ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദുല്‍ക്കര്‍ സല്മാന് മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോള്‍ ആരാധകരുടെ മാത്രമല്ല സിനിമാ ലോകത്തിന്റെതന്നെ പ്രതീക്ഷകള്‍ നക്ഷത്ര ദൂരങ്ങള്‍താണ്ടിയതാണ്. ഹിന്ദിയിലും തമിഴിലുമെല്ലാം വിജയക്കൊടിപ്പാറിച്ചാണ് താരം മാതൃഭാഷയിലേക്ക് മടങ്ങിയത്. ‘ഒരു യമണ്ടന്‍ പ്രേമകഥ’ നൂറു കണക്കിനു സിനിമാശാലകളെ ചിരിയുടെ പൂത്തിരികത്തിച്ച് ഇളക്കി മറിക്കുമ്പോള്‍ പ്രതീക്ഷകളും കാത്തിരിപ്പുകളും സഫലമായതിന്റെ ചാരിതാര്‍ത്ഥ്യമാണ് തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജിന്റേയും വിഷ്ണു ഉണ്ണികൃഷ്ണന്റേയും മനസ്സുനിറഞ്ഞൊഴുകുന്നത്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കുശേഷം ഈ സുവര്‍ണ്ണ ജോഡികള്‍ തിരക്കഥയെഴുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. രണ്ടു പേരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുമുണ്ട്. നവാഗതനായ ബി.സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞ ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ വിജയശില്പ്പികളി ലൊരാളായ ബിബിന്‍ ജോര്‍ജ്ജ് ‘ജന്മഭൂമി’ യോട് സംസാരിക്കുന്നു.
ദുല്‍ക്കറിനു വേണ്ടി കഥയൊരുക്കുവാന്‍ ഒരു ഡസനിലേറെ കഥാകൃത്തുക്കളെ പരീക്ഷിച്ചു എന്നു കേട്ടിരിക്കുന്നു. എങ്ങനെയാണ് നിങ്ങള്‍ക്ക് നറുക്കു വീണത്?
കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം ഞാനും വിഷ്ണുവുംകൂടി അടുത്ത പരിപാടികളുമായിട്ടിരിക്കുമ്പോള് വിഷ്ണു അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഷുട്ടിങ്ങിന് ഇടയിലുണ്ടായ ഒരപകടത്തില്‍ വിഷ്ണുവിന്റെ കൈയ്ക്ക് പരിക്കേറ്റ് അവന് വിശ്രമത്തിലായി. അപ്പോഴാണ് ആന്റോ ചേട്ടന് (ആന്റോ ആന്റണി) വന്നിട്ട് ദുല്‍ക്കറിനുവേണ്ടി ഒരു കഥ വേണമെന്ന് പറയുന്നത്. ഞങ്ങളുടെ കയ്യില്‍ ഒരു കഥ ഉണ്ടായിരുന്നു. അതിലേക്ക് ദുല്‍ക്കറിനെ ഫിറ്റ്് ചെയ്യുകയായിരുന്നു.
നിങ്ങളുടെ കഥ അതേപടി ദുല്‍ക്കര്‍ അംഗീകരിച്ചോ?
അങ്ങനെയല്ല. ദുല്‍ക്കറുമായി പല തവണ ചര്‍ച്ചകള്‍ നടത്തി. വളരെ നല്ല ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഇത്തരം ചര്‍ച്ചകളില്‍ വളരെ ക്രീയേറ്റീവാണ് ദുല്‍ക്കര്‍. നിരവധി തവണ മാറ്റങ്ങള്‍ വരുത്തിയാണ് ഫൈനല്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയത്.
‘ഒരു യമണ്ടന്‍ പ്രേമ കഥ’ വലിയ വിജയമായിരിക്കുകയാണല്ലോ? എന്താണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റായി നിങ്ങള്‍ക്ക് തോന്നുന്നത്?
ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയുന്നത് ദുല്‍ക്കര്‍ തന്നെയാണ.് ഏതാണ്ടു ഒന്നര വര്‍ഷത്തിനു ശേഷമാണ് ദുല്‍ക്കറിന്റെ ഒരു മലയാള സിനിമ വരുന്നത്. മലയാള സിനിമയിലെ ഒരു ക്രൗഡ് പുള്ളര്‍ ആണ് ദുല്‍ക്കര്‍. മമ്മൂട്ടി ഫാന്‍സിന്റേയും മോഹന്‍ലാല്‍ ഫാന്‍സിന്റേയും സപ്പോര്‍ട്ട് ഇതുപോലെ കിട്ടുന്ന മറ്റൊരു നടനില്ല.
അദ്ദേഹത്തിനു വേണ്ടി ഒരു പടം എഴുതാന്‍ കഴിഞ്ഞത് ഞങ്ങളുടെ കരിയറിലെ ഒരു ടേണിങ്ങ് പോയന്റ് തന്നെയാണ്.
ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന് ടീം ദുല്‍ക്കറുമായി ചേരുമ്പോള്‍ യമണ്ടന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. ഇത് വലിയൊരു സമ്മര്‍ദ്ദമായി അനുഭവപ്പെട്ടിട്ടുണ്ടോ?
സമ്മര്‍ദ്ദവും ടെന്ഷനുമൊക്കെ ഉണ്ടായിരുന്നു. എല്ലാ സിനിമകളും ടെന്‍ഷനാണ്. എല്ലാം പ്രേക്ഷകരുടേയും ദൈവത്തിന്റേയും കൈകളിലാണ്. അപ്പോള്‍ പ്രേക്ഷകന് തന്നെയാണ് ദൈവം എന്നു പറയാം. തീയറ്ററില്‍ പ്രേക്ഷകന്റെ അടുത്തിരുന്ന് കാണുമ്പോഴാണ് നമ്മുടെ തന്നെ സിനിമകളുടെ കുറവുകളും കുറ്റങ്ങളും മനസ്സിലാകുന്നത്. ഇത് പ്രേക്ഷകരെ മനസ്സില്‍ കണ്ട് അവര്‍ ആഗ്രഹിക്കുന്ന സിനിമയെന്ന നിലയില്‍ ചെയ്ത ചിത്രമായതുകൊണ്ട് അവര്‍
സ്വീകരിക്കും എന്നു തന്നെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പ്രതീക്ഷകള്‍ പൂവണിഞ്ഞുവല്ലേ?
അതെ. തീയറ്ററുകളിലെ ജനത്തിരക്കു കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണുള്ളത്. കാത്തിരിപ്പും കഷ്ടപ്പാടുകളും വെറുതെയായില്ല…
ഇത്രയും വലിയൊരു സിനിമ ഒരു പുതിയ സംവിധായകനെ ഏല്‍പ്പിച്ചത് റിസ്ക്ക് ആയിരുന്നില്ലേ?
ഒരിക്കലും അല്ല. ദൃശ്യമാധ്യമ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ബി. സി. നൗഫല്‍. നാഷണല്‍ അവാര്‍ഡ് വിന്നറായ സലീം അഹമ്മദും ഞാനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര് നൗഫലിന്റെ കീഴില്‍ കുറേ വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടുള്ളവരാണ്. ഇത്രയും ടാലന്റ് ഉള്ള സംവിധായകര്‍ നമുക്ക് അധികം ഇല്ല. നിരവധി ടി.വി പ്രോഗ്രാമുകളില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഇത്രയും വലിയൊരു സിനിമ ഇത്രയും ആര്‍ട്ടിസ്റ്റുകളെ വച്ച് ഏകോപിപ്പിച്ചെടുത്തത് അദ്ദേഹത്തിന്റെ വലിയ കഴിവുകൊണ്ടുതന്നെയാണ്.
ഒരുപാട് പ്രണയ കഥകള്‍ കണ്ട മലയാളികളുടെ മുമ്പില്‍ മറ്റൊരു പ്രണയ കഥയെ എങ്ങനെയാണ് വ്യത്യസ്തമാക്കിയത്?
എന്നും പ്രണയത്തിന് സ്കോപ്പുള്ള നാടാണ് കേരളം. എണ്ണമറ്റ പ്രണയകഥകള്‍ക്കിടയില്‍ ചില വെറൈറ്റികള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. സൗബിനും സലിം കുമാറും ഹാരിഷുമൊക്കെ കൈയടി നേടുന്ന പ്രകടനമല്ലേ കാഴ്ച്ചവെച്ചിരിക്കുന്നത്.
തുടര്‍ച്ചയായി നിങ്ങളുടെ മൂന്നാമത്തെ തിരക്കഥയും വലിയ വിജയം നേടിയിരിക്കുകയാണല്ലോ. ഇതിനിടെ വിപിന്‍ നായകനായ ‘ഒരു പഴയ ബോംബു കഥ’യും ഹിറ്റായി ഓടി. പുതിയ ചിത്രമായ ‘മാര്‍ഗ്ഗം കളി’യുടെ ചിത്രീകരണം നടക്കുന്നു. തുടരെ തുടരെ വരുന്ന ഈ വലിയ വിജയങ്ങളെ എങ്ങനെ കാണുന്നു?
കല എന്നത് ദൈവത്തിന്റെ വലിയ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ക്രെഡിറ്റ് ഒന്നും നമ്മുടേതല്ല. അങ്ങനെ കരുതുമ്പോഴാണ് ഇതൊന്നും ഇല്ലാത്ത ഒരു അവസ്ഥയിലും മനഃസമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നത്. ലക്ഷക്കണക്കിന് കഴിവുള്ളവര്‍ കയറി വരാന്‍ മത്സരിക്കുന്ന മേഖലയാണ് സിനിമാരംഗം. ഇവിടെ ഇത്രയുമൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നത് വലിയ ഭാഗ്യമായി മാത്രമേ കരുതുന്നുള്ളൂ… എല്ലാം നമുക്ക് പ്ലസ് ആണ്.
ദുല്‍ക്കറുമായുള്ള അനുഭവങ്ങള്‍..?
വളരെ സിംപിളാണ് കക്ഷി. ഈ ചിത്രത്തില്‍ വളരെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനായിട്ടാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നത്. ഞാനും വിഷ്ണുവുമൊക്കെ തൊട്ടറിഞ്ഞ ജീവിതത്തിലെ ഒട്ടേറെ സംഭാഷണങ്ങളും വാക്കുകളും ഈ സിനിമയില്‍ വരുന്നുണ്ട്. അതില്‍ പലതും ദുല്‍ക്കറിന്റെ പ്രൊഫൈലില്‍ ഇല്ലാത്ത കാര്യങ്ങളാണ്. അതുകൊണ്ട് പുള്ളിക്കാരന് കൂടെക്കൂടെ അത്തരം പ്രയോഗങ്ങളെക്കുറിച്ച് ഞങ്ങളോട് ചോദിച്ച് മനസ്സിലാക്കാറുള്ളത് സെറ്റില്‍ നേരം പോക്കിനുള്ള വകയായിരുന്നു.
ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലന്‍ വേഷത്തിലും ബിബിന്‍ തിളങ്ങുന്നുണ്ടല്ലോ? അഭിനയത്തിനാണോ എഴുത്തിനാണോ മുന്‍ഗണന?
രണ്ടും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്നെപ്പോലൊരാളെ അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നതില്‍ തിരിച്ചുനല്‍കാന്‍ പറ്റാത്ത കടപ്പാടാണുള്ളത്. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അഭിനയം ഒരു മോഹമായി മനസ്സില്‍ കയറിയതാണ്. ആദ്യ തിരക്കഥയായ ‘അമര്‍ അക്ബര്‍ അന്തോണി’ എഴുതിയതു തന്നെ എനിക്കും വിഷ്ണുവിനും അഭിനയിക്കാന്‍ വേണ്ടിയാണ്.
എന്താണ് അടുത്ത പ്രോജക്റ്റ്?
അതിപ്പോള്‍ കൃത്യമായിട്ട് പറയാന്‍ പറ്റില്ല. പല ഐഡിയാസും വരുന്നുണ്ട്. ഏതാണ് വര്‍ക്കൗട്ട് ആവുക എന്നുപറയാന്‍ ആകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: