ഇന്ന് മാതൃദിനം. മെയ്മാസത്തിലെ രണ്ടാം ഞായറാഴ്ച. ബന്ധങ്ങള്‍ ഓര്‍മ്മിക്കപ്പെടാന്‍ നമുക്ക് ഒരു ദിനം ആവശ്യമായി വരുന്നു. ഇന്നിത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയോ എന്നും സംശയം തോന്നും. ജീവിതത്തിലെ തിരക്കുകളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഒന്നിനും സമയം തികയാതെ വരുന്നവര്‍ക്കിടയില്‍ ബന്ധങ്ങളുടെ മൂല്യം ചോര്‍ന്നുപോകുന്നത് അവര്‍ പോലും അറിയുന്നില്ല. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടു വേണം അമ്മമാര്‍ക്കുവേണ്ടിയുള്ള ഈ ദിനത്തേയും വിലയിരുത്താന്‍. ഒരിക്കലെങ്കിലും കവി ഒഎന്‍വി കുറുപ്പിന്റെ അമ്മ എന്ന കവിത കേട്ടിട്ടുള്ളവര്‍ മാതൃത്വം എത്ര മഹത്തരം എന്ന്, അറിയാതെതന്നെ പറഞ്ഞിട്ടുണ്ടാകും.
അതെ, പകരം വയ്‌ക്കാനില്ലാത്ത സ്‌നേഹത്തിന്റെ മറുപേരാണ് അമ്മ. കുഞ്ഞുങ്ങള്‍ ലോകത്തെ അറിയുന്നത് അമ്മയിലൂടെയാണ്. കുഞ്ഞു മനസ്സിലേക്ക് നന്മയുടേയും സ്‌നേഹത്തിന്റേയും ശരികളുടേയും വാതായനങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ മാതൃത്വത്തിനുള്ള പങ്ക് വലുതാണ്. ആ ബോധതലത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എത്ര അമ്മമാരുണ്ട് എന്നു ചിന്തിക്കേണ്ട അവസ്ഥയിലേയ്‌ക്കു കാലം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു.
ലോകത്ത് നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു വിഭാഗമേയുള്ളൂ, അത് അമ്മമാരാണ് എന്നാണ് അനുഭവം. മക്കളെ പ്രാണനെപ്പോലെ ചേര്‍ത്തുപിടിക്കുന്ന അമ്മയുടെ കൈകള്‍. ആ സുരക്ഷിത ബോധത്തിന്റെ വലയത്തിനുള്ളില്‍ നിന്നായിരുന്നു കുഞ്ഞോമനകളുടെ കളിചിരികള്‍. എന്നാല്‍ ആ കൈകള്‍ കൊണ്ട്തന്നെ പിടഞ്ഞുതീരേണ്ടി വന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍ കഴിഞ്ഞ കുറച്ചുനാളായി നമുടെ മനസ്സില്‍ നൊമ്പരമായി നിലനില്‍ക്കുന്നില്ലേ?
നൊന്തുപ്രസവിച്ച കുഞ്ഞുങ്ങളെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ അമ്മയ്‌ക്ക് സാധിക്കുമോ എന്നാണ് അത്തരം വാര്‍ത്തകള്‍ കേട്ടവര്‍ നെഞ്ചത്ത് കൈവച്ച് ചോദിച്ചുപോയിട്ടുണ്ടാവുക. ഈ മാതൃദിനത്തില്‍ ഉയരുന്ന ചോദ്യവും അതാണ്. ഇല്ല എന്നു തന്നെയാണ് ഉത്തരം. ഒരമ്മയ്‌ക്കും അതു സാധിക്കില്ല. മാതൃത്വം എന്നതു പ്രസവിക്കുന്ന പ്രക്രിയയില്‍ മാത്രം ഒതുങ്ങുന്നില്ല. മാതൃഭാവം വരദാനമാണ്. സ്ത്രീയെ ദൈവത്തിലേയ്‌ക്ക് അടുപ്പിക്കുന്ന സിദ്ധി വിശേഷം. കുഞ്ഞിനു ജന്‍മം നല്‍കിയാല്‍ പ്രസവിച്ച സ്ത്രീയേ ആകുന്നുള്ളു. മാതാവു പിറക്കുന്നതു മനസ്സിലാണ്. അതാണ് അമ്മമനസ്സ്. അതാണു അമ്മയുടെ നെഞ്ചില്‍ പാലാഴിയാവുന്നത്.
മാതൃദിനത്തില്‍ ചിന്തിക്കേണ്ടത് സ്‌നേഹവും വാത്സല്യവും നല്‍കി വളര്‍ത്തി വലുതാക്കിയ ആ അമ്മയെക്കുറിച്ച് തന്നെയാണ്. അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച്, മക്കള്‍ക്കുവേണ്ടി ഉപേക്ഷിച്ച സുഖങ്ങളെക്കുറിച്ച്, ത്യാഗത്തെക്കുറിച്ച്. അമ്മമാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്. അങ്ങനെയല്ലാത്ത ന്യൂനപക്ഷത്തെക്കുറിച്ചും പറയേണ്ടി വരുന്നതു വേദനാജനകവുമാണ്.
വീടാണ് ഏതൊരു കുട്ടിയുടേയും ആദ്യ വിദ്യാലയവും ലോകവും. അവിടെ കാലിടറിയാല്‍ പിന്നെ മറ്റെവിടേയും അടിത്തറയുറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. വീടിന്റെ അന്തരീക്ഷത്തിലെ താളപ്പിഴകളാണ് വില്ലനാകുന്നത്. കൂട്ടുകുടുംബം മാറി അണുകുടുംബം ആവുമ്പോള്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേണ്ടപ്പെട്ടവര്‍ അറിയാതെ പോകുന്നു എന്നതാണ്. കുടുംബാംഗങ്ങള്‍ ഒറ്റ തിരിഞ്ഞ് അവരുടെ കാര്യങ്ങളില്‍ മാത്രം മുഴുകും. അവിടെ ഒറ്റപ്പെട്ടുപോകുന്നത് കുട്ടികളായിരിക്കും.
പല കാരണങ്ങളാണ് കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്നത്. മദ്യം, മയക്കുമരുന്ന്, അവിഹിത ബന്ധങ്ങള്‍, സംശയരോഗം തുടങ്ങി പലതും. പക്ഷെ സ്വന്തം കുഞ്ഞിനെ കൊല്ലത്തക്കവണ്ണം മാറിപോയ അമ്മ മനസ്സിനു താളം തെറ്റിയത് എവിടെയായിരിക്കും? വീടീന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്നതല്ല ഇന്ന് സ്ത്രീയുടെ ജീവിതം. അവളുടെ ലോകം വിശാലമാണ്. സാധ്യതകള്‍ ഏറെയുള്ളത്. ആ സാധ്യതകള്‍ എത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.
ജോലിത്തിരക്കും കുടുംബവും ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നിടത്താണ് ജീവിത വിജയം. അതിന് സാധിക്കാതെ വരുന്നവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കാം. അതില്‍ നിന്ന് ഒളിച്ചോടുന്നവരാണ് പ്രശ്‌നങ്ങളുടെ വാരിക്കുഴിയില്‍ വീണു പോകുന്നത്. അവിടെ കുട്ടികള്‍ വിലങ്ങുതടിയായേക്കാം. നിസ്സഹായ മനസ്സിന്റെ പ്രതികരണമാവാം കുട്ടിയ്‌ക്കെതിരായ ആക്ഷന്‍ ആയി മാറുന്നത്.
ഭര്‍ത്താവില്‍ നിന്ന് കിട്ടാത്ത പരിഗണനയും സ്‌നേഹവും മറ്റൊരു പുരുഷനില്‍ നിന്ന് ലഭിക്കുമ്പോള്‍ ആ മോഹവലയത്തില്‍ അകപ്പെട്ടുപോകുന്നവരുടെ മാനസികാവസ്ഥ ആരോടൊക്കെയോ ഉള്ള പ്രതികാരത്തിന്റേതാകാം. അവരുടെ ചെയ്തികള്‍ ആ പ്രതികാരത്തിന്റേതാകാം. കുട്ടികള്‍ ഇരയാകുന്നെന്നു മാത്രം.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരതയെത്തുടര്‍ന്ന് കൊല്ലപ്പെട്ട ഏഴുവയസ്സുകാരനും ഏലൂരില്‍ അമ്മയുടെ മര്‍ദ്ദനത്താല്‍ ജീവന്‍ പൊലിഞ്ഞ മൂന്നുവയസ്സുകാരനും അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ചേര്‍ത്തലയിലെ കുരുന്നും എല്ലാം ഇന്ന് നോവുള്ള ഓര്‍മ്മയാണ്. ഈ മാതൃദിനത്തില്‍ ഇത്തരം കാര്യങ്ങളും ഓര്‍ക്കേണ്ടി വരുന്നത് കാലത്തിന്റെ അനിവാര്യത മാത്രം.
കാലം മാറി. ഒപ്പം അമ്മമാരും എന്നത് ഒരു വസ്തുതയാണ്. മക്കള്‍ക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടിന്റേയും സഹനത്തിന്റേയും കഥ വരുംകാലം എത്ര അമ്മമാര്‍ക്ക് പറയാനുണ്ടാകും. മക്കളെ വളര്‍ത്തേണ്ടത് അമ്മമാരുടെ ഉത്തരവാദിത്തമാണെന്ന് പറയും ഇന്നത്തെ തലമുറ. പുരുഷന്‍ സമ്പാദിച്ചുകൊണ്ടുവരും, സ്ത്രീ അത് വച്ചുണ്ടാക്കി വിളമ്പും എന്ന അവസ്ഥയല്ല ഇന്ന്. പുരുഷ കേന്ദ്രീകൃത കുടുംബജീവിതത്തില്‍ നിന്നു സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തത്തോടെ ജീവിക്കുന്ന നിലയിലേയ്‌ക്കു വന്നു. ഒരുമിച്ചു സമ്പാദിക്കുന്നു, ചിലവാക്കുന്നു. ഒപ്പം വീട്ടുകാര്യങ്ങളും നോക്കുന്ന ഉത്തരവാദിത്തവും സ്ത്രീക്കാണ്.
എന്നിരുന്നാല്‍ത്തന്നെയും ഒരു സ്ത്രീക്ക്, അമ്മയ്‌ക്ക് അവള്‍ അര്‍ഹിക്കുന്ന സ്ഥാനം കുടുംബത്തിനുള്ളിലും സമൂഹത്തിലും ലഭിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. പലവിധത്തില്‍ അവള്‍ ചൂഷണത്തിന് വിധേയയാകുന്നു. ആ അവസ്ഥയ്‌ക്കാണ് മാറ്റം ഉണ്ടാവേണ്ടത്. അടിച്ചമര്‍ത്തുമ്പോഴല്ല, അവളെ അംഗീകരിക്കുമ്പോഴാണ് പുരുഷന്റെ മനസ്സ് ആകാശത്തോളം വിശാലമാകുന്നതും കുടുംബത്തില്‍ നല്ല അന്തരീക്ഷം രൂപപ്പെടുന്നതും. ഒരു കെട്ടിടം വീടാകുന്നത് സ്ത്രീകള്‍ എത്തുമ്പോഴാണ്. സ്ത്രീയുടെ ജീവിതം ധന്യമാകുന്നത് അവള്‍ അമ്മയാകുമ്പോഴാണ്. കുടുംബത്തിന്റെ സൗന്ദര്യം കുട്ടികളുടെ നിഷ്‌കളങ്കമായ ചിരികളാണ്. എല്ലാത്തിനും അടിത്തറ അമ്മ എന്ന രണ്ടക്ഷരവുമാണ്. നല്ലൊരു തലമുറയെ സമൂഹത്തിന് സമ്മാനിക്കുന്നത് അമ്മമാരാണല്ലോ.
കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഈ ധന്യതയ്‌ക്ക് വേണ്ടി അമ്മമാര്‍ തന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷഇക്കണം, ത്യാഗത്തിന്റെ മൂര്‍ത്തിമദ് ഭാവമാവണം എന്ന ചിന്താഗതിയോട് ഇന്നത്തെ സ്ത്രീകള്‍ യോജിച്ചെന്നു വരില്ല. അങ്ങനെ ശഠിക്കാനും ആവില്ല. ഈ ലോകം അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. എന്നുകരുതി കുഞ്ഞുങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്‌നേഹ വാല്‍സല്യങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെടാനും പാടില്ല. അവരോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. അവരെ സ്‌നേഹിച്ച്, അവരുടെ സുഹൃത്തായി, വഴികാട്ടിയായി മാറാന്‍ അമ്മയ്‌ക്ക് സാധിക്കണം. അങ്ങനെയെങ്കില്‍ അമ്മയെ സ്‌നേഹിക്കാനും ഓര്‍ക്കാനും ഒരു മാതൃദിനത്തിന്റേയും ആവശ്യം വേണ്ടിവരില്ല. അതാണ് ഈ മാതൃദിനം ഓര്‍മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: