ആലപ്പുഴ: കാലവര്‍ഷമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ കടല്‍ത്തീര സംരക്ഷണത്തെ കുറിച്ച് ആലോചന പോലും ആരംഭിക്കാതെ സര്‍ക്കാര്‍. എല്ലാക്കൊല്ലവും കാലവര്‍ഷക്കാലത്ത് തീരത്ത് കല്ലിറക്കി ജനത്തെ കബളിപ്പിക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധ്യത. കടല്‍ഭിത്തി നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ടെന്‍ഡര്‍ പോലും ഇതുവരെ ക്ഷണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂറ് കിലോമീറ്ററോളം ഭാഗത്ത് ഇനിയും കടല്‍ഭിത്തി നിര്‍മാണം അവശേഷിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഏതു നിമിഷവും വീടും ഭൂമിയും കടലെടുക്കുമെന്ന ആശങ്കയില്‍ കഴിയുന്നത്.
വര്‍ഷങ്ങളായി കടല്‍ഭിത്തി നിര്‍മാണം പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാവുമ്പോള്‍ ‘അടിയന്തര കടല്‍ഭിത്തി’ എന്ന പേരില്‍ കല്ലിറക്കി പോവുകയാണ് പതിവ്. ഇത് ഒരുതരത്തിലും കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലെന്ന് ഇതേവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നു.
സുനാമിബാധിത പ്രദേശങ്ങളില്‍ പോലും സുരക്ഷിതമായ കടല്‍ഭിത്തിയില്ല. ഇടവിട്ടുണ്ടാകുന്ന വേലിയേറ്റത്തില്‍ കടല്‍ കരയിലേക്ക് ആഞ്ഞടിക്കുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ജൂണ്‍ മുതല്‍ മൂന്ന് മാസം അതിരൂക്ഷമായ കടല്ക്ഷോഭമാകും അനുഭവപ്പെടുക. ഇതു മുന്‍കൂട്ടിക്കണ്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.
സുനാമിബാധിത പ്രദേശങ്ങളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചിരിക്കെയാണ് ഇപ്പോഴും അലംഭാവം തുടരുന്നത്. ഇവിടങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്ത പ്രദേശങ്ങള്‍ ഒട്ടേറേയാണ്. മറ്റു പല ഭാഗങ്ങളിലുമാകട്ടെ കടല്‍ഭിത്തി തകര്‍ന്ന നിലയിലുമാണ്. കടല്‍ക്ഷോഭം തടയാന്‍ കയര്‍ബാഗില്‍ മണ്ണു നിറച്ചു തുടങ്ങിയ പുതിയ പദ്ധതി അശാസ്ത്രീയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കൂറ്റന്‍ പാറകള്‍ പോലും കടല്‍ക്ഷോഭത്തില്‍ മറിയുമ്പോഴാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ കയര്‍ബാഗില്‍ മണ്ണു നിറച്ചു പരീക്ഷണം ആലപ്പുഴ നിയോജക മണ്ഡലത്തിലെ കാട്ടൂരില്‍ നടത്തിയത്. മണ്ണുനിറച്ച കയര്‍ബാഗുകള്‍ കാണാന്‍ പോലുമില്ല. ഏതാണ്ട് ഇരുപത് ലക്ഷത്തോളം രൂപയാണ് പദ്ധതിയുടെ പേരില്‍ പാഴാക്കിയത്.
വളഞ്ഞവഴിയില്‍ കുറച്ചു ഭാഗത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്ന ജിയോ ട്യൂബുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു കിടക്കുകയാണ്. നിരവധി വീടുകളില്‍ ഈ ഭാഗത്ത് വെള്ളം കയറുകയും ചെയ്തിരുന്നു. തീരവാസികളുടെ പുനരുജ്ജീവനത്തിനായി തയാറാക്കിയ പദ്ധതികള്‍ പാളുകയും തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തതോടെ തീരനിവാസികളുടെ ദുരവസ്ഥ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: