ബെംഗളൂരു: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ കര്‍ണാടകയില്‍ ബെംഗളൂരു സ്വദേശിനിക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ട് മലയാളി വിദ്യാര്‍ത്ഥി ജെഫിന് ബിജു. 500ല്‍ 493 മാര്‍ക്ക് നേടിയാണ് ജെഫിന് ബിജുവും ബെംഗളൂരു സ്വദേശിനി അനന്യ ആര്. ബുര്ലിയും ഒന്നാംസ്ഥാനം പങ്കിട്ടത്.
എറണാകുളം ഉദയംപേരുര്‍ തൃപ്പൂണിത്തുറ കറുകപ്പിള്ളില്‍ ബിജു ജോസഫിന്റെയും മാള വടക്കന്‍ കുടുംബാംഗമായ ഡിംപിള്‍ ബിജുവിന്റെയും ഇളയമകനായ ജെഫിന് ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്നോ സ്കൂളിലെ വിദ്യാര്‍ഥിയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇന്‍ഫോര്‍മാറ്റിക് പ്രാക്ടീസ് എന്നീ വിഷയങ്ങളിലായി 98.6 ശതമാനം മാര്‍ക്ക് നേടിയാണ് ജെഫിന് ബിജു ഒന്നാം സ്ഥാനത്തെത്തിയത്.
അഖിലേന്ത്യാതലത്തില്‍ ജെഇഇയില്‍ 335 റാങ്ക് നേടിയ ജെഫിന് 27ന് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാനുള്ള ഒരുക്കത്തിലാണ്.
മദ്രാസ് ഐഐടിയില്‍ രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ് വിദ്യാര്‍ഥിയായ സഹോദരന് എമില്‍ ബിജുവിന്റെ പാത പിന്തുടര്ന്ന് മദ്രാസ് ഐഐടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും പിന്നീട് ബിരുദാനന്ദര ബിരുദവും എടുക്കണമെന്നതാണ് ആഗ്രഹം.
പത്തുവര്‍ഷമായി മുരുഗേഷ് പാളയയിലാണ് കുടുംബം താമസിക്കുന്നത്. ജി.ഇ ഹെല്‍ത്ത് കെയര്‍ കമ്പനിയിലെ ട്രെയിനി ഹെഡാണ് ജെഫിന്റെ അച്ഛന് ബിജു ജോസഫ്.
ബെംഗളൂരുവില്‍ എന്‍ജീനിയറിങ് കോളജ് ലക്ച്ചററായിരുന്ന അമ്മ ഡിംപില്‍ മക്കളെ പഠനത്തില്‍ സഹായിക്കുന്നതിനായി ജോലി രാജിവെയ്ക്കുകയായിരുന്നു. മാതാപിതാക്കളുടെയും സഹോദരന് എമില്‍ ബിജുവിന്റെയും പിന്തുണയാണ് ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായകമായതെന്ന് ജെഫിന് പറഞ്ഞു.
കമ്പ്യൂട്ടര്‍ സയന്‍സിലെ പഠനത്തിനുശേഷം കൃത്രിമ ബുദ്ധിയെക്കുറിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദേശത്തുപോയി ഗവേഷണം നടത്തണമെന്നാണ് ജെഫിന്റെ സ്വപ്നം.
പാട്ടുകേള്‍ക്കുന്നതും നോബേല്‍ സമ്മാന ജേതാക്കളുടെ ഉള്‍പ്പെടെ പ്രശസ്തരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതുമാണ് വിനോദം.
ജെഫിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട അനന്യ ആര് ബുര്‍ലി, ഹുളിമാവ് ബിജിഎസ് നാഷനല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. അരെകരെ സ്വദേശിയായ രഘു ബുര്‍ലിയുടെയും വിജുത ബുര്‍ലിയുടെയും മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: