മുന്‍പേ തന്നെ ദേവസേനയെ(സൈന്യത്തെ) വധുവായി സ്വീകരിച്ച് താരകാദി അസുരകളില്‍ നിന്നും ദേവന്മാരെ സംരക്ഷിച്ചവനാണ് ശ്രീമുരുകന്.
മുരുകന് അഴകാര്‍ന്നവനാണ്. ചെറുപ്രായവുമാണ്. ശ്രീപരമേശ്വരന്റെ നേരെപ്പോലും കാമബാണപ്രയോഗങ്ങള്‍ നടത്തിയ കാമദേവന് ഈ അഴകിന് മാസ്മരികമായ ആകര്‍ഷണീയതയും പകര്‍ന്നു കൊടുത്തു. അതിനാല്‍ ആരു കണ്ടാലുമൊന്നു നോക്കും. ആ നോട്ടത്തില്‍ കണ്ണുകള്‍ തമ്മിലുടക്കും.
കാമദേവന്റെ കൈവശം മാധുര്യമേറിയ കരിമ്പു വില്ലുണ്ട്. വാസനകള്‍ ഉളവാക്കാന്‍ കഴിവുള്ള ബാണങ്ങളും. അരവിന്ദം, അശോകം, ചൂതം (മാവ്), നവമാലിക, നീലോല്പലം ഇവയോരോന്നും സമയാസമയം നോക്കിയും നോക്കാതെയും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ് കാമദേവന്.
മുരുകന് കുമാരനാണ്. മാരന്റെ കുല്സിതശ്രമങ്ങള് എളുപ്പം ഏല്ക്കുന്ന സമയം. വഴുതിപ്പോകാനെളുപ്പം.
ശൂരപത്മാസുരനെ വധിച്ച് തിരിച്ചു വന്ന കുമാരനെക്കുറിച്ച് ശ്രീവള്ളിയും പലതും കേട്ടു. മുരുകനെ കാണാന്‍ ഒരു കൗതുകം. പക്ഷേ കേട്ടറിവു മാത്രമേയുള്ളൂ. ആളെ നേരില്‍ കണ്ടിട്ടില്ല. കണ്ടാല്‍ എങ്ങനെ ഇരിക്കുമെന്നും അറിയില്ല. മോഹം ഉള്ളില്‍ ഒതുക്കി അവസരത്തിനായി കാത്തിരിക്കുക തന്നെ. ഈ കാത്തിരിപ്പിനിടയിലാണ് ത്രികാലജ്ഞാനിയായ ശ്രീനാരദമഹര്‍ഷി അവിടെ എത്തിയത്. നാരദമഹര്‍ഷി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന പലസംഭവങ്ങളും വിവരിച്ചു.
ഇതോടെ ശ്രീവള്ളിയുടെ ഉള്ളില്‍ മോഹാഗ്നികള് കൂടുതല്‍ ചിറകുവിരിച്ചു. ആ അഗ്നിച്ചിറകുകളില്‍ അവള് പറന്നുയര്‍ന്നു. ഇടയ്ക്ക് അതേപോലെ താഴേക്ക് വന്നു. ചിരിയും കരച്ചിലും മാറിമാറി വരുന്നത് നാരദമഹര്‍ഷി ശ്രദ്ധിക്കാതിരുന്നില്ല. എന്നാല്‍ അറിയാത്ത ഭാവം തുടര്‍ന്നു.
തനിക്ക് ചില വിഷമാവസ്ഥകളുണ്ടെന്നുമാത്രം ശ്രീവള്ളി നാരദഋഷിയെ അറിയിച്ചു. അതിനു പരിഹാരമായി ചില വ്രതനിഷ്ഠകള്‍ മഹര്‍ഷി ശ്രീവള്ളിക്ക് പറഞ്ഞു കൊടുത്തു. വ്രതവിതാനങ്ങളെല്ലാം ഉപദേശിച്ചു. ചില ജാതകവിശേഷങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. ജന്മാന്തരകാര്യങ്ങളും ജന്മലക്ഷ്യങ്ങളും പരാമര്‍ശിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: