ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും തിരക്കേറ്റിയ കെംപഗൗഡ മെട്രോ റെയില്‍വെ സ്റ്റേഷനില്‍ (മജസ്റ്റിക്) ഭീകരനെത്തിയെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടു ദിവസമായി നഗരം ആശങ്കയുടെ മുള്‍മുനയില്‍.
ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുമ്പോഴും പോലീസിന്റെ ശക്തമായ പരിശോധന ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, കെഎസ്ആര്‍ടിസി-ബിഎംടിസി ബസ് സ്റ്റാന്‍ഡുകള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, മാളുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി.
ബാഗുകള്‍, പെട്ടികള്‍, പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങള്‍ തുടങ്ങി എല്ലായിടവും പോലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചു വരികയാണ്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും അതീവ ജാഗ്രതയിലാണ്.
തിങ്കളാഴ്ച രാത്രി ഏഴരയോടെ മജസ്റ്റിക് മെട്രോ സ്റ്റേഷനിലെ കിഴക്ക്ഭാഗത്തെ പ്രവേശനകവാടത്തിലാണ് അരയില്‍ സംശകരമായ വസ്തു ഘടിപ്പിച്ച യാത്രക്കാരന് എത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ അലാറാം അടിച്ചതോടെ കൂടുതല്‍ പരിശോധനയ്ക്കായി നീക്കി നിര്‍ത്തിയെങ്കിലും സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് രക്ഷപ്പെട്ടു.
സുരക്ഷാ വേലി ചാടിക്കടക്കാനും ഇയാള്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ പുറത്തക്ക് ഓടി. ഇതിനിടയില്‍ ചില മെട്രോ ജീവനക്കാരും ഓട്ടോറിക്ഷ ഡ്രൈവമാരും തടയാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.
പരിശോധന കൂടാതെ മെട്രോ സ്റ്റേഷനിലേക്ക് കടത്തിവിട്ടാന്‍ വന്‍തുക നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായി ചില ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞു. 40 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ആള് കുര്‍ത്തയും മേല്‍ക്കോട്ടും തൊപ്പിയും ഷാളും ധരിച്ചിരുന്നു. ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
മജസ്റ്റിക്കിലെ ബിഎംടിസിയിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും സുരക്ഷ ശക്തമാക്കി. കൂടുതല്‍ ഹോംഗാര്‍ഡുകളെ നിയോഗിച്ചതിനൊപ്പം സിസിടിവി കാമറകളും സ്ഥാപിച്ചു. സംശയാസ്പദമായി തോന്നുന്ന യാത്രക്കാരെയും എല്ലാ ബാഗുകളും പരിശോധിക്കുന്നതായി ബിഎംടിസി സുരക്ഷാ മേധാവി അനുപം അഗര്‍വാള്‍ പറഞ്ഞു.
ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ ബെംഗളൂരുവിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സേനാമേധാവി വെളുപ്പെടുത്തിയതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് നഗരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് സംശയം ജനിപ്പിച്ച് ഒരാള്‍ മെട്രോ സ്റ്റേഷനിലെത്തിയതും രക്ഷപെട്ടതും. ഇത് സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പെരുമാറ്റം സംശയകരമെന്ന് ഡിസിപി
ബെംഗളൂരു: മെട്രോ റെയില്‍വെ സ്റ്റേഷനില്‍ സുരക്ഷാ പരിശോനക്കിടെ ഓടി രക്ഷപെട്ട ആളിന്റെ പെരുമാറ്റം സംശയകരമെന്ന് വെസ്റ്റ് ഡിസിപി രവി ഡി. ചന്നന്നവര്‍ പറഞ്ഞു. ഇയാളുടെ അരയിലെ ബെല്‍റ്റില്‍ എന്തോ ഘടിപ്പിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ ശ്രമിക്കുന്നതിനെയാണ് രക്ഷപെട്ടതെന്ന് ഡിസിപി പറഞ്ഞു.
റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത് ആയുധമോ, സ്ഫോടക വസ്തുക്കളോ ആണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിസിപി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി മൂന്നു സംഘങ്ങളെ ചുമതലപ്പെടുത്തി, ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള മെസേജുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സംശയാസ്പദമായി എത്തിയ ആള് സുരക്ഷാ ജീവനക്കാരുടെ പരിശോധനയ്ക്കിടെ ധരിച്ചിരുന്ന കുപ്പായം ഉയര്ത്തികാണിക്കുന്നതായി ഭാവിച്ച ശേഷം രക്ഷപെടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: