ആലപ്പുഴ: കേരളത്തിലെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രിക്ക് നല്കിയ കത്തല്ല വികസനം തടഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രളയം സാരമായി ബാധിച്ച പ്രദേശങ്ങളില്‍ പോലും ദേശീയപാതയുടെ പേര് പറഞ്ഞ് കുടിയൊഴിപ്പിക്കല്‍ നടത്താനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ താനടക്കമുള്ള ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ദല്‍ഹിയില്‍ പോയി റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവരെ കണ്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും നീലകണ്ഠന് പറയുന്നു. ദേശീയപാത വികസനത്തിന്റെ മറവില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സമീപിച്ചിരുന്നു. ബിജെപി മാത്രമാണ് അനുകൂല നിലപാട് എടുത്തത്. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം ശ്രീധരന്‍പിള്ള ഗഡ്കരിക്കുള്ള കത്ത് നല്‍കുകയായിരുന്നു. പിണറായി വിജയന് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഗതികെട്ട ജനകീയ ഇടപെടലാണ് പുതിയ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന്റെ ഇരകളെ ഉടനെ കുടിയൊഴിപ്പിക്കരുത് എന്ന് ഇന്ന് ആവശ്യപ്പെടേണ്ടത്, അവരെ സംരക്ഷിക്കേണ്ടത് കേരള സര്‍ക്കാര്‍ ആണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ പ്രളയ സമയത്ത് തൃശൂര്‍ അടക്കമുള്ള ഇടങ്ങളില്‍ ഇതില്‍ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വേ നടപടിയുമായി പോലീസിന്റെ കാവലില്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയിരുന്നു.
പ്രളയത്തിന്റെ ഇരകള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുള്ള അവസരത്തില്‍ പോലും അവര്‍ക്ക് കുടിയൊഴിഞ്ഞു പോകാനുള്ള നോട്ടീസ് അയയ്ക്കുകയാണ് ചെയ്തത്. ഇത് തടയാന്‍ പോലും നമ്മുടെ സര്‍ക്കാരോ മുഖ്യമന്ത്രി പിണറായി വിജയനോ ശ്രമിച്ചിട്ടില്ല. പകരം കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് ഒരു പ്രതിരോധവും ഇല്ലാതെ നടക്കുന്നു എന്ന റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഇന്നേവരെ ഒരു സിപിഎം നേതാവും ദേശീയപാത ഇരകള്‍ക്കു വേണ്ടി നിലകൊണ്ടിട്ടില്ലെന്നും നീലകണ്ഠന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: