തിരുവനന്തപുരം: കള്ളവോട്ടിനെതിരെ ഗത്യന്തരമില്ലാതെ നടപടിക്ക് തുനിഞ്ഞതോടെ ഇടതു-വലതുമുന്നണികള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്കെതിരെ തിരിഞ്ഞു. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അനുകൂലമായി നിന്ന് ബിജെപിക്കെതിരെ തിരിഞ്ഞ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
സിപിഎമ്മും മുസ്ലിംലീഗും കള്ളവോട്ട് ചെയ്തെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവന്നതോടെ മറ്റു മാര്‍ഗമില്ലാതായ ടീക്കാറാം മീണ കള്ളവോട്ട് ചെയ്തവര്‍ക്ക് എതിരെ നടപടി ആരംഭിച്ചു. കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്ന് മീണ പറഞ്ഞതോടെ ഇടതുപക്ഷ-ലീഗ് നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന എല്‍ഡിഎഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് തിങ്കളാഴ്ച തന്നെ മീണ നിര്‍ദേശം നല്‍കിയിരുന്നു.
കള്ളവോട്ടുമായി ബന്ധപ്പെട്ട് പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ നേതാക്കള്‍ പരാതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അവ പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് എന്നിവര്‍ നേരിട്ട് രംഗത്തുവന്നു. ബിജെപിയുടെ പരാതിയില്‍ ചെവികൊടുക്കാതിരുന്ന മീണയെ കോടിയേരി പ്രശംസിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫിനെതിരെ കള്ളവോട്ട് ആരോപണവും തെളിവും പുറത്തുവന്നതോടെ കോടിയേരി മീണയ്ക്കെതിരെ വാളോങ്ങുകയായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വ്യാജ പരാതിയില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേസെടുത്തിരുന്നു. എന്നാല്‍ തര്‍ജമ ചെയ്തതില്‍ കള്‍ച്ചറല്‍ ഗണ്‍ എന്ന പദം കൂട്ടിച്ചേര്‍ത്ത് മസാലാ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. തിരുവനന്തപുരം, ആറ്റിങ്ങള്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാനും തടയാനും ശ്രമിച്ച ഇടതുവലതു മുന്നണികള്‍ക്കെതിരെ ബിജെപി നല്കിയ പരാതിയിലും കാര്യക്ഷമമായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപ്പെട്ടിരുന്നില്ല. മറ്റു സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അനധികൃതമായി പതിപ്പിച്ചപ്പോള്‍ നിയമാനുസൃതമായി സ്ഥാപിച്ച ബിജെപിയുടെ ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മീണയുടെ ഒത്താശയോടെ എടുത്തുമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: