കൊല്ലം: ഫലപ്രദമായ ചികിത്സാസംവിധാനത്തിന്റെ അപര്യാപ്തതയില്‍ കേരളത്തില്‍ ആനകള്‍ ചരിയുന്നു. രണ്ടുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്തൊട്ടാകെ എണ്‍പതോളം നാട്ടാനകളാണ് ചരിഞ്ഞത്. പൂരപ്പറമ്പുകളിലെ ശ്രദ്ധേയനായ ചെര്‍പ്പുളശ്ശേരി പാര്ത്ഥന് അടക്കമുള്ള ആനകള്‍ ചരിഞ്ഞത് വിദഗ്ധ ചികിത്സയുടെ പോരായ്മയാണ്.
ആനകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് കാലോചിതമായ ചികിത്സനടത്താനുള്ള സാങ്കേതിക ഉപകരണങ്ങളും ഇന്ന് കേരളത്തിലില്ല. കാലാവസ്ഥാ വ്യതിയാനവും ജീവിത ശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളും ആനയുടെ ജൈവിക ക്രമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഉദര രോഗങ്ങളാണ് ആനകളുടെ ജീവന് പ്രധാന ഭീഷണി. ഇരണ്ടക്കെട്ടും കുടലുകളിലെ അര്‍ബ്ബുദവും ക്ഷയവും മിക്ക ആനകളിലും മരണകാരണങ്ങളാകുന്നു.
ശ്രീലങ്ക, തായ്ലന്ഡ് പോലുള്ള രാജ്യങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാരീതികള്‍ ഉണ്ട്. അവ കേരളത്തിലും ഒരുക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. പാരമ്പര്യ ആന വൈദ്യന്മാരുടെ അഭാവവും നാട്ടാനകളുടെ മരണ നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്. ആനകളുടെ ഉദരസംബന്ധചികിത്സയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങള്‍ കേരളത്തിലും ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചിറയ്ക്കല്‍ മഹാദേവന്, വലിയവീട്ടില്‍ മണികണ്ഠന്, കോഴഞ്ചേരി ശങ്കരന്‍കുട്ടി, കണ്ണക വിശ്വനാഥന്, തോട്ടയ്ക്കാട് ശിവന്, ശ്രീവിജയം ശ്രീമുരുകന്, ആക്കാവിള കണ്ണന്, നെയ്യാറ്റിന്‍കര കണ്ണന് എന്നീ ആനകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ പെട്ടെന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന് ചരിഞ്ഞിരുന്നു. പൂരപ്രേമികളുടെ ആവേശമായ ചെറുപ്പുളശ്ശേരി പാര്ത്ഥന് കൂടി ചരിഞ്ഞതോടെ ആനകള്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്.
വനംവകുപ്പും, വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റും ആനകളുടെ ചുമതലയുള്ള ദേവസ്വംബോര്‍ഡ് കമ്മീഷണര്‍മാരും ഇതിന് മുന്‍കൈയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നാട്ടാനകള്‍ക്ക് പുറമേ കേരളത്തില്‍ ചരിയുന്ന കാട്ടാനകളുടെ എണ്ണവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ ആനകളുടെ എണ്ണം പകുതിയായി കുറയുമെന്ന ആശങ്കയിലാണ് ആനപ്രേമികളും ഉടമകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: