തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍. പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
2017 -ല്‍ തലശ്ശേരിയിലെ ഒരു സ്‌കൂളില്‍ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത് വിവാദം ആയതിനെ തുടര്‍ന്ന് ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഈ നിര്‍ദ്ദേശം.
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഈ ഉത്തരവ്. 12 വരെയുള്ള ക്ലാസുകളില്‍ നിലവില്‍ ഫോണ്‍ ഉപയോഗത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. ക്ലാസ് സമയത്ത് അധ്യാപകരും ഫോണ്‍ ഉപയോഗിക്കരുതെന്നും ഡിപിഐയുടെ സര്‍ക്കുലറുണ്ട്.
എന്നാല്‍ ഇത് കൃത്യമായി പലയിടത്തും പാലിക്കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. സ്‌കൂളുകള്‍ നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ വുകപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
















