കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയത്തിലും മറ്റും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ നാല്‍പ്പതാം ചരമദിനം ബിജെപി ന്യൂനപക്ഷമോര്‍ച്ച ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയായി ആചരിക്കും. കൊച്ചിയില്‍ 29നും 30നും ഭീകരവിരുദ്ധ ക്രൈസ്തവ കൂട്ടായ്മയില്‍ ഉപവാസവും പ്രാര്‍ത്ഥനായജ്ഞവും സംഘടിപ്പിക്കും.
ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും വ്യാജപ്രചാരണവും അഴിച്ചു വിട്ട് ന്യൂനപക്ഷ വോട്ടുകള്‍ അനുകുലമാക്കി മാറ്റാമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗൂഢതന്ത്രം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമല്ലെന്ന് ബോധ്യപ്പെട്ട കമ്യൂണിസ്റ്റ് നേതൃത്വം നിരാശയിലാണ്. കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിടലിന്റെ വക്കിലെത്തിയിരിക്കുന്നു. പരാജയ കാരണങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതിനു പകരം, കേന്ദ്ര സര്‍ക്കാരിനെയും ബിജെപി നേതാക്കളെയും വ്യക്തിഹത്യ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ദേശീയപാത വികസനത്തിനെതിരായി കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചെന്നുള്ള ആരോപണങ്ങളെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ഷിബു ആന്റണി, ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: