തിരുവനന്തപുരം: സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ക്കായി പരീക്ഷാക്രമക്കേട് നടത്തി ആരോഗ്യ സര്‍വ്വകലാശാല. പുനപ്പരീക്ഷയുടെ പേരില്‍ നടക്കുന്നത് കോടികളുടെ അഴിമതി. ഇരട്ട മൂല്യനിര്‍ണയത്തിലൂടെ ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നു. തോറ്റ പരീക്ഷയ്ക്ക് ഫീസ് ഇനത്തില്‍ ഓരോ സെമസ്റ്ററിലും പിരിക്കുന്നത് കോടികള്‍.
ആരോഗ്യ സര്‍വകലാശാലയുടെ 2018 ലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം തോല്പിച്ചെന്ന രേഖകള്‍ ജന്മഭൂമിക്ക് ലഭിച്ചു. ഇരട്ട മൂല്യ നിര്‍ണയമാണ് മെഡിക്കല്‍ വിദ്യാഭ്യാസ പരീക്ഷകള്‍ക്ക് നടക്കുന്നത്. 2016 വരെ രണ്ട് മൂല്യ നിര്‍ണയങ്ങളില്‍ ഏറ്റവും മികച്ച മാര്‍ക്ക് ഏതാണോ അതാണ് വിദ്യാര്‍ത്ഥിക്ക് നല്‍കിയിരുന്നത്.
എന്നാല്‍ 2016മുതല്‍ ആരോഗ്യ സര്‍വകലാശാല രണ്ട് മൂല്യ നിര്‍ണയങ്ങളുടെ ആവറേജ് മാര്‍ക്കാണ് കണക്കാക്കുന്നത്. 2018 ലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ വിജയശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. അതില്‍ ഏറ്റവും കുറവ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനാണ്. 52.53 ശതമാനം മാത്രമാണ് വിജയം. 48 വിദ്യാര്‍ത്ഥികളാണ് തോറ്റത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്.
ഈ ക്രമക്കേടിന്റെ മറവില്‍ ലക്ഷങ്ങളാണ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്. വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ 48 വിദ്യാര്‍ത്ഥികള്‍ തോറ്റു. ഓരോ വിഷയത്തിനും തോറ്റ വിദ്യാര്‍ഥിയില്‍ നിന്ന് സ്പെഷ്യല്‍ ട്യൂഷന് ഫീസായി ഈടാക്കിയത് 20,000 രൂപയാണ്. മറ്റ് കോളേജുകളിലും 15000 മുതല്‍ ഈടാക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന 3105 രൂപയുടെ പരീക്ഷാ ഫീസിന് പകരം അയ്യായിരം രൂപയും ഈടാക്കും. 105 പേപ്പറുകളാണ് എസ്ആര്‍ കോളേജില്‍ നിന്ന് പുനഃപരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ട്യൂഷന് ഫീ ഇനത്തില്‍ മാത്രം 21 ലക്ഷം രൂപ ഒരു സെമസ്റ്ററില്‍ കോളേജിന് ലഭിച്ചു.
ഇത്തരത്തില്‍ കോളേജുകളും ആരോഗ്യ സര്‍വകലാശാലയും ചേര്‍ന്ന് ഒരുവര്‍ഷം നടത്തുന്നത് കോടികളുടെ അഴിമതിയാണ്. കഴിഞ്ഞ എട്ട് മാസമായി എസ്ആര്‍ മെഡിക്കല്‍ കോളേജ് ഭാഗികമായി പ്രവര്‍ത്തനരഹിതമാണ്. ക്ലാസ്സ് നടക്കുന്നില്ലെന്ന് ഹൈക്കോടതിയും കണ്ടെത്തി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഒന്നും കോളേജില്‍ ഇല്ലെന്ന് കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കോളേജിന് ഷോക്കോസ് നോട്ടീസ് നല്കിയിരിക്കുന്നു.
ക്ലാസ്സ് നടക്കാത്ത മതിയായ സൗകര്യം ഇല്ലാത്ത കോളേജില്‍ രണ്ടാംവര്‍ഷ പരീക്ഷയില്‍ നൂറുശതമാനം വിജയമാണ് ഉണ്ടായിരിക്കുന്നത്. അവിടെ മാത്രമല്ല സ്വാശ്രയ കോളേജുകള്‍ക്കെല്ലാം 95 ശതമാനത്തിലധികം വിജയമുണ്ട്. ഏറ്റവും ഉയര്‍ന്ന റാങ്കുകാര്‍ പഠിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 90 നും 95 നും ഇടയില്‍ മാത്രം വിജയശതമാനം. രണ്ടാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നേരത്തെ ലഭിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: