അരവിന്ദ്കുമാര്‍ കേജ്രിവാളെന്ന ദല്‍ഹി മുഖ്യമന്ത്രി അഴിമതിക്കെതിരായ പോരാട്ടത്തിലൂടെയാണ് രംഗത്തുവന്നത്. അഴിമതിക്കെതിരെ അണ്ണാഹസാരെ ദല്‍ഹിയില്‍ നടത്തിയ സമരം സ്വതന്ത്ര ഇന്ത്യയിലെ ശ്രദ്ധേയമായ പോരാട്ടമായിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ ദിവസങ്ങള്‍ നീണ്ടുനിന്ന സമരത്തില്‍ പങ്കാളിയായി. അഴിമതി തടയാന്‍ ലോക്പാല്‍ നിയമം വേണമെന്നായിരുന്നു ആവശ്യം. ആ സമരത്തിന്റെ താക്കോല്‍സ്ഥാനത്തായിരുന്നു അരവിന്ദ് കേജ്രിവാള്. ദല്‍ഹി ജനതയുടെ നല്ല പിന്തുണ ആര്ജിച്ചുകഴിഞ്ഞപ്പോള് അണ്ണാഹസാരയെ തള്ളി സ്വന്തം പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് കേജ്രിവാള് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയത്തിലെ അഴിമതി അടക്കമുള്ള ജീര്‍ണതകള്‍ മാറ്റലാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മകമായി പാര്‍ട്ടി ചിഹ്നം ചൂലുമാക്കി. തുടക്കത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായി നിരവധി പേര് ഒപ്പമുണ്ടായിരുന്നു. ഓരോരുത്തരും പിന്നീട് വിടപറയുന്നതാണ് കാണാനായത്.
അഴിമതിക്കെതിരെ ആളായി നിന്ന കേജ്രിവാള് ലക്ഷണമൊത്ത അഴിമതിക്കാരനാകുന്ന കാഴ്ച തുടരെ തുടരെ കാണാനായി. രാജ്യത്താകെ സഞ്ചരിച്ച് മെട്രോ നഗരങ്ങളില്‍ കൂട്ടായ്മ സംഘടിപ്പിച്ച് പങ്കെടുക്കുന്നവരില്‍ നിന്നും വന്‍തുകകള്‍ സ്വീകരിക്കുന്നതായിരുന്നു ആദ്യശൈലി. ഭരണത്തിലെത്തിയപ്പോള്‍ അഴിമതിക്കായി പുത്തന്‍ വഴികള്‍ തുറക്കുകയും ചെയ്തു. ഇതുകണ്ട് മടുത്തവരാണ് ആദ്യം ആം ആദ്മി പാര്‍ട്ടിയോട് വിടപറഞ്ഞത്. പൊതുചടങ്ങുകളില്‍ സ്വന്തം അണികള്‍ തന്നെ മുഖത്തടിക്കുന്നതും കാണാനായി. ദല്‍ഹി നിവാസികള്‍ക്ക് ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് മങ്ങലേക്കുന്നതായിരുന്നു അനുഭവം. കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരായി പോരാടിയ കേജ്രിവാളിന് കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പറ്റാത്ത ദുഃഖത്തിലാണ് ഇപ്പോള്‍. കോണ്‍ഗ്രസിന്റെ അതേ ശൈലി ആവര്‍ത്തിക്കുന്ന കേജ്രിവാളിന്റെ കപടമുഖം ജനങ്ങള്‍ തിരിച്ചറിയുകയാണ്. സ്ഥാനാര്‍ത്ഥിത്വം കാശുവാങ്ങി നല്കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് രീതി കേജ്രിവാളും സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു.
പടിഞ്ഞാറന്‍ ദല്‍ഹിയില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിനായി ആംആദ്മി പാര്‍ട്ടി നേതൃത്വത്തിന് ആറു കോടി രൂപ കൈക്കൂലി നല്‍കിയതാണ് ഇപ്പോള്‍ വെളിച്ചത്തായത്. ആപ്പ് നേതാവും സ്ഥാനാര്‍ഥിയുമായ ബല്‍ബീര്‍സിങ് ജഖറിന്റെ മകന് ഉദയ് ആണ് നടുക്കുന്ന വെളിപ്പെടുത്തലുമായി ആംആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനാണ് ആറു കോടി രൂപ കൈമാറിയതെന്ന് ഉദയ് പറയുന്നു. സീറ്റ് ലഭിക്കാനെന്ന് അച്ഛന് തന്നോട് പറഞ്ഞതായി ഉദയ് വെളിപ്പെടുത്തിയിരിക്കുന്നു. വെറും മൂന്നു മാസം മുമ്പ് മാത്രമാണ് ജഖര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. അവര്‍ വളരെയധികം അഴിമതി നിറഞ്ഞവരായിക്കഴിഞ്ഞു, അവര്‍ക്ക് പണം കൊടുത്തതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട് എന്നും സ്ഥാനാര്‍ഥിയുടെ മകന് ആവര്‍ത്തിക്കുന്നു. ആപ്പ് സ്ഥാനാര്‍ഥിയുടെ മകന്റെ വെളിപ്പെടുത്തല്‍ ആപ്പ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത് സ്വാഭാവികം. മകനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പതിനഞ്ചുവര്‍ഷങ്ങളായി തങ്ങള്‍ രണ്ടായാണ് കഴിയുന്നതെന്നും പറഞ്ഞ് കയ്യൊഴിയാന്‍ ശ്രമിക്കുകയാണ് ബല്‍ബീര്‍സിങ്. വെറുമൊരു സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന കേജ്രിവാള് തെരഞ്ഞെടുപ്പുകള്‍ക്ക് ചെലവിടുന്ന തുക ഞെട്ടിക്കുന്നതാണ്. താനൊരു അരാജകവാദിയെന്ന് പരസ്യമായി പ്രസ്താവിച്ച കേജ്രിവാള് നടത്തുന്നത് അഴിമതി ഭരണമാണെന്നും തെളിഞ്ഞിരിക്കുന്നു. സ്ഥാനാര്‍ഥിയുടെ മകന് നടത്തിയ കോഴക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷിക്കേണ്ടത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: