തിരുവനന്തപുരം: കണ്ണൂരും കാസര്‍കോടും കള്ളവോട്ട് നടത്തിയ സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തതിന് മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടീക്കാറാം മീണയെ ക്രൂശിക്കാനൊരുങ്ങി സിപിഎം. മീണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ തിടുക്കപ്പെട്ട് കേസെടുക്കാന്‍ മീണ താത്പര്യം കാണിച്ചെന്നും ഇന്നലെചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
പിലാത്തറ 19-ാം നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ തുടങ്ങിയ ഇടങ്ങളിലെ കള്ളവോട്ട് സംബന്ധിച്ച് വിശദമായി യോഗം ചര്‍ച്ചചെയ്തു. സിപിഎമ്മിനെതിരെ സ്വീകരിച്ച നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ തിടുക്കത്തില്‍ നടപടിയെടുത്ത മീണ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് സാവകാശം നല്‍കി. മുസ്ലീം ലീഗിന് അവരുടെ വിശദീകരണം നല്‍കാന്‍ സമയം കൊടുത്തു. അതിനു ശേഷമാണ് നടപടികളിലേക്ക് പോയത്. ഇത് പക്ഷപാതപരമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടു കൂടി മീണയ്‌ക്കെതിരെ നിയമ നടപടിയ്‌ക്ക് പോകാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
















