ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ നിശ്ചയദാര്‍ഢ്യവും കെട്ടുറപ്പുള്ള പ്രവര്‍ത്തനവും ശക്തമായ നേതൃത്വപാടവവും തൊഴിലാളി വര്‍ഗ്ഗസ്നേഹത്തിന്റെ ആഴവും പ്രതിഫലിച്ച പോരാട്ടത്തിന്റെ കഥയാണ് ചാരായ നിരോധനം മൂലം പെരുവഴിയിലായ ചാരായ തൊഴിലാളികള്‍ക്ക് വേണ്ടി ബി.എം.എസിന്റെ നേതൃത്വത്തില്‍ നടത്തിയത്. കൊടിയുടെ നിറം നോക്കാതെ, ആശ്രയിച്ച് വന്നവരെ കൂടെനിര്‍ത്തി അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കുകയും നിയമപോരാട്ടത്തില്‍ പരമോന്നതനീതിപീഠംവരെ പോയി അവര്‍ക്ക് അനുകൂല വിധി വാങ്ങി നല്‍കുകയും ചെയ്തു. ലോകതൊഴിലാളി പ്രസ്ഥാനത്തിന് തന്നെ ഇതു മാതൃകയാണ്.
1991-96 ഏ. കെ. ആന്റണി മന്ത്രിസഭയുടെ വിപ്ലവകരമായ തീരുമാനമായിട്ടാണ് ചാരായനിരോധനം നിലവില്‍വന്നത്. ഏറെ കോളിളക്കവും വിവാദവും സൃഷ്ടിച്ച ആ തീരുമാനംകൊണ്ട് കേരളത്തിലെ സാമൂഹിക വ്യവസ്ഥയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
ചാരായ നിരോധനം നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. നിരോധനം മൂലം ജീവിതം വഴിമുട്ടിയ ആയിരക്കണക്കിന് തൊഴിലാളികള്‍ അര്‍ദ്ധ പട്ടിണിയിലോ മുഴുപട്ടിണിയിലോ കഴിയുമ്പോള്‍ മദ്യവില്‍പ്പന നൂറ് ഇരട്ടി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ അതിനെ പ്രധാനവരുമാനമാര്ഗ്ഗങ്ങളില് ഒന്നാക്കി മാറ്റി. തൊഴിലാളിവര്ഗ്ഗസ്നേഹം ആവര്‍ത്തിച്ച് പറഞ്ഞ് നടക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ചാരായനിരോധനത്തിന്ശേഷം 1996 ല്‍ നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോഴും 2006 ല്‍ അച്ചുതാനന്ദന് ഭരിച്ചപ്പോഴും 2016 മുതല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം നടക്കുമ്പോഴും ചാരായ നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരും ഭൂരിപക്ഷം കര്ഷകതൊഴിലാളികളും കടക്കെണിയില്‍ മുങ്ങിത്താഴുകയാണ്.
വടക്കേന്ത്യയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകളുടെ ഇരട്ടിയാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. ഇതേപോലെതന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭരണവൈകല്യവും കെടുകാര്യസ്ഥതയുംമൂലം അനാഥമാക്കപ്പെട്ട കെ.എസ്.ആര്.ടി.സി.യിലെ ആയിരക്കണക്കിന് എംപാനല്‍ ജീവനക്കാരുടെ കഥകളും കണ്ണീരോടെയാണ് നാം വായിക്കുന്നത്. എംപാനല്‍ വനിതാ ജീവനക്കാരി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്പില് ആത്മഹ്യയ്ക്ക് ഒരുങ്ങിയത് മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ആശയും ആത്മ വിശ്വാസവും നല്കി കൂടെ നിര്‍ത്തി വര്‍ഷങ്ങളോളം പണി ചെയ്യിപ്പിച്ചിട്ട് നിര്‍ദാക്ഷണ്യം കൈയൊഴിയുമ്പോള്‍ ഗതിയറിയാതെ അലയുന്ന ഇവരില്‍ ഭൂരിപക്ഷവും വിപ്ലവപ്രസ്ഥാനത്തിന്റെ സഹചാരികള്‍ ആയിരുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ തൊഴിലാളിപ്രേമം നടിച്ച് മുറവിളിക്കൂട്ടുകയും ഭരണപക്ഷത്തെ ത്തുമ്പോള് തൊഴിലാളിവിരുദ്ധ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്നത് എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പാണ്. നാട്ടില്‍ ആരാജകത്വവും അഴിമതിയും വര്‍ദ്ധിക്കുമ്പോള്‍ കുടിലതന്ത്രങ്ങളിലൂടെ ജനശ്രദ്ധതിരിച്ചുവിടുകയാണ് പിണറായി സര്‍ക്കാര്‍. ചാരായനിരോധനം നിലവില്‍ വന്നതിന് ശേഷം അധികാരത്തില്‍ വന്ന ഇ.കെ. നായനാരുടെ മന്ത്രിസഭ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയോ പുനരധിവാസപാക്കേജ് നടപ്പിലാക്കുകയോ ചെയ്യാന്‍ തയ്യാറായില്ല. ചാരായവില്‍പ്പന തൊഴിലാളികളില്‍ 99% ഇടതുപക്ഷ സഹയാത്രികരായിരുന്നു. ജോലിയും കൂലിയും ഉണ്ടായിരുന്നപ്പോള്‍ അവരുടെ വരുമാനത്തിന്റെ സിംഹഭാഗവും കൈക്കിലാക്കി ഇവരെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാണ് പാര്‍ട്ടിയുടെ ഇന്നുകാണുന്ന മണിമന്ദിരങ്ങള്‍ കെട്ടിപ്പൊക്കിയതും രാഷ്ട്രീയ അടിത്തറപാകിയയതുമെന്നും അവര്‍ പറയുന്നു. തൊഴിലും കൂലിയും നഷ്ടമായപ്പോള്‍ ഹൈക്കോടതി വിധി പ്രകാരം കള്ളുഷാപ്പുകളിലും മറ്റും പുനരധിവസിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ രാഷ്ട്രീയ ഗുണ്ടകളെകൊണ്ട് നിര്‍ദാക്ഷണ്യം ആട്ടിഓടിക്കാനും ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കാനും ഇവര്‍ മടിച്ചില്ല. അങ്ങനെ ചെങ്കൊടി പ്രസ്ഥാനം തന്നെ ഇവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഇവര്‍ക്കെന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാനോ ജോലി നല്‍കാനോ ആവില്ലന്ന് ബിവറേജസ് കോര്പ്പറേഷന് ഉറച്ച നിലപാട് എടുക്കുകയും ചെയ്തു. പിന്നീട് നിയമവഴിയിലൂടെയുള്ള പോരാട്ടമായിരുന്നു. അത് ഇന്ന് ഏതാണ്ട് പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുകയാണ്.
ആദ്യ കാലഘട്ടത്തില്‍ ചില തൊഴിലാളി യൂണിയനുകള്‍ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാകാം അവര്‍ പിന്മാറി. അന്ന് വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചാണ് പ്രവര്‍ത്തകര്‍ നിന്നതെങ്കിലും കൂടുതലും ഇടതുപക്ഷ അനുഭാവികളായിരുന്നു. സ്വന്തം തട്ടകത്തില്‍ നിന്നു തന്നെ വിശ്വസവഞ്ചന മണത്തപ്പോള്‍ അവര്‍ നിലനില്‍പ്പിനായി ഒരു സംഘടിതപ്രസ്ഥാനത്തിന്റെ തണലില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഭാരതീയ സംസ്കാരത്തില്‍ അധിഷ്ഠിതമായ ദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ കീഴിലുള്ള കേരളപ്രദേശ് ട്രോഡി ആന്റ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന്(ബിഎംഎസ്) 2016 ല്‍ സമരമുഖത്ത് എത്തുന്നത്.
ഹൈക്കോടതി പലവട്ടം കേസ് പരിഗണിച്ചു. 2002 ലെ ഹര്ജിയിന്മേല് ബിവറേജസ് കോര്‍പ്പറേഷനില്‍ വരുന്ന ഒഴിവുകളില്‍ 25% ചാരായനിരോധനം നടപ്പിലാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നീക്കിവെക്കണമെന്ന് സിംഗിള്‍ബഞ്ച് ഉത്തരവിടുകയുണ്ടായി. ഇത് പിന്നീട് ഹൈക്കൊടതി ഫുള്‍ബഞ്ച് ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ കോര്പ്പറേഷന് ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പിന്നീട് ഇടതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതിവിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുകയും ചെയ്തു. വിധി നടപ്പാക്കാന്‍ കഴിയാത്തത് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ അബ്കാരിനയം തടസ്സമാകുന്നത് മൂലമാണെന്നാണ് സുപ്രീംകോടതിയില്‍ പറഞ്ഞത്. പിരിച്ചുവിട്ട തൊഴിലാളികളില്‍ 525 ഓളം പേര് ആത്മഹത്യചെയ്തു. അവരുടെ ആശ്രിതര്‍ക്ക് പലര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കിയെങ്കിലും ബാക്കിയുള്ളവരെ പരിഗണിച്ചതേയില്ല.
ചാരായ തൊഴിലാളികള്‍ക്ക് അനുകൂലമായ ഇരുപതോളം ഹൈക്കോടതി വിധികള്‍ നിലവില്‍ ഉണ്ടായിട്ടും നിയമനം നടത്താന്‍ ബിവറേജസ് കോര്പ്പറേഷന് തയ്യാറായിരുന്നില്ല. സമരവും കേസും നിലനില്‍ക്കുമ്പോഴും പിന്‍വാതില്‍ നിയമനം നടത്താന്‍ സി.പി.എം. കൂട്ടുനില്‍ക്കുകയാണ് ഉണ്ടായത്. സുപ്രീംകോടതിയുടെ അനുകൂലമായ നിരീക്ഷണത്തെ ചാരായ തൊഴിലാളികള്‍ പലര്‍ക്കും പ്രായപരിധി കഴിഞ്ഞെന്നും 22 വര്‍ഷം മുമ്പാണ് നിരോധനം ഉണ്ടായതെന്നും ബിവറേജസ് കോര്പ്പറേഷന് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ എന്തുകൊണ്ട് അവരെ നേരത്തെ നിയമിക്കാതിരുന്നു എന്നാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ മറുചോദ്യം ചോദിച്ചത്.
നീണ്ട 22 വര്‍ഷ കാലത്തിടയ്ക്ക് നിര്‍ദ്ധനരും നിരാലംബരും നിരാശ്രയരുമായ ഇവര്‍ നടത്തിയ പട്ടിണി സമരവും സഹനസമരങ്ങളും ഇടതു-വലതുസര്‍ക്കാരുകള്‍ യാതൊരു മുഖവിലയ്ക്കും എടുത്തില്ല. സമരം ബി.എം.എസ്. ഏറ്റെടുത്ത് പ്രത്യക്ഷസമരങ്ങളും ഒപ്പം സുപ്രീംകോടതിയില്‍ നിയമപോരാട്ടങ്ങളും നടത്തുകയും ചെയ്തപ്പോള്‍ സമരത്തിന്റെ ദിശമാറി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതി മുമ്പാകെ ബോധ്യപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍, പിരിച്ചുവിട്ടവര്‍ക്ക് അനുകൂലമായി പരമോന്നത നീതിപീഠം ഒരു ഇടക്കാല ഉത്തരവ് 26.10.2018ല്‍ ഇറക്കി. അന്തിമവിധി കഴിഞ്ഞ ജനുവരിമാസം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു ജഡ്ജിയുടെ അവധിമൂലം വിധിപ്രഖ്യാപനം ഉണ്ടായില്ല. ഉടന്‍ തന്നെ കേസ് പരിഗണനയില്‍ എടുക്കുമെന്നും അനുകൂലമായ വിധി ലഭിക്കുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ചാരായ വിതരണ തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: