Categories: Samskriti

ഉച്ചിട്ട

‘അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി’ എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.’വടക്കിനകത്തച്ചി’ എന്നും വിളിപ്പേരുണ്ട്.  മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ് ഈ തെയ്യം കെട്ടിയാടുന്നത്. വേലരും കെട്ടിയാടാറുണ്ട്. സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് അതിസുന്ദരിയായ ഈ  ഭഗവതി. പഞ്ച മന്ത്രമൂര്‍ത്തികളില്‍ പ്രമുഖയാണ് ഈ തെയ്യം. മാനുഷഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികള്‍ എന്നതൊരു പ്രത്യേകതയാണ്.  പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട്, കാട്ടുമാടം, പുത്തില്ലം, പൂന്തോട്ടം തുടങ്ങിയവയാണ് പ്രധാന ആരൂഢങ്ങള്‍. 

കൃഷ്ണന് പകരം കംസന്‍ കൊല്ലാന്‍ ഒരുങ്ങിയ യോഗമായയാണ് ഉച്ചിട്ട എന്നാണ് വിശ്വാസം. ശിവപുത്രിയാണെന്നും വിശ്വാസമുണ്ട്. അഗ്‌നിദേവന്റെ ജ്യോതിസ്സില്‍ നിന്നും അടര്‍ന്നുവീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണ് അതില്‍ നിന്നും ദിവ്യതേജസ്സോടു കൂടിയ ദേവിയുണ്ടായിയെന്നും ആ ദേവിയെ ബ്രഹ്മാവ് അവിടെ നിന്ന് കാമദേവന്‍ വഴി പരമശിവനു സമര്‍പ്പിച്ചുവെന്നും പിന്നീട് ഭൂമിദേവിയുടെ അപേക്ഷ പ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്നു മാനുഷ രൂപത്തില്‍ കുടിയിരുന്നുവെന്നുമാണ് കഥ. അഗ്‌നിപുത്രിയായത് കൊണ്ടാണ് തീയില്‍ ഇരിക്കുകയും കിടക്കുകയും തീ കനല്‍ വാരി കളിക്കുകയും ചെയ്യുന്നതെന്നും പറയപ്പെടുന്നു. തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ദേവിയാണ്.  സുഖപ്രസവത്തിന് സ്ത്രീകള്‍ ഉച്ചിട്ടയ്‌ക്ക് നേര്‍ച്ചകള്‍ നേരുന്നു. ഉച്ചത്തില്‍ അട്ടഹസിച്ചതിനാല്‍ ഉച്ചിട്ടയായി എന്ന് പറയപ്പെടുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക