാലറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഇന്റലിജന്‍സ് ഡിജിപിക്ക് റിപ്പോര്ട്ടുസമര്പ്പിച്ചത് ഭരണത്തിലിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. റിപ്പോര്‍ട്ടില്‍ കാലതാമസം വരുത്താന്‍ സര്‍ക്കാര്‍ തലത്തിലും സിപിഎം ഉദ്യോഗസ്ഥതലത്തിലും ഇടപെടല്നടന്നു. എന്നാല്‍ സിപിഎം ഫ്രാക്ഷനുള്ളില്ത്തന്നെ പോസ്റ്റല്ബാലറ്റ് പിടിച്ചെടുക്കുന്നതില്‍ ഉണ്ടായ അഭിപ്രായവ്യത്യാസം ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് ഡിജിപിയുടെ മേശപ്പുറത്തെത്താന്‍ കാരണമായി.
ഡിജിപിയുടെ മുന്നിലെ ഫയലിന്മേലുള്ള നടപടി വൈകിപ്പിക്കാനും സിപിഎം ഫ്രാക്ഷന് തലത്തില്‍ സമ്മര്‍ദം ഉണ്ടായി. എന്നാല്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യതലങ്ങളിലേയും ഇടപെടല്‍ റിപ്പോര്ട്ടിന്മേല് അടയിരിക്കാന്‍ ലോക്നാഥ് ബഹറയെ അനുവദിച്ചില്ല. ആരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും വിജയംകണ്ടില്ല.
അസോസിയേഷനിലെ താഴെത്തട്ടിലുള്ളവര്ക്കെതിരെ നടപടി സ്വീകരിച്ച് നേതാക്കളെ രക്ഷിക്കാനുള്ള അടുത്ത ശ്രമവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ഇടപെടലില്‍ പരാജയപ്പെട്ടു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് വഴിയെ തീരുമാനങ്ങള്‍ മുന്നോട്ട് നീക്കാന്‍ സാധിക്കൂ. ഇതോടെ സാധാരണ ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കാനുള്ള പോലീസ് മേധാവിയുടെ ശ്രമം പരാജയപ്പെട്ടു. അന്വേഷണം കൈംബ്രാഞ്ചിന് കൈമാറിയതോടെ സിപിഎമ്മിനു നേരെയുള്ള കുരുക്ക് കൂടുതല്‍ മുറുകി. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാനമൊട്ടാകെ പോസ്റ്റല്‍ ബാലറ്റിനെക്കുറിച്ച് അന്വേഷണം നടക്കും. ഇതോടെ അസോസിയേഷന് നേതാക്കളും പ്രതിസ്ഥാനത്ത് ഉള്‍പ്പെടും.
പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ഫ്രാക്ഷനിലേക്ക് അന്വേഷണം എത്തുന്നതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകും. ഇത് പോലീസ് അസോസിയേഷനിലെയും ഓഫീസേഴ്സ് അസോസിയേഷനിലേയും സിപിഎമ്മിന്റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയാകും.
നിലവില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്ന കേസുകളും അന്വേഷണങ്ങളും പാര്‍ട്ടിക്ക് അനുകൂലമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് സേനയിലെ സിപിഎം ഫ്രാക്ഷനാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വരുതിയിലാക്കിയുമുള്ള അസോസിയേഷന് നേതാക്കളുടെ ഇടപെടല്‍വഴി പല അന്വേഷണങ്ങളും അട്ടിമറിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. എന്ത് സംഭവിക്കരുതെന്ന് സിപിഎം ആഗ്രഹിച്ചോ അത് സംഭിക്കാന് പോകുന്നുവെന്ന സൂചനയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ പ്രഖ്യാപനം നല്‍കുന്നത്. കുരുക്ക് അഴിക്കാന്‍ പലവഴിയില്‍ പാര്‍ട്ടി ശ്രമിക്കുന്തോറും സിപിഎം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: