കൊച്ചി: ശ്രീലങ്കയില്‍ മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ഇസ്ലാമിക ഭീകരരുടെ ചാവേറാക്രമണത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുമ്പോള്‍ മൂന്നു സേനാ വിഭാഗങ്ങളുടേയും രഹസ്യാന്വേഷണ സംഘങ്ങള്‍ കേരളത്തിലെത്തി. കര,നാവിക,വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘമാണ് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ക്യാമ്പ് ചെയ്യുന്നത്. ഐബിക്കും എന്‍ഐഎയ്ക്കും പുറമേയാണ് സൈനിക ഇന്റലിജന്‍സ് സംഘത്തേയും കേന്ദ്രം അയച്ചിരിക്കുന്നത്.
കേരളത്തില്‍ ക്യാമ്പ് ചെയ്ത് സുരക്ഷാ കാര്യങ്ങള്‍ ഏകോപിപ്പിക്കാനും സംഘത്തിന് നിര്‍ദേശം നല്കിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. അഫ്ഗാനിലെ ഐഎസ് കേന്ദ്രമായ കാബൂളില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്ന മലയാളികള്‍ നാട്ടിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ സംസ്ഥാന പോലീസിനും അറിവുള്ളതാണ്. പോലീസ് നടപടികളൊന്നും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടി.
സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് സംഘം. ഒരേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രണം നടത്തി വരവറിയിക്കുന്നതിനുള്ള പദ്ധതിയാണ് ഐഎസ് സംഘം തയാറാക്കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗം സേനകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. കേരളത്തില്‍ ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് സൈനിക ഇന്റലിജന്‍സിന്റെയും കണ്ടെത്തല്‍. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വേണ്ടി സേനകളുടെ നേതൃത്വത്തില്‍ മോക് ഡ്രില്ലുകളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എന്‍എസ്ജി കമാന്‍ഡോ സംഘം മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.
എന്‍ഐഎയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും നിരീക്ഷണം തുടരുകയാണ്. ഐഎസ് ബന്ധം കണ്ടെത്തി പാലക്കാട് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ അനുയായികളായ 20 പേരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിട്ടുണ്ട്. റിയാസിനോട് അനുഭാവം പുലര്‍ത്തിയിരുന്നവരാണ് ഇവര്‍.
ഈ സംഘം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. സംശയമുള്ളവരുടെ ഐപി അഡ്രസ്സുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്ത റിയാസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ച് കൂട്ടാളികളെ കൂടി അറസ്റ്റ് ചെയ്യാനാണ് എന്‍ഐഎ നീക്കം. റിയാസുമായി ബന്ധപ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനുള്ള എല്ലാ നടപടികളും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ ആസൂത്രണത്തിലടക്കം കേരളത്തില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന സൂചനകള്‍ പുറത്തു വരുമ്പോള്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. തലയോലപ്പറമ്പ് സ്വദേശി ബോംബു സ്ഫോടനം നടത്തുമെന്നാണ് ഡിജിപിയുടെ ഓഫീസില്‍ അജ്ഞാത സന്ദേശം എത്തിയത്.
നാലു ദിവസം മുമ്പു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് തലയോലപ്പറമ്പ് സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വീടു പരിശോധന നടത്തി. ഇന്റര്‍നെറ്റിലൂടെയാണു ഫോണ്‍ ചെയ്തതെന്ന് ഡിജിപി ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതക കേസിലെ പ്രതിയാണു തലയോലപ്പറമ്പ് സ്വദേശി എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്നതിന് സമാനമായ രീതിയില്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ സിവില്‍ വേഷത്തില്‍ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: