തിരുവനന്തപുരം: സിപിഎമ്മിന്റെ കള്ളവോട്ടിനെതിരായ നടപടികള്‍ സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കള്ളവേട്ടിന് പിടിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ പേരില്‍ സിപിഎം തെരഞ്ഞെടുപ്പ് ഓഫീസറുമായി തുറന്ന യുദ്ധത്തിലാണ്.
ഇതിന്റെ ചുവട് പിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മന്ത്രിമാരായ ഇ.പി. ജയരാജന്, കടകംപള്ളി സുരേന്ദ്രന്, എം.വി. ജയരാജന് തുടങ്ങി സിപിഎമ്മിന്റെ പ്രമുഖര്‍ മീണയ്ക്ക് എതിരെ രംഗത്തുവന്നു. സിപിഎമ്മിനെതിരെ വന്ന ആരോപണത്തെ സാധൂകരിക്കാന്‍ മുസ്ലിം ലീഗുകാരും കള്ളവോട്ട് ചെയ്തെന്ന വീഡിയോ ദൃശ്യം അടങ്ങിയ തെളിവ് പുറത്തു വിട്ടെങ്കിലും പാര്‍ട്ടി പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. കള്ളവോട്ടിന്റെ നിഴല്‍ സിപിഎമ്മിനെ ചുറ്റിപറ്റി തന്നെയാണ് നിന്നതും. ഇതിന് കാരണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഏകപക്ഷീയമായി ഇടപെടുന്നതിനാലാണെന്ന ആരോപണം സിപിഎം ഉന്നയിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും രണ്ട് നീതിയാണ് നല്‍കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി.
ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഒരു അക്ഷരം മിണ്ടിയില്ലാ എന്നത് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ പിണറായിയുടെ പാര്ട്ടിക്കാര് കള്ളവോട്ടിന്റെ പ്രതിരോധത്തില്‍ ഉലഞ്ഞപ്പോള്‍ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ എത്താത്തത് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.
കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രഹരം നല്‍കാമെന്ന പാര്‍ട്ടിയുടെയും സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരുടെയും ശ്രമവും വിഫലമായി. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയേ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കാവൂ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ കത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. ഇത് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് മീണ കത്തും നല്കി. എന്നാല്‍ ചട്ടം അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയെകൊണ്ട് മീണയ്ക്കെതിരായി സംസാരിപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമവും അങ്ങനെ പരാജയപ്പെട്ടു.
ഇന്നലെ മന്ത്രിസഭായോഗ ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് അനുകൂലമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: