പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം മുന്നില്‍ കാണുന്ന സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഒരു വിവാദം ആവശ്യമാണ്. ഇതിന് അവര്‍ കണ്ടെത്തിയിരിക്കുന്നത് ദേശീയപാതാ വികസന വിവാദമാണ്. കേന്ദ്രസര്‍ക്കാരിന് കത്തെഴുതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംസ്ഥാനത്തെ ദേശീയപാതാ വികസനം അട്ടിമറിച്ചുവെന്നാണ് ഇക്കൂട്ടര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇത്തരമൊരു വിവാദം ബോധപൂര്‍വം കുത്തിപ്പൊക്കുകയാണ്. പദവിക്കു ചേരാത്ത ഭാഷയില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ രീതിയില്‍ ഇരുവരും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല പരാജയഭീതികൊണ്ടാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്നത് മോദി സര്‍ക്കാരായിരിക്കുമെന്ന് സിപിഎമ്മിന് നന്നായറിയാം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടുതന്നെ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചുകഴിഞ്ഞു. സിപിഎമ്മിനാകട്ടെ കഴിഞ്ഞതവണത്തെ ഒന്‍പത് സീറ്റ് കിട്ടില്ലെന്നു മാത്രമല്ല, ഒരേയൊരു സീറ്റുണ്ടായിരുന്ന സിപിഐയുടെ ഗതിയാണ് വരിക. ഈ സാഹചര്യത്തിലാണ് ദേശീയപാതാ വികസനം വിവാദമാക്കി അതിനു പിന്നില്‍ മറഞ്ഞിരിക്കാമെന്ന് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്.
സംസ്ഥാനത്തെ ദേശീയപാതകളുടെ നിര്‍മാണ പ്രവര്‍ത്തനം മോദി സര്‍ക്കാര്‍ നിര്‍ത്തിവെച്ചുവെന്ന കള്ളപ്രചാരണം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷേധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഭൂമിയേറ്റെടുക്കല്‍, വിലനിര്‍ണയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തേടിയെന്നുമാത്രം. ഇത് സാധാരണ നടപടിക്രമം മാത്രം. ദേശീയപാതാ വികസനം പ്രതികൂലമായി ബാധിക്കുന്നവരുടെ പ്രശ്നങ്ങള്‍ മോദിസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ബിജെപി ചെയ്തത്. ഇവരാകട്ടെ പ്രളയദുരന്തത്തിനിരയായവരുമാണ്. ഇക്കാര്യത്തില്‍ താനടക്കമുള്ളവര്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണുകയുണ്ടായെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠനും വ്യക്തമാക്കുകയുണ്ടായി. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ദേശീയപാതാ വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്നും നീലകണ്ഠന് ചൂണ്ടിക്കാട്ടുന്നു. ജനവിരുദ്ധമായി പ്രവര്‍ത്തിക്കുകയും, എന്നിട്ട് അതിന്റെ പഴി മുഴുവന്‍ മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.
കേരളത്തിന്റെ ദേശീയപാതാ വികസനം ഒന്നാം പട്ടികപ്രകാരംതന്നെ തുടരുമെന്നും, സംസ്ഥാനത്തോട് വിവേചനമില്ലെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ കുപ്രചാരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ശ്രമം പൊളിഞ്ഞിരിക്കുകയാണ്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ദേശീയപാത 30 മീറ്റര്‍ മതിയെന്ന് സത്യവാങ്മൂലം നല്കിയവരാണ് ഇപ്പോള്‍ വികസനപ്രേമം നടിക്കുന്നത്. പൂര്‍ത്തിയായ പണിയുടെ പണംപോലും നല്‍കാതെ മലേഷ്യന്‍ കമ്പനി ഉദ്യോഗസ്ഥനായ ലീ ബിന്‍ സീനെ ആത്മഹത്യയിലേക്ക് നയിക്കുകയും, അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിന് മെട്രോമാന് ഇ. ശ്രീധരനെ അപമാനിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ റോഡ് വികസനത്തിന്റെ പേരില്‍ വാചാലരാവുന്നതെന്ന് മലയാളികള്‍ക്ക് നല്ലപോലെ അറിയാം. കേരളത്തോട് ഏറ്റവും ഉദാരമായി പെരുമാറിയിട്ടും കേന്ദ്രവിരുദ്ധ സമീപനം മുഖമുദ്രയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍ ദേശീയപാതാ വികസനത്തെയും അതിന് കരുവാക്കുകയാണ്. റോഡ് വികസനത്തിന് മറ്റ് സംസ്ഥാനങ്ങളൊക്കെ ത്വരിതഗതിയില്‍ നടപടികളെടുക്കുമ്പോള്‍ അതൊന്നും ചെയ്യാതെ രാഷ്ട്രീയം കളിക്കുന്നവരുടെ മുതലക്കണ്ണീര് ആരും വകവയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: