തൃശൂര്‍: പൂരം വിളംബരമറിയിച്ച് തെക്കേഗോപുരനട തുറക്കാന്‍ ഇന്ന് ഗജവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് പൂരപ്രേമികളും ആരാധകരും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പിക്കാനുള്ള അനുമതി കളക്ടര്‍ നല്‍കിയത്.
തെച്ചിക്കോട്ടുക്കാവ് ക്ഷേത്രത്തിലെത്തിയ മൂന്നംഗ മെഡിക്കല്‍ സംഘം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യ പരിശോധന നടത്തി. ആനയുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്ന് സംഘം സ്ഥിരീകരിച്ചു. തുമ്പിക്കൈയ്ക്കു മുകളിലുണ്ടായിരുന്ന മുറിവ് ഉണങ്ങിയ നിലയിലാണ്. മദപ്പാടിന്റെ ലക്ഷണങ്ങളില്ല. പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നു.
ആനയ്ക്ക് പൂര്‍ണമായി കാഴ്ച ശക്തിയില്ലെന്ന് പറയാനാകില്ല. ആരോഗ്യവാനാണോയെന്ന് മനസ്സിലാക്കാന്‍ കുളിപ്പിക്കുന്ന സമയത്തായിരുന്നു പരിശോധന. കുളിപ്പിക്കുമ്പോള്‍ ആനകള്‍ കുറുമ്പു കാട്ടുക പതിവാണ്. എന്നാല്‍, പരിശോധനയില്‍ കുളിപ്പിക്കുമ്പോഴും പാപ്പാന്മാര് പറഞ്ഞതെല്ലാം രാമചന്ദ്രന് അക്ഷരംപ്രതി അനുസരിച്ചു.
ആരോഗ്യനില തൃപ്തികരമായതിനാല് ഉപാധികളോടെ എഴുന്നള്ളിക്കുന്നതിന് തടസ്സമില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കളക്ടര്‍ ടി.വി. അനുപമ അനുമതി നല്‍കിയത്. ഇന്ന് രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാനാണ് അനുമതി. അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ടു ദേവസ്വം കളക്ടര്‍ക്ക് എഴുതി നല്കി. നാലു പാപ്പാന്മാരുടെ അകമ്പടിയോടെ മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളൂ. ആനയുടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. ആനയുടെ സമീപത്തു നില്ക്കാന് പൊതുജനങ്ങളെ അനുവദിക്കില്ല. ക്ഷേത്ര പരിസരത്തെ ചടങ്ങുകള്‍ക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂവെന്നും കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചത് പൂരം എഴുന്നള്ളിപ്പ് പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനയെ ഒന്നര മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ തീരുമാനിച്ചെങ്കിലും അനിശ്ചിതത്വം മാറിയില്ല.
ആനയെ എഴുന്നള്ളിപ്പിനു പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് തീരുമാനമെടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കി. തുടര്‍ന്നാണ് പൂരം നിരീക്ഷണ സമിതി കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഡോ. ഡേവിഡ്, ഡോ. ബിജു, ഡോ. വിവേക് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ആനയെ പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: