ഒരു നാട്ടുപ്രയോഗമുണ്ട്. കഴുകന് എല്ലാ ഇറച്ചിയും പഥ്യം; പക്ഷേ, കഴുകന്റെ ഇറച്ചി ആര്‍ക്കും പറ്റില്ല എന്ന്. ഇത് രാഷ്ട്രീയ ഭാഷയിലേക്ക് മാറ്റിയാല്‍ ഉത്തരം കോണ്‍ഗ്രസ് എന്നായി. അവര്‍ക്ക് ആരെപ്പറ്റിയും എന്തിനെപ്പറ്റിയും പറയാം; വിമര്‍ശിക്കാം, നട്ടാല്‍ പൊടിക്കാത്ത നുണകള്‍ വാരിയെറിയാം. എന്നാല്‍ മറ്റാര്‍ക്കും അവരെ ഒന്നുംപറയാന്‍ പാടില്ല. അവര്‍ എല്ലാവിമര്‍ശനങ്ങള്‍ക്കും അതീതര്‍. അവര്‍ ഈ രാജ്യത്തിന്റെ മൊത്തം ഉടമസ്ഥര്‍ എന്ന തരത്തിലാണ് നില്പ്പുംനടപ്പും. അതിന്റെ നെഗളിപ്പില്‍ പറയുന്നതൊക്കെ ഏറ്റുപിടിച്ച് നടക്കാന്‍ ഒരുകൂട്ടം അജണ്ടാധിഷ്ഠിത മാധ്യമക്കൂട്ടവുമുണ്ട്. ഒരുതരത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും അതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങള്‍ വാരിവിതറി നേട്ടം കൊയ്യാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം വസ്തുതാപരമായ ഒരു പരാമര്‍ശം മോദി നടത്തുകയുണ്ടായി. ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അത്. ഉടനെ കോണ്‍ഗ്രസ് തമ്പുരാക്കന്മാര് അലറിത്തുള്ളി നാടാകെ ഓടുകയായി. തങ്ങളെ പ്രധാനമന്ത്രി അധിക്ഷേപിക്കുകയാണെന്നും രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ വ്യക്തിയെ അപമാനിക്കുകയാണെന്നുമാണ് വലിയവായില്‍ പറയുന്നത്. അതേറ്റുപിടിക്കാന്‍ കുറെ മാധ്യമങ്ങളും തയ്യാറായതോടെ കലുഷമായ ഒരു അന്തരീക്ഷം തന്നെ സംജാതമായി.
ജനാധിപത്യ നടപടിക്രമങ്ങളിലൂടെ ജനസേവനത്തിന് ഇറങ്ങിത്തിരിച്ച ഒരു പാര്‍ട്ടിയേയും അതിന്റെ നേതാവിനെയും വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ രണോത്സുകത പുലര്‍ത്തുന്ന കോണ്‍ഗ്രസിനെന്തേ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മനംമാറ്റം വരുന്നത് എന്ന് ചോദിച്ചുപോവുകയാണ്. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന തരത്തില്‍ നാട്ടിലാകെ പ്രചാരണം നടത്തുകയും അതിനായി സുപ്രീംകോടതിയെ പോലും ഉപയോഗിപ്പെടുത്തുകയും ചെയ്ത പാര്‍ട്ടിയാണിപ്പോള്‍ തങ്ങളെ അധിക്ഷേപിക്കുന്നു എന്ന തരത്തില്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത്. ആര്‍ക്കെതിരെയും എന്തും പറയാം എന്നത് ഇങ്ങനെ ബൂമറാങ് ആവും എന്ന് അവര്‍ കരുതിയിരുന്നില്ല.
ഭാരതത്തില്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന പ്രാഥമിക തിരിച്ചറിവുപോലും ഇല്ലാത്തതരത്തിലാണ് കോണ്‍ഗ്രസിന്റെ നിലപാടുകളും സംസ്കാരവും. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, സുഭാഷ്ചന്ദ്രബോസ് തുടങ്ങി ഒട്ടേറെ നേതാക്കളെ അധിക്ഷേപിച്ചും അനാരോഗ്യകരമായ തരത്തില്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചും മുന്നോട്ടുപോയവര്‍ക്ക് കൈത്താങ്ങുനല്കിയവര് വസ്തുതാപരമായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ അട്ടഹസിക്കുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ പ്രമുഖനേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരപരാധികളായ ആയിരങ്ങളെ കൊലപ്പെടുത്തിയപ്പോള്‍ ‘വന്മരം വീഴുമ്പോള്‍ സമീപത്തെ ഭൂമി കുലങ്ങുന്നത് സ്വാഭാവികം’ എന്നു പറഞ്ഞത് കോണ്‍ഗ്രസ് ഓര്‍ക്കുന്നുണ്ടോ ആവോ? തങ്ങള്‍ക്ക് എന്തും പറയാം. മറ്റാര്‍ക്കും അതിന് അവകാശമില്ല എന്ന കമ്മ്യൂണിസ്റ്റ് ധാഷ്ട്യത്തിലേക്ക് കോണ്‍ഗ്രസും എത്തിച്ചേര്‍ന്നുവെന്നതാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്.
കുട്ടികളെക്കൊണ്ടുപോലും ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് വിളിപ്പിച്ച് ആവേശംകൊണ്ട നേതാവ് രക്തസാക്ഷിയെ അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ അറിയണം, ഓരോരുത്തര്‍ക്കും അന്തസ്സും അഭിമാനവുമുണ്ടെന്ന്. സമൂഹത്തിന്റെ ദുര്‍ബല മേഖലയില്‍നിന്ന് കഠിനപ്രയത്നത്തിലൂടെ ജനാധിപത്യശ്രീകോവിലില്‍ പൂജചെയ്യാന്‍ ഒരാള്‍ക്ക് അവസരം കിട്ടിയതില്‍ അസഹിഷ്ണുത കാണിക്കരുത്. അത് രാജ്യത്തിന്റെ പൊതുസംസ്കാരത്തിന് ഘടകവിരുദ്ധമാണ്. തെരഞ്ഞെടുപ്പുറാലികളില്‍ ചരിത്രവും ഭൂമിശാസ്ത്രവും വസ്ത്രവും ഭക്ഷണവും ഒക്കെ പരാമര്ശവിഷയമാവും. അത് അപമാനിക്കാനോ അവഹേളിക്കാനോ അല്ല. ഓര്‍മ്മകളുടെ സുതാര്യമായ പാത ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ്. അതില്‍ അരിശംകൊണ്ടിട്ട് കാര്യമില്ല.
വസ്തുതകള്‍ വസ്തുതകളായിതന്നെ കാണുകയാണ് നന്ന്. അതിനൊപ്പം ഒരു കാര്യംകൂടി കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണം. ആരോപണത്തിന്റെ ചൂണ്ടുവിരല്‍ പ്രതിയോഗിക്കു നേരെയെങ്കില്‍ മൂന്നുവിരല്‍ തങ്ങള്‍ക്കു നേരെയാണ് ചൂണ്ടപ്പെടുന്നതെന്ന്. ഒന്നും പറയാനില്ലാതെ വരുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ സഹതാപതരംഗമുണ്ടാക്കാനുള്ള മൂന്നാംകിട വിദ്യകള്‍ പുറത്തെടുക്കാത്തതാണ് നന്ന്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. കോണ്‍ഗ്രസിന് ഒത്താശയുമായി പിറകെ ഗമിക്കുന്ന അജണ്ടാധിഷ്ഠിത വിദ്വാന്മാരും ഇടക്കിടെ ചരിത്രവസ്തുതകള്‍ ഒന്ന് മറിച്ചുനോക്കി കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നത് നന്നാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: