കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കല്ല്യാശേരി നിയമസഭാ മണ്ഡലത്തിലെ മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടു ബൂത്തുകളില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു സ്ഥിരീകരിച്ചു.
വെബ് ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കള്ളവോട്ട് സ്ഥിരീകരിച്ചത്. ജില്ലയിലെ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളില്‍ ലീഗുകാര്‍ കൂട്ടത്തോടെ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരാള്‍ രണ്ടും മൂന്നും വോട്ടുകളാണ് ചെയ്തത്. ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 69-ാം ബൂത്തിലെ 387-ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്ത്തകന് മുഹമ്മദ് ഫായിസ് എഴുപതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യമാണ്ആദ്യം പുറത്തുവന്നത്. സ്വന്തം ബൂത്തായ 69-ാം നമ്പറിലും ഇയാള്‍ വോട്ടു ചെയ്തു.
69-ാം ബൂത്തിലെ 76-ാം നമ്പര്‍ വോട്ടറായ കെ.എം. ആഷിഖ് ഈ ബൂത്തില്‍ പലതവണ വോട്ടു ചെയ്തു. കള്ളവോട്ടു ചെയ്യുന്നതിനെ എല്‍ഡിഎഫ് ഏജന്റ് ചോദ്യം ചെയ്തപ്പോള്‍ മുഹമ്മദ് ഫായീസും സംഘവും ഭീഷണിപ്പെടുത്തി. ഒരു വോട്ട് ചെയ്ത ആഷിഖ് ബൂത്തില്‍നിന്ന് പുറത്തു പോകാതെ വീണ്ടും ക്യൂവില്‍നിന്ന് രണ്ടാമത്തെ വോട്ട് ചെയ്തു. ഈ സമയം ലീഗ് പ്രവര്‍ത്തകനായ ചൂട്ടാടെ സൈനു പുതിയൊരു സ്ലിപ്പ് കൈമാറി. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോയത്.
തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എല്‍പി സ്കൂളിലെ 166-ാം നമ്പര്‍ ബൂത്തില്‍ മാത്രം വിദേശത്തുള്ള 28 പേരുടെ വോട്ടുകള്‍ ചെയ്തു. ലീഗുകാരായ മര്‍ഷാദ്, അസ്ലം മാട്ടുമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വോട്ട് ചെയ്തത്. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ അക്കിപ്പറമ്പ് യുപി സ്കൂളിലെ 77-ാം നമ്പര്‍ ബൂത്തില്‍ അഞ്ച് പേര് കള്ള വോട്ട് ചെയ്തു, സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ട് ബൂത്തുകളിലും ടാഗോര്‍ വിദ്യാനികേതനിലെ നാല് ബൂത്തുകളിലും തളിപ്പറമ്പ് ഇഎംപി സ്കൂള്‍, ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായി എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലും വ്യാപമായി ലീഗുകാര്‍ കള്ളവോട്ട് ചെയ്തു. സിപിഎം കള്ളവോട്ടിനെതിരെ രംഗത്തിറങ്ങിയ യുഡിഎഫും സമാന ആരോപണത്തില്‍ കുടുങ്ങി പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: