എണ്‍പതുകളുടെ അവസാനങ്ങളിലെ ആദ്യ ടീനേജ് സംവിധായകന് എന്ന് ഖ്യാതി നേടിയ പരസ്യ- ഹ്രസ്വ ചിത്ര സംവിധായകന് മുഹമ്മദ് ഷായുടെ പാണിഗ്രഹണത്തിലുടെ മീരാ വാസുദേവ് വീണ്ടും നായികയാകുന്നു. വെഡ്ഡിങ് സ്റ്റുഡിയോ ആയ സൂം ആര്‍ട്ടിന്റെ ബാനറില്‍ ടി.എം. സുനിലും ഹക്കിം സല് സബീലും ചേര്‍ന്ന് നിര്‍മ്മിച്ച പാണിഗ്രഹണം എന്ന ചലച്ചിത്രം തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോണ്ടാക്ട് സംരംഭമായ ലെസ്സണ്‍സ് എന്ന ആന്തോളജി ചലച്ചിത്രത്തിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് പാണിഗ്രഹണം. 2016 ലെ കോണ്ടാക്ട് തിരക്കഥാ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ശ്രീല ഇറമ്പലിന്റെ ‘ഭ്രഷ്ട്’ എന്ന തിരക്കഥയെ അവലംബിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനിതര സാധാരണമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ ചുരുളഴിയുന്നത്. വിക്രമാദിത്യന്, പുലിമുരുകന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സന്തോഷ് കീഴാറ്റൂരാണ് ചിത്രത്തിലെ നായകന്.
കലാഭവന്‍ റഹ്മാന്, അഹമ്മദ് മുസ്ലിം, ടി.ടി. ഉഷ, മായാ സുകു, ബേബി ഗൗരി കൃഷ്ണ, ഷംനാദ് അലിഖാന്, അനില്‍ നെയ്യാറ്റിന്‍കര, ഷഹീന് സുല്‍ത്താന്‍, സുധീര്‍ സാരസ്യ, വിജയന് കുഴിത്തുറ, മണികണ്ഠന് നായര്‍, ശാസ്തമംഗലം മോഹന്‍, രാജ്കുമാര്, അഖിലേഷ് എസ് നായര്‍, മുരുകേഷ് തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മുഹമ്മദ് ഷായും, ശ്രീലാ ഇറമ്പിലും ചേര്‍ന്നാണ് കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്നത്, ഉദയന്‍ അഞ്ചലാണ് പശ്ചാത്തല സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: