തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച ഏഴു വയസ്സുകാരന്റെ സഹോദരനെ ഒരു മാസത്തേയ്‌ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം അയക്കാന്‍ തീരുമാനിച്ചു. നിലവില്‍ അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന ഇളയകുട്ടിയെ വിട്ടുതരണ് കുട്ടിയുടെ പിതാവിന്റെ അച്ഛന്‍ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തേയ്‌ക്കാണ് സംരക്ഷണച്ചുമതല നല്‍കിയിരിക്കുന്നത്.
ശിശുക്ഷേമസമിതി അധ്യക്ഷന്‍ ജോസഫ് അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങ്ങില്‍ പരസ്പര സമ്മതത്തോടെയാണ് കുട്ടിയെ ഒരു മാസത്തേയ്‌ക്ക് അച്ഛന്റെ കുടുംബത്തോടൊപ്പം വിട്ടത്. അതേസമയം അമ്മയുടെ അമ്മയ്‌ക്ക് കുട്ടിയെ കാണാനും അനുമതി നല്‍കിയിട്ടുണ്ട്.
വേനലവധിക്ക് ശേഷം കുട്ടിയെ ആരുടെ കൂടെവിടണമെന്ന് തീരുമാനിക്കും. ജയില്‍ കഴിയുന്ന പ്രതിയും അമ്മയുടെ സുഹൃത്തുമായ അരുണ്‍ ആനന്ദിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് കുട്ടിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് ശിശുക്ഷേമ സമിതി നിര്‍ദ്ദേശം നല്‍കി.
അരുണിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴുവയസുകാരന്‍ പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഏഴ് വയസുകാരനെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചതിന് പുറമെ ലൈംഗികാതിക്രമങ്ങള്‍ക്കും വിധേയനാക്കിയതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസടുത്തിട്ടുണ്ട്.
















