കൊച്ചി: കേരളത്തില്‍ അക്രമണം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന സ്ഥാപനങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. നഗരങ്ങളില്‍ പോലീസ് പ്രത്യേക പട്രോളിങ്ങും തുടങ്ങി.
ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസും സ്പെഷല്‍ ബ്രാഞ്ചും ശേഖരിക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലകളില്‍ പരിശോധനകളുമുണ്ട്, ആറുമാസത്തിനിടയില്‍ സമാന മുന്നറിയിപ്പുണ്ടാകുന്നത് ഇത് മൂന്നാം തവണയാണ്. കടലിലൂടെയുള്ള ആക്രമണത്തിനാണ് സാധ്യതയെന്നും ഐബി കരുതുന്നു. മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയാണ് പതിവ്.
എന്നാല്‍, ഇക്കുറി ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനും സുരക്ഷാ സേനകള്‍ക്കും അടിയന്തര സാഹചര്യം നേരിടാനുള്ള മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിക്കാനാണ് നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ കോസ്റ്റ് ഗാര്‍ഡിന്റെ ചെറിയ കപ്പലുകളേയും നിരീക്ഷണത്തിന് വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക പട്രോളിങ് കപ്പലായ സി -441 ഉപയോഗിച്ചുള്ള നിരീക്ഷണമാണ് പ്രധാനമായും നടക്കുന്നത്. കന്യാകുമാരി മുതല്‍ മംഗലാപുരം തീരം വരെ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണ വലയത്തിലാണ്. എറണാകുളം കണ്ണമാലി മുതല്‍ ഗോവ വരെയുള്ള പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് ദക്ഷിണ നാവിക സേനയുടെ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
ബോട്ടുകള്‍ നിരീക്ഷണത്തില്‍
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകളും നിരീക്ഷിക്കുന്നുണ്ട്. ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകളില്‍ അധികവും തീരത്തുണ്ട്. പുറംകടലിലുള്ള ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച വിഴിഞ്ഞം ഉള്‍ക്കടലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: