പത്രങ്ങളില്‍ നിന്ന്:
”കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പരബന്ധവും രണ്ടും ഒരു പോലെ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിനാകെയെന്നപോലെ ലോകമെങ്ങുമുള്ള കസ്റ്റംസ് വിഭാങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ മേഖലാ സമ്മേളനം വിലയിരുത്തി”.
ആവര്‍ത്തനങ്ങളും ഘടനയിലെ അപാകങ്ങളും കൊണ്ട് വികൃതമായ വാക്യം.
‘തമ്മില്‍’ ‘പരസ്പരം’ എന്നിവയ്ക്ക് ഒരേ അര്‍ത്ഥം. അവയില്‍ ഒന്ന് മതി.
‘ലോകത്തിനാകെ വെല്ലുവിളിയാണെന്ന്’ എഴുതിയാല്‍ ധാരാളമായി. കസ്റ്റംസ് വിഭാഗങ്ങളും ലോകത്തില്‍ ഉള്‍പ്പെടുമല്ലോ. ‘കസ്റ്റംസ് വിഭാഗങ്ങള്‍ക്കും’ എന്നു ചേര്‍ത്തേ മതിയാകുവെങ്കില് ‘ലോകമെമ്പാടുമുള്ള’ ഒഴിവാക്കാം.
”കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുളള ബന്ധവും രണ്ടിന്റെയും ഒരു പോലെയുള്ള വര്‍ദ്ധനയും ലോകത്തിന് വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്ഗനൈസേഷന് മേഖല സമ്മേളനം വിലയിരുത്തി” (ശരി)
”വെണ്ണയുടെ പോഷകമൂല്യങ്ങളെയും അതിന്റെ രുചിയെക്കുറിച്ചും ചിലര്‍ വാചാലരാകുന്നു” (തെറ്റ്)
”വെണ്ണയുടെ പോഷകമൂല്യങ്ങളെയും രുചിയെയും കുറിച്ച് ചിലര്‍ വാചാലരാകുന്നു”. (ശരി)
”എല്ലാവര്ക്കും ആസ്വാദ്യകരമായ രീതിയില്‍ ആഴകും അറിവും ഒളിപ്പിച്ചുവച്ച ഒരിടം കൊച്ചിക്കടുത്തുതന്നെയുണ്ട്”. (തെറ്റ്)
ആസ്വദിക്കാവുന്നത് ‘ആസ്വാദ്യം’ ആണ്. ഈ വിശേഷണമായതിനാല്‍ ‘കരം’ ചേര്‍ക്കേണ്ടതില്ല.
എല്ലാവര്ക്കും ആസ്വാദ്യമായ രീതിയില്‍… (ശരി)
”പല അനാചാരങ്ങളെയും ഉദാത്തവല്ക്കരിക്കാന് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു”.
‘ഉദാത്തമല്ലാതിരുന്നതിനെ ഉദാത്തമാക്കാന്‍’ എന്ന അര്‍ത്ഥം കിട്ടാന്‍ ‘ഉദാത്തീകരിക്കാന്‍’ എന്നാണുവേണ്ടത്. ഇതുപോലുള്ള മറ്റ് ചില പ്രയോഗങ്ങള്‍.
ലളിതവത്കരിക്കുക (തെറ്റ്)
ലളിതീകരിക്കുക (ശരി)
ശീതവത്കരിക്കുക (തെറ്റ്)
ശീതീകരിക്കുക (ശരി)
മുഖപ്രസംഗത്തില്‍ നിന്ന്:
”തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മഴക്കാലപൂര്‍വ്വശുചീകരണം അതുകൊണ്ടുതന്നെ, പതിവുചടങ്ങിനപ്പുറം, വ്യാപകവും സമഗ്രവുമായ ജനകീയയജ്ഞവും സമഗ്രവുംഫലപ്രദവുമായ നാടുണര്‍ത്തലുമാക്കി മാറ്റേണ്ടതുണ്ട്”.
‘ജനകീയയജ്ഞ’ത്തിന്റെയും ‘നാടുണര്ത്തലി’ന്റെയും വിശേഷണങ്ങള്‍ ശ്രദ്ധിക്കുക. ‘സമഗ്ര’ത്തിന്റെ ആവര്‍ത്തനം അരോചകം.
”സമഗ്രമായ ജനകീയയജ്ഞമായി മാറ്റണം” എന്നു ചുരുക്കിയാല്‍ ഭാഷ ശുദ്ധവും ശക്തവുമാകും
‘ജനകീയയജ്ഞം’ ഉള്ളപ്പോള്‍ ‘നാടുണര്‍ത്തല്‍’ എന്തിനാണ്? ഇതേ മുഖപ്രസംഗത്തിലെ മറ്റൊരു വാക്യം:
”മഴക്കാല രോഗങ്ങള്‍ക്കെതിരെ പുലര്‍ത്തേണ്ട ജനജാഗ്രതയ്ക്കായി നാടുണര്‍ത്തലും വേണം”.
നാടുണര്‍ത്തലിന്റെ ആവര്‍ത്തനവും വിരസതയുണ്ടാക്കുന്നു. ഇത്തരം പ്രയോഗങ്ങള്‍, മഴക്കാലപൂര്‍വ്വശുചീകരണം പോലെ മുഖപ്രസംഗവും പതിവ് ചടങ്ങാണെന്ന തോന്നലുണ്ടാക്കും.
പിന്കുറിപ്പ്:
‘എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ പോലുള്ള ഒരു നോവല്‍ മലയാളത്തില്‍ എഴുതുവാന്‍ കഴിയില്ല. സ്വതന്ത്രമായ എഴുത്തിനെ തടസ്സപ്പെടുത്തുന്ന ഒരുപാടു വിലക്കുകളുണ്ട് നമ്മുടെ ഭാഷയില്‍. അതുകൊണ്ടായിരിക്കണം സക്കറിയ തന്റെ നോവല്‍ ഭാവനയെ കൂടുതുറന്ന് ഇംഗ്ലീഷില്‍ പറക്കാന്‍ വിട്ടത്”. – എം. മുകുന്ദന്.
അപ്പോഴും കുറ്റം നമ്മുടെ ഭാഷയ്ക്ക്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: