പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന പുലഭ്യംവിളി ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലും വാര്‍ത്താസമ്മേളനങ്ങളിലും പ്രതിപക്ഷനേതാക്കള്‍ ഹാലിളകിയ മട്ടിലാണ് പെരുമാറുന്നത്. പ്രധാനമന്ത്രിയെ കള്ളനെന്ന് ആവര്‍ത്തിച്ച രാഹുലിന് കനത്ത മറുപടി നരേന്ദ്രമോദി നല്‍കിയതോടെ രാഹുലും സഹോദരി പ്രിയങ്കയും മാറത്തടിച്ച് വിലപിക്കുകയാണ്.
രാഹുലിന്റെ പിതാവ് രാജീവ് കള്ളനെന്ന പേരുദോഷം നേടിയാണ് അധികാരം വിട്ടൊഴിഞ്ഞതെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത് പിതാവിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ചുവെന്നാണ് ഇപ്പോള്‍ വിലപിക്കുന്നത്. രാജീവിന് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നത് സ്വയംകൃതാനര്‍ത്ഥമാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ശ്രീലങ്കയില്‍ ചെന്ന് പരേഡ് പരിശോധിക്കുമ്പോള്‍ പോലീസുകാരന്റെ അടിവാങ്ങിയ പ്രധാനമന്ത്രിയായിരുന്നില്ലെ രാജീവ്. അതിന്റെ ബാക്കിപത്രമായിരുന്നില്ലെ പെരുമ്പുത്തൂരിലുണ്ടായത്.
രാജീവ് കള്ളന് മാത്രമല്ല, കശാപ്പുകാരന് കൂടിയായിരുന്നുവെന്ന് അകാലിദള്‍ അധ്യക്ഷന്‍ പ്രസ്താവിച്ചത് വെറുംവാക്കായിരുന്നില്ലല്ലൊ. രാജീവന്റെ അമ്മയും രാഹുലിന്റെ അമ്മൂമ്മയുമായ ഇന്ദിരാഗാന്ധിക്ക് ദാരുണാന്ത്യം സംഭവിച്ചതും സ്വയംകൃതാനര്‍ത്ഥം തന്നെയായിരുന്നല്ലൊ. പഞ്ചാബില്‍ അകാലിദളിനെ ക്ഷീണിപ്പിക്കാന്‍ ഇന്ദിരാഗാന്ധി വളര്‍ത്തിക്കൊണ്ടുവന്ന ഖാലിസ്ഥാന്‍ വാദമാണ് അവരുടെ തന്നെ ദാരുണാന്ത്യത്തിന് വഴിവച്ചത്.
ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിനെയും അതിന്റെ നായകന് ഭിന്ദ്രന്‍വാലയെയും അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ചെവിക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഭിന്ദ്രന്‍വാല വെറും ഒരു സന്യാസി എന്നാണ് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചുപോന്നത്. പിന്നീട് ഖാലിസ്ഥാന്‍ വാദികള്‍ കുടംതുറന്നുവിട്ട ഭൂതംപോലെയായി. തുടര്‍ന്നാണ് പവിത്രമായ സുവര്‍ണക്ഷേത്രത്തില്‍ പോലീസിന്റെ തേര്‍വാഴ്ച നടന്നത്. അതിന്റെ പകയായിരുന്നു അംഗരക്ഷകരുടെ കൈകൊണ്ടുതന്നെ മരിക്കേണ്ടിയും വന്നത്. ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്തയറിഞ്ഞ ഉടനെ ഭാരതമാകെ കൊലക്കളമാക്കിയത് കോണ്‍ഗ്രസുകാരാണ്.
സ്വതന്ത്രയിന്ത്യയില്‍ ഏറ്റവും വലിയ വംശഹത്യനടക്കുമ്പോള്‍ രാജീവ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. നാലായിരത്തോളം സിക്കുകാരെ കാലപുരിയ്ക്കയച്ചു. സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. പലതും ചാമ്പലാക്കി. അണികളോട് സമാധാനം പാലിക്കാന്‍ ഒരു വാക്കുപോലും പറയാന്‍ രാജീവ് ഗാന്ധി കൂട്ടാക്കിയില്ലെന്ന് മാത്രമല്ല വന്മരം വീഴുമ്പോള്‍ ഭൂമികുലുങ്ങുമെന്ന് പറഞ്ഞ് ന്യായീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായിരിക്കെ ബോഫോഴ്സ് തോക്കിടപാടില്‍ നടത്തിയ കൊള്ളയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചത്. അത് രാഹുലിന് അറിയില്ലെങ്കില്‍ മാലോകര്‍ക്കെല്ലാം അറിയാം.
എത്രതവണ ഗംഗയില്‍ മുങ്ങിയാലും കാക്ക വെളുക്കില്ലെന്ന് പറയുമ്പോലെയാണ് രാജീവിന്റെ മേലുള്ള കറ. രാഹുലിന്റെ തുപ്പി ഓടുക എന്ന നയമാണ് മറ്റ് പ്രതിപക്ഷ നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്രമോദിയെ ദുര്യോധനനെന്നും അമിത്ഷായെ ദുശ്ശാസനനെന്നുമാണ് മമത ബാനര്‍ജി കുറ്റപ്പെടുത്തിയത്. ഔറംഗസേബാണ് നരേന്ദ്രമോദി എന്ന് മറ്റൊരു നേതാവ് പറഞ്ഞപ്പോള്‍ ഹിറ്റ്ലര്‍ എന്ന നാമവും ചാര്‍ത്തിക്കൊടുക്കുന്നു. സുപ്രീംകോടതിയില്‍ രാഹുലിന്റെ മാപ്പപേക്ഷ കുന്നുകൂടുകയാണ്. മറ്റുനേതാക്കളും ഇതേമാര്‍ഗത്തില്‍ പോകുന്നതും കാണേണ്ടിവരും. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ഉറച്ച ബോധ്യമാണ് ഇവരെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നത്. ജനവിശ്വാസം നേടുന്നതിന് പിച്ചും പേയും കാട്ടിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷത്തെ വോട്ടര്‍മാര്‍ ബോധ്യപ്പെടുത്തുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: