മെയ് ഒന്ന് ലോക തൊഴിലാളിദിനമാണല്ലോ. എണ്‍പതോളം രാജ്യങ്ങള്‍ വേതനത്തോടെയുള്ള അവധിദിനമായി മെയ് ഒന്ന് അംഗീകരിച്ചിട്ടുണ്ട്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856ല്‍ ഓസ്ട്രേലിയായില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന വാദവുമുണ്ട്.
അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലിസമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
1923ല്‍ ചെന്നൈയിലാണ് ആദ്യമായി മെയ്ദിനം തൊഴിലാളിദിനമായി ആചരിച്ചത്. വിപി സിംഗ് പ്രധാനമന്ത്രിയായിരിക്കെ എംഡിഎംകെ നേതാവ് വൈക്കോ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ മെയ് ഒന്ന് പൊതു അവധിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പതിറ്റാണ്ടുകള്‍ സിപിഎം ഭരിച്ച ത്രിപുരയില്‍ മെയ്ദിനാഘോഷങ്ങളില്ലെന്നത് ശ്രദ്ധേയമാണ്.
കേരളത്തില്‍ മെയ്ദിനത്തില്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കക്ഷികളും അവരുടെ തൊഴിലാളി സംഘടനകളും ഘോഷമായിത്തന്നെ മെയ്ദിനം ആചരിക്കുന്നു. ഭാരതീയ സങ്കല്പമനുസരിച്ച് വിശ്വകര്മ്മദിനത്തിലാണ്് തൊഴിലാളിദിനാചരണം. അത് സെപ്തംബര്‍ 17 നാണ്. ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും തൊഴിലാളികളും സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിലാളി ദിനമായും ആചരിച്ചു പോരുന്നു. ഭാദ്ര ശുദ്ധ പഞ്ചമി – ഋഷിപഞ്ചമി – ദിനമാണ് വിശ്വ കര്‍മ്മ ജയന്തി ദിനമായി അറിയപ്പെടുന്നതെങ്കിലും ദേശീയ തൊഴിലാളി ദിനം ആചരിക്കുന്നത് കൊണ്ടാണ് അത് സ്ഥിരമായി സെപ്തംബര്‍ 17 എന്നാക്കിയത്. ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന് സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്റെ വിശ്വസ്വരൂപ ദര്‍ശനം നല്കി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് വിശ്വകര്‍മ്മ ജയന്തി കൊണ്ടാടുക. ക്രിസ്തു വര്‍ഷത്തെ ആധാരമാക്കിയുള്ള കാലഗണനയാണ് ആഘോഷത്തിന്റെ ഏകീകരണത്തിനും തൊഴിലാളികളുടെ ഒഴിവു ദിനത്തിനുമെല്ലാം സൗകര്യമുള്ളത് എന്നതുകൊണ്ടാണ് സെപ്തംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയായി മാറിയത്.
വന്‍കിട യന്ത്രങ്ങളുടെ സഹായമില്ലാതെ ഭാരതത്തിലെ സാധാരണക്കാര്‍ മണ്ണുകൊണ്ടും മരം കൊണ്ടും പരുത്തി കൊണ്ടും ചകിരി കൊണ്ടുമെല്ലാം ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് സമൂഹത്തിന് നല്‍കിയിരുന്നു. ഈ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഗുരുവായും മാതൃകാ ആചാര്യനായും വിശ്വകര്‍മ്മാവിനെ മനസില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചു പോരുന്നു. തച്ച് ശാസ്ത്രത്തിലും ശില്പ ചാരുതയിലും ലോഹപ്പണിയിലും മറ്റ് കരകൗശല വിദ്യകളിലും എല്ലാം ലോകാതിശയിയായ സിദ്ധികള്‍ തലമുറകളായി കൈമാറുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ അഭിമാന പൂര്‍വം പറയുന്നു, അവര്‍ വിശ്വകര്‍മ്മാവിന്റെ പിന്മുറക്കാരും ശിഷ്യന്മാരുമാണെന്ന്. ആധുനിക യന്ത്രങ്ങള്‍ക്കും വ്യാവസായിക വിപ്ലവങ്ങള്‍ക്കുമൊക്കെ പിന്നില്‍ സാധാരണ മനുഷ്യരുടെ വിശ്വാസ പ്രമാണങ്ങളും ബുദ്ധിയും വികസിപ്പിച്ചെടുത്ത പ്രായോഗിക തത്വശാസ്ത്രമാണ് ഉള്ളത്. കോടിക്കണക്കിനുള്ള ഇത്തരം ഗ്രാമീണ തൊഴിലാളികള്‍ക്കും യുഗങ്ങളായി അവരെ സാമൂഹിക സേവനത്തിന് പ്രേരിപ്പിച്ച വിശ്വാസത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴില്‍ ദിനമായി ആചരിക്കുന്നത്.
ഭാരതീയ സംസ്കാരത്തിലും ഉറച്ച ദേശീയതയിലും വിശ്വസിച്ച് മുന്നേറുന്ന ജന്മഭൂമി എന്തേ മേയ് ഒന്ന് അവധിയാക്കി ആഘോഷിച്ചു? രണ്ടാം തീയതി പത്രം ലഭിക്കാതിരുന്നപ്പോള്‍ പലരും ഉന്നയിച്ച സംശയമായിരുന്നു അത്. ജന്മഭൂമി കൊച്ചിയില്‍ നിന്ന് സ്വന്തം പ്രസില്‍ അച്ചടിച്ചപ്പോള്‍ മെയ് ഒന്ന് അവധിയായിരുന്നില്ല. ഇന്ന് എഡിഷന് എട്ടായി. ഏഴ് എഡിഷനും അച്ചടിക്കുന്ന് മറ്റ് പ്രസ്സുകളില്‍ നിന്നാണ്. പ്രസിലെ തൊഴിലാളികള്‍ മെയ്ദിന അവധി ആസ്വദിക്കുമ്പോള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് മെയ് ഒന്നിന് ജന്മഭൂമി അവധി നല്കി സ്ഥാപനത്തില്‍ പണിയെടുക്കുന്നവരുടെ സംഗമം വര്‍ഷങ്ങളായി നടത്തുകയാണ്. ഇത്തവണ എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന സംഗമം പ്രത്യേകം ശ്രദ്ധേയമായിരുന്നു.
ഒന്നര പതിറ്റാണ്ടുമുമ്പ് പ്രവര്‍ത്തകസംഗമം നടക്കുമ്പോള്‍ നൂറില്‍ താഴെ ഇരിപ്പിടം മതിയായിരുന്നു. ഇപ്പോഴത് ആയിരത്തിലധികം വേണം. മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് ജന്മഭൂമിയുടെ വളര്‍ച്ചയുടെയും ഭാവിവികാസത്തിന്റെയും നഖചിത്രം അവതരിപ്പിച്ചശേഷമായിരുന്നു ജന്മഭൂമിയുടെ സാരഥികൂടിയായിരുന്ന മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനംരാജശേഖരന് മുഖ്യ പ്രഭാഷണം നടത്തിയത്. സാരഗംഭീരമായിരുന്നു പ്രസംഗം. ജന്മഭൂമിയുടെ ലക്ഷ്യവും ദൗത്യവും വിവരിച്ച കുമ്മനത്തിന്റെ പ്രഭാഷണം ഭാസ്കരീയത്തില്‍ അലയടിച്ചുകൊണ്ടിരിക്കെ ആശംസ അര്‍പ്പിക്കാന്‍ ഈ ലേഖകനെ വിളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരുനിമിഷം സ്തംഭിച്ചുപോയി. മാനേജിംഗ് എഡിറ്റര്‍ ഉമാകാന്ത്, എഡിറ്റര്‍ ടി.അരുണ്‍കുമാര്‍, ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ എന്നിവര്‍ ഇരിക്കുന്നവേദിയില് ഇനി എന്തുപറയണമെന്ന ശങ്ക. സര്‍വസ്പര്‍ശിയായിരുന്നു കുമ്മനത്തിന്റെ പ്രഭാഷണമെന്നതിനാല് ഞാനെന്ത് പറഞ്ഞാലും അത് അപ്രസക്തമാകും. അതങ്ങനെയാണല്ലോ. സൂര്യന് ഉദിച്ചാല്‍ മിന്നാമിനുങ്ങിനും നക്ഷത്രത്തിനും എവിടെ ശോഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: