ആലപ്പുഴ: പി.വി. അന്‍വറിനെ മുന്‍നിര്‍ത്തി സിപിഎം, സിപിഐയെ തുടര്‍ച്ചയായി അപമാനിച്ചിട്ടും സംസ്ഥാന നേതൃത്വം വിനീതവിധേയരായി അധഃപതിച്ചതായി പാര്‍ട്ടിയിലെ ഒരുവിഭാഗം. സിപിഎമ്മിന്റെ ഏകാധിപത്യ നയങ്ങളോട് എന്നും ഏറ്റുമുട്ടിയിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനെ സെക്രട്ടറി കാനം രാജേന്ദ്രന് വല്ലപ്പോഴുമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു.
സിപിഐയെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ അന്‍വറിനെ മുന്‍നിര്‍ത്തി തകര്‍ക്കാനും അപമാനിക്കാനുമാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി ഏറനാട് മണ്ഡലത്തില്‍ മത്സരിച്ചത് സിപിഐയുടെ അഷറഫലി കാളിയത്തായിരുന്നു. എന്നാല്‍, അഷറഫലിക്ക് ലഭിച്ചത് 2700 വോട്ട് മാത്രം. ആ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച പി.വി. അന്‍വര്‍ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിലെ ഒരു വിഭാഗം അന്‍വറിന് വോട്ട് ചെയ്തെന്ന് ആക്ഷേപം ശക്തമായിരുന്നു. എന്നിട്ടും ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സിപിഐ, സിപിഎമ്മിനൊപ്പം നിന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സിപിഐയുടെ പ്രമുഖ നേതാവ് സത്യന് മൊകേരിയായിരുന്നു. ആ തെരഞ്ഞെടുപ്പിലും പി.വി. അന്‍വര്‍ സ്വതന്ത്രനായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ് 20,870 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. പി.വി. അന്‍വറിന് 37,123 വോട്ട് ലഭിച്ചു. അന്‍വര്‍ മത്സര രംഗത്തില്ലായിരുന്നുവെങ്കില്‍ സത്യന് മൊകേരി വിജയിക്കുമായിരുന്നു എന്നാണ് സിപിഐക്കാര്‍ പറയുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയെ പരിഹാസ്യരാക്കി ഇതേ അന്‍വറിനെ സിപിഎം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി. അന്‍വര്‍ 11,504 വോട്ടിന് വിജയിച്ചു.
എംഎല്‍എയായ അന്‍വറിനെ ഇത്തവണ സിപിഎം പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. ഭൂമി കൈയേറ്റത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിട്ട അന്‍വറിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ സിപിഐ നേതൃത്വം വിനീതവിധേയരായി അംഗീകരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞതോടെ സിപിഐയെ അന്‍വര്‍ ആക്ഷേപിച്ചു തുടങ്ങി. സിപിഐ ജില്ലാ നേതൃത്വവും എഐഎസ്എഫും അന്‍വറിനെതിരെ പ്രതികരിച്ചെങ്കിലും, സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിലാണ് അണികളില്‍ രോഷമുയരുന്നത്.
പിണറായി സര്‍ക്കാരിന്റെ തുടക്ക കാലത്ത് തിരുത്തല്‍ ശക്തിയായി നിലകൊണ്ട സിപിഐയും, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇപ്പോള്‍ സിപിഎമ്മിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളോട് കീഴടങ്ങിയെന്നാണ് അണികളുടെ വിമര്‍ശനം. മലപ്പുറത്ത് മാത്രമല്ല, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ അണികളില്‍ അമര്‍ഷം ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: