തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ട് കണക്കുകള്‍ നല്‍കാതെ പൊതു ഭരണവകുപ്പ്. നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കിയെങ്കിലും ഓരോ വകുപ്പുകളിലായി ഫയല്‍ തട്ടിക്കളിക്കുന്ന നടപടി തുടരുകയാണ്.
പൊതുഭരണ വകുപ്പ് അക്കൗണ്ട്സ് ആര്- വിഭാഗത്തില്‍ നല്കിയ അപേക്ഷയില്‍ പിണറായി വിജയന്റെ ചികിത്സ സംബന്ധിച്ച വിവരം ലഭ്യമല്ല എന്ന വിവരമാണ് നല്‍കിയത്. വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ പൊതുഭരണ വകുപ്പിലെ അക്കൗണ്ട്സ് എ വിഭാഗത്തിന് കത്ത് നല്‍കണമെന്നും മറുപടിയില്‍ പറയുന്നു. തുടര്‍ന്ന് അപ്പീല്‍ അധികാരിക്ക് നല്കിയ അപേക്ഷയില്‍ മയോ ക്ലിനിക്കിലെ ചികിത്സ സംബന്ധിച്ച വിവരം അന്വേഷിച്ചപ്പോള്‍ നിപ്പവൈറസ് ഫലപ്രദമായി നേരിടുന്നതിന് അമേരിക്കയിലെ ആരോഗ്യ ക്ലബ് നല്കിയ അവാര്‍ഡ് വാങ്ങാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശൈലജയും പോയതിനുള്ള ചെലവ് 3,82,807 രൂപ എന്ന വിവരമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ഇതുവരെ ചികിത്സാ ചെലവൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന വിവരമാണ് നല്‍കിയത്. തുടര്‍ന്നാണ് പൊതുഭരണ വകുപ്പിലെ കള്ളക്കളി.
ചീഫ് സെക്രട്ടറിക്ക് നല്കിയ അപേക്ഷ പ്രകാരം വിവരങ്ങള്‍ ലഭ്യമാകണമെങ്കില്‍ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വകുപ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അപേക്ഷ അങ്ങോട്ട് അയച്ചതായി മറുപടിയില്‍ പറയുന്നു. തുടര്‍ന്ന് ഈ വിഭാഗത്തില്‍ നല്കിയ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് 2013-00-108-99-04-01 എന്ന അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഇതോടൊപ്പം വിദേശകാര്യ വകുപ്പ് യാത്രാ അനുമതി നല്കിയ രേഖയില്‍ മുഖ്യമന്ത്രിയുടെയും സഹായത്തിനായി പോയ അദ്ദേഹത്തിന്റെ ഭാര്യയുടെയും ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും വ്യക്തമാക്കുന്നു. വീണ്ടും ചെലവ് സംബന്ധിച്ച വിശദ വിവരം ആരാഞ്ഞപ്പോള്‍ 2013-00-108-99-04-1 എന്ന ശീര്‍ഷകത്തിലെ അക്കൗണ്ട് പ്രകാരം മന്ത്രിമാരുടെ യാത്രാ ചെലവുകള്‍ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും ചികിത്സാ ചെലവുകള്‍ അല്ലെന്ന വിവരമാണ് പൊളിറ്റിക്കല്‍ വിഭാഗത്തില്‍ നിന്നും ലഭിച്ചത്. ഈ വിഭാഗങ്ങളില്‍ നിന്നും വിവരം ലഭ്യമല്ലെന്നായപ്പോള് പണം വിനിയോഗിക്കാന്‍ അനുമതി നല്കുന്ന ധനവകുപ്പിനെ തന്നെ ബന്ധപ്പെട്ടു. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പൊതുഭരണ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നാണ് മറുപടി.
ഒടുവില്‍ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സാ സംബന്ധമായ ചെലവുകള്‍ക്ക് മന്ത്രിസഭ തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകള്‍ സംബന്ധിച്ച് റീ ഇംപേഴ്സ്മെന്റ് നല്‍കുന്നത് പൊതു ഭരണ വിഭാഗത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ വകുപ്പില്‍ നല്കിയ ചോദ്യങ്ങള്‍ക്കാണ് ഇവിടെ വിവരം ലഭ്യമല്ല എന്ന മറുപടികള്‍ ലഭിച്ചത്. 2018 ആഗസ്ത് 19 മുതല്‍ സപ്തംബര്‍ ആറു വരെയാണ് മുഖ്യമന്ത്രി മയോക്ലിനിക്കില്‍ ചികിത്സയിലായത്. ഒരു ദിവസത്തെ ചികിത്സയ്ക്ക് ഏകദേശം അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് അറിയുന്നു. വിവരാവകാശ നിയമ പ്രകാരം ചികിത്സാ രേഖകള്‍ നല്കാന് പാടില്ല. എന്നാല്‍ ഇത് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കര്‍ശന നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കാതെ മറച്ചു വയ്ക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: