കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ത്താലുകളിലെ അക്രമങ്ങളില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാന്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറും മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ശബരിമല വിഷയത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്ക് അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 325 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിപിഎം നയിക്കുന്ന ഇടതു സര്‍ക്കാരുമായുള്ള രാഷ്‌ട്രീയ എതിര്‍പ്പിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകളെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഇന്നലെ ഹര്‍ജി പരിഗണനയ്‌ക്കെടുത്ത ഹൈക്കോടതി ഇത്തരമൊരു ഹര്‍ജി നിലനില്‍ക്കുമോയെന്നും ഹര്‍ജിക്കാര്‍ക്കെതിരെയുള്ള നിരവധി കേസുകള്‍ റദ്ദാക്കാന്‍ ഒരു ഹര്‍ജി നല്‍കിയാല്‍ മതിയോയെന്നും ആരാഞ്ഞു. ഈ വിഷയം പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിനുണ്ടായ അക്രമങ്ങളിലും മൂന്നാം തീയതിയിലെ ഹര്‍ത്താലിനെത്തുടര്‍ന്നുള്ള അക്രമങ്ങളിലുമാണ് ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അഖിലേന്ത്യാ ശബരിമല കര്‍മ്മ സമിതിയുടെ വൈസ് ചെയര്‍മാന്‍മാരാണ് തങ്ങളെന്നും കെ.പി. ശശികല, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍ തുടങ്ങി 13 നേതാക്കള്‍ക്കൊപ്പമാണ് കേസെടുത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
















