തിരുവനന്തപുരം : എസ്എഫ്‌ഐ ഭീഷണിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് പെണ്‍കു്ട്ടി കുറിപ്പ് എഴുതിവെച്ചത്.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കോളേജിലെ എസ്എഫ്‌ഐ നേതൃത്വം നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല ക്ലാസ്സുകളും നഷ്ടമായെന്നും പെണ്‍കുട്ടിയുടെ കുറിപ്പില്‍ പറയുന്നുണ്ട്.
വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാര്‍ന്ന് ബോധരഹിതയായ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു.
കെമിസ്ട്രി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും, അധ്യയന വര്‍ഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.
കരഞ്ഞ് പറഞ്ഞിട്ട് പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് കൊണ്ടുപോയി. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുണ് ആത്മഹത്യ പ്രേരണയ്‌ക്ക് പിന്നിലെന്നും കത്തില്‍ പറയുന്നുണ്ട്.
















